08 December Wednesday

മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പരിശീലകൻ സോൾചെയറിന്റെ സ്ഥാനം തെറിച്ചേക്കും ; കോന്റെ, സിദാൻ, ടെൻ ഹാഗ് എന്നിവർ പരിഗണനയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

photo credit Ole Gunnar Solskjaer twitter


ലണ്ടൻ
മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പരിശീലകൻ ഒലെ ഗുണ്ണാർ സോൾചെയറിന്റെ കസേര ഇളകുന്നു. ഓൾഡ്‌ ട്രാഫോർഡിൽ ലിവർപൂളിനോട്‌ അഞ്ച്‌ ഗോളിന്‌ തകർന്നതിനുപിന്നാലെയാണ്‌ യുണൈറ്റഡ്‌ സോൾചെയറിനെ പുറത്താക്കാനുള്ള ആലോചനകൾക്ക്‌ തുടക്കമിട്ടത്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ഒമ്പതു കളിയിൽ 14 പോയിന്റുമായി ഏഴാമതാണ്‌ യുണൈറ്റഡ്‌. അവസാന നാലിൽ മൂന്നിലും തോറ്റു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ ലോകോത്തര നിരയുണ്ടായിട്ടും ടീം മെച്ചപ്പെടാത്തതാണ്‌ സോൾചെയർ നേരിടുന്ന പ്രധാന വിമർശം. പ്രതിരോധനിരയിലെ വീഴ്‌ചയും സ്ഥിരം കളിശൈലി ഇല്ലാത്തതും ആരാധകരും മുൻതാരങ്ങളും ചോദ്യം ചെയ്യുന്നുണ്ട്‌.

സോൾചെയറിൽ പൂർണവിശ്വാസം അർപ്പിച്ചായിരുന്നു യുണൈറ്റഡ്‌ സീസൺ ആരംഭിച്ചത്‌. കരാർ മൂന്നുവർഷത്തേക്ക്‌ നീട്ടിനൽകി. റൊണാൾഡോ, റാഫേൽ വരാനെ, ജെയ്ഡെൻ സാഞ്ചോ എന്നീ പ്രമുഖരെ ടീമിൽ എത്തിച്ചു. എന്നാൽ, കളത്തിൽ കടലാസിലെ കരുത്ത്‌ കണ്ടില്ല. ഒത്തിണക്കമില്ലാതെ ടീം പതറി. 15 ഗോളാണ്‌ ഇതുവരെ വഴങ്ങിയത്‌. സെൻട്രൽ ഡിഫൻസീവ്‌ മിഡ്‌ഫീൽഡറുടെ അഭാവമാണ്‌ യുണൈറ്റഡിനെ തളർത്തുന്നത്‌. പക്ഷേ, ജയിക്കേണ്ട കളിപോലും പലപ്പോഴും കൈവിട്ടു.

എല്ലാത്തിന്റെയും പ്രതിസ്ഥാനത്ത്‌ സോൾചെയറാണ്‌. കളിക്കാർക്ക്‌ നാൽപ്പത്തെട്ടുകാരനിലുള്ള വിശ്വാസം നഷ്ടമായി. 2013ൽ അലെക്‌സ്‌ ഫെർഗൂസൺ പടിയിറങ്ങിയതിനുശേഷം യുണൈറ്റഡ്‌ പരീക്ഷിക്കുന്ന നാലാമത്തെ പരിശീലകനാണ്‌ സോൾചെയർ. ഡേവിഡ്‌ മൊയെസ്‌, ലൂയിസ്‌ വാൻഗാൽ, ഹൊസെ മൊറീന്യോ എന്നീ മൂന്നുപേരെയും സീസൺ പാതിയിൽ പുറത്താക്കി. 2018ൽ മൊറീന്യേക്കുപകരം താൽക്കാലിക ചുമതല ഏറ്റെടുത്താണ്‌ മുൻതാരംകൂടിയായ സോൾചെയർ എത്തുന്നത്‌. പിന്നാലെ നോർവെക്കാരനെ സ്ഥിരപ്പെടുത്തി. സോൾചെയറിനുപകരമായി സിനദിൻ സിദാൻ, അന്റോണിയോ കോന്റെ എന്നിവരാണ്‌ യുണൈറ്റഡിന്റെ പരിഗണനയിലുള്ള പേരുകൾ. അയാക്‌സിന്റെ എറിക്‌ ടെൻ ഹാഗും വലയത്തിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top