21 October Wednesday

തുടക്കം മിന്നി ; ബാഴ്‌സലോണയ്‌ക്ക്‌ തെളിച്ചം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


നൗകാമ്പ്‌
അസ്വസ്ഥതകൾക്കും ആശങ്കകൾക്കുമൊടുവിൽ നൗകാമ്പിൽ ബാഴ്‌സലോണയ്‌ക്ക്‌ തെളിച്ചം. റൊണാൾഡ്‌ കൂമാന്‌ കീഴിലുള്ള ആദ്യ മത്സരത്തിൽ ബാഴ്‌സലോണ ആധികാരിക ജയം സ്വന്തമാക്കി. സ്‌പാനിഷ്‌ ലീഗിൽ വിയ്യാറയലിനെ നാല്‌ ഗോളിന്‌ തോൽപ്പിച്ചാണ്‌ തുടക്കം.

ലയണൽ മെസി ലക്ഷ്യംകണ്ടു. അൻസു ഫാറ്റി ഇരട്ടഗോളടിച്ചു. ഒരെണ്ണം  വിയ്യാറയൽ പ്രതിരോധക്കാരൻ പൗ  ടോറെസിന്റെ പിഴവു ഗോളായിരുന്നു.വലിയ പ്രതിസന്ധിക്കിടെയാണ്‌ ബാഴ്‌സ സീസൺ ആരംഭിക്കുന്നത്‌. ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനോട്‌ 2–-8ന്‌ തോറ്റശേഷം ബാഴ്‌സയിൽ പൊട്ടിത്തെറിതന്നെ ഉണ്ടായി. ടീം വിടാനുള്ള മെസിയുടെ നീക്കത്തിലാണ്‌ അത്‌ അവസാനിച്ചത്‌. ആഗ്രഹിച്ചിട്ടും ക്ലബ്‌ വിടാൻ കഴിയാത്തതിന്റെ നിരാശ മെസിക്കുണ്ടായിരുന്നു. കൂട്ടുകാരൻ ലൂയിസ്‌ സുവാരസിനെ ഒഴിവാക്കിയ രീതിയും മെസിയെ പ്രകോപിപ്പിച്ചു.

എന്നാൽ, കളത്തിൽ മെസിയെ ഒന്നും ബാധിച്ചില്ല. കളംനിറഞ്ഞ്‌ കളിച്ചു. ഏഴുതവണയാണ്‌ ഈ മുപ്പത്തിമൂന്നുകാരൻ ഷോട്ട്‌ പായിച്ചത്‌. മൂന്നെണ്ണം വിയ്യാറയൽ ഗോൾകീപ്പർ സെർജിയോ അസെൻജോ തടയുകയായിരുന്നു. 

ഇരട്ട ഗോളടിച്ച പതിനേഴുകാരൻ അൻസു ഫാറ്റിയായിരുന്നു ബാഴ്‌സയുടെ താരം. ബയേണിൽനിന്ന്‌ തിരിച്ചെത്തിയ ഫിലിപ്പ്‌ കുടീന്യോയും തിളങ്ങി. അൻസുവിന്റെ ഒരു ഗോളിന്‌ കുടീന്യോയാണ്‌ അവസരമൊരുക്കിയത്‌.  മറ്റൊന്നിന്‌ ജോർഡി ആൽബയും വഴിയൊരുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top