19 February Tuesday

ട്രാക്കിൽ കൊയ്‌ത്ത്‌ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

ട്രിപ്പിൾ ജമ്പിൽ ഇന്ത്യൻ താരം അർപിന്ദർ സ്വർണം നേടുന്നു


ജക്കാർത്ത
ജക്കാർത്തയിലെ അത്്ലറ്റിക്സ് വേദിയിൽ ഇന്ത്യൻതാരങ്ങൾ മികവ് തുടരുന്നു. ബുധനാഴ്ച പത്തരമാറ്റുള്ള രണ്ടു സ്വർണവും ഒരുവെള്ളിയും ട്രാക്കിൽനിന്ന് രാജ്യത്തിന്റെ മെഡൽശേഖരത്തിൽ എത്തി. അർപിന്ദറിന്റെയും സ്വപ്നയുടെയും ഒന്നാംസ്ഥാനത്തോടെ അത്ലറ്റിക്സിൽനിന്നുള്ള സ്വർണമെഡൽ അഞ്ചായി. 48 വർഷത്തിനുശേഷമാണ് ട്രിപ്പിൾ ജമ്പിൽ ഇന്ത്യൻതാരം മെഡൽ നേടുന്നത്. 1970ൽ മൊഹിന്ദർ ഗില്ലാണ് ട്രിപ്പിളിൽ ഒടുവിൽ രാജ്യത്തിനായി മെഡൽ നേടിയത്. ഹെപ്റ്റാത്ലണിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കോഡ് സ്വപ്ന ബർമൻ സ്വന്തമാക്കി.

അർപിന്ദർ മെഡൽ ഉറപ്പിച്ചിരുന്നു. ചൈനീസ് താരങ്ങളിൽനിന്ന് വലിയ വെല്ലുവിളി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മൂന്നാംശ്രമത്തിൽ ചാടിയ 16.77 മീറ്റർ സ്വർണത്തിൽ എത്തിച്ചു. ഉസ്ബക്കിസ്ഥാന്റെ റുസ്ലൻ കുർബനേവ് (16.56) രണ്ടും ചൈനയുടെ ഷുവോ കാവോ (16.56) മൂന്നും സ്ഥാനം നേടി. ഈയിനത്തിൽ മത്സരിച്ച മലയാളിതാരം എ വി രാകേഷ് ബാബു (16.40) ആറാമതായി.

കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ അഞ്ചാംസ്ഥാനത്ത് ഒതുങ്ങിയ അർപിന്ദറിന് ഒന്നാംസ്ഥാനം മികച്ച തിരിച്ചുവരവായി. എങ്കിലും തന്റെ മികച്ച ദൂരത്തിന് (17.17) അടുത്തെങ്ങും എത്താൻ ഇരുപത്തഞ്ചുകാരനു സാധിച്ചില്ല. ആദ്യത്തെയും അവസാനത്തെയും ശ്രമങ്ങൾ ഫൗളായതും തിരിച്ചടിയായി. രണ്ടാംചാട്ടത്തിൽ 16.58 മീറ്റർ കടന്നു.

നേരത്തെ റിയോ ഒളിമ്പിക്സിന് യോഗ്യത നേടാനാകാതെ പോയത് അർപിന്ദറിനെ നിരാശനാക്കി. വിദേശപരിശീലകർക്ക് ഈ ചാട്ടക്കാരന്റെ മികവ് പുറത്തെടുക്കാൻ കഴിയാത്തതാണ് തിരിച്ചടിയായത്. കഴിഞ്ഞ മൂന്നുമാസമായി തിരുവനന്തപുരം കാര്യവട്ടത്തെ സായ്കേന്ദ്രത്തിൽ പരിശീലനത്തിലായിരുന്നു അർപിന്ദർ. ഇവിടെനിന്നാണ് ജക്കാർത്തയിലേക്കുപോയത്. അമൃത്സറിലെ ഹർസചിന്നസ്വദേശിയാണ്.

കടുത്ത പല്ലുവേദന അതിജീവിച്ച് സ്വപ്ന ബർമൻ നേടിയ സ്വർണത്തിന് തിളക്കമേറെ. ഏഴിനങ്ങളിൽനിന്ന് 6026 പോയിന്റുമായി ഇരുപത്തൊന്നുകാരി ഒന്നാമതെത്തി. ഈയിനത്തിൽ മറ്റൊരു ഇന്ത്യൻതാരം പൂർണിയ ഹെബ്രാം (5837 പോയിന്റ്) നാലാമതായി. ചൈനയുടെ ക്വിങ്ലിങ് (5954) വെള്ളിയും ജപ്പാന്റെ യമസാക്കി(5873) വെങ്കലവും നേടി.

വേദനകുറയ്ക്കാൻ താടിയിൽ പ്ലാസ്റ്ററുമായാണ് സ്വപ്ന മത്സരിച്ചത്. ഇരുകാലിലുമായി ആറുവിരൽ വീതമുള്ള സ്വപ്ന ഹൈജമ്പിലും ജാവലിനിലും ഒന്നാമതെത്തി. ഷോട്ട്പുട്ടിലും ലോങ്ജമ്പിലും രണ്ടാമതും. 100, 200 ഇനങ്ങളിൽ ഏഴാമതായി. 800ൽ നാലാമതും. സോമ ബിശ്വാസ് (വെള്ളി), ജെ ജെ ശോഭ, പ്രമീള അയ്യപ്പ (ഇരുവരും വെങ്കലം) എന്നിവരാണ് ഹെപ്റ്റാത്ത്ലണിൽ നേരത്തെ മെഡൽ നേടിയ ഇന്ത്യക്കാർ.

സ്വപ്ന കഴിഞ്ഞവർഷം ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. പശ്ചിമ ബംഗാളിലെ ജയ്പാൽഗുഡി സ്വദേശിയാണ്. ദരിദ്ര്യകുടുംബാംഗമായ താരം ഏറെ പ്രതിബന്ധങ്ങൾ മറികടന്നാണ് കളക്കളത്തിൽ മുന്നേറുന്നത്.

ടേബിൾടെന്നീസ് മിക്സഡ് ഡബിൾസിൽ അചന്ത ശരത് കമൽ‐ മാനിക ബത്ര സഖ്യം സെമിഫൈനലിൽ ചൈനീസ് സഖ്യത്തോട് പരാജയപ്പെട്ടു. എങ്കിലും ടേബിൾടെന്നീസ് മിക്സഡ് ഡബിൾസിൽ രാജ്യത്തിന്റെ ആദ്യമെഡലിന് ഇവർ അർഹരായി.800 മീറ്റർ സ്വർണജേതാവ് മഞ്ജിത് സിങ്ങും വെള്ളിനേട്ടക്കാരൻ മലയാളിതാരം ജിൻസൺ ജോൺസണും 1500 മീറ്ററിന്റെ ഫൈനലിൽ കടന്നു. രണ്ട് ഹീറ്റ്സിലായി ഒന്നാമതാണ് ഇരുവരും ഫിനിഷ്ചെയ്തത്. 1500 മീറ്റർ ഫൈനൽ ഇന്ത്യക്കാർ തമ്മിലുള്ള പോരാട്ടമാകാൻ സാധ്യതയേറെ. 4‐400 മീറ്റർ പുരുഷവിഭാഗം റിലേയിൽ ഇന്ത്യൻസംഘം ഫൈനലിൽ കടന്നു. ഈയിനത്തിലും മെഡൽ ഉറപ്പാണ്.

പുരുഷ ഹാൻഡ്ബോളിൽ ഇന്ത്യ ആതിഥേയരായ ഇന്തോനേഷ്യയെ തകർത്തു (37‐23). കയാക്കിങ് 1000 മീറ്റർ ഫൈനലിന് ഇന്ത്യയുടെ പുരുഷടീം യോഗ്യത നേടി. നടത്ത മത്സരങ്ങളിൽ മലയാളിതാരങ്ങളായ കെ ടി ഇർഫാനും സൗമ്യ ബേബിയും അയോഗ്യരായത് തിരിച്ചടിയായി.

പ്രധാന വാർത്തകൾ
 Top