28 November Saturday
ഹൈദരാബാദ്‌ 88 റണ്ണിന്‌ ഡൽഹിയെ വീഴ്‌ത്തി

ഡൽഹി ‘സ്വാഹ’ ; ഡൽഹി ക്യാപിറ്റൽസിനെ തുരത്തി സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

ഡൽഹിക്കെതിരെ വൃദ്ധിമാൻ സാഹ ബൗണ്ടറി പായിക്കുന്നു


ദുബായ്‌
ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിനെ തുരത്തി സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌. 88 റണ്ണിനാണ്‌‌ ഡൽഹിയെ ഡേവിഡ്‌ വാർണറും സംഘവും തകർത്തത്‌. ജയത്തോടെ പ്ലേ ഓഫ്‌ പ്രതീക്ഷകൾ നിലനിർത്തി ഹൈദരാബാദ്‌. ബാറ്റിലും പന്തിലും സമ്പൂർണ ആധിപത്യം പുലർത്തിയായിരുന്നു ഹൈദരാബാദിന്റെ ജയം. ഡൽഹിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്‌.

സീസണിലെ ആദ്യ കളിക്കിറങ്ങി അടിച്ചുതകർത്ത വൃദ്ധിമാൻ സാഹയും (45 പന്തിൽ 87), വാർണറും (34 പന്തിൽ 66) ബാറ്റിങ്ങിൽ കരുത്തായപ്പോൾ റഷീദ്‌ ഖാന്റെ തകർപ്പൻ ബൗളിങ്‌ ഡൽഹിയെ കറക്കിവീഴ്‌ത്തി. മൂന്ന്‌ വിക്കറ്റാണ്‌ അഫ്‌ഗാൻകാരൻ നേടിയത്‌. സ്‌കോർ: ഹൈദരാബാദ്‌ 2–-219, ഡൽഹി 131 (19).

വമ്പനടിക്കാരൻ ജോണി ബെയർസ്‌റ്റോയെ പുറത്തിരുത്തിയാണ്‌ സാഹ ഹൈദരാബാദിന്റെ ഒപ്പണറായെത്തിയത്‌. വാർണർക്കൊപ്പം തുടക്കമേ ഡൽഹി ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു സാഹ. മുപ്പത്തിനാലാം ജൻമദിനം ആഘോഷിക്കുന്ന വാർണറായിരുന്നു ആദ്യം അപകടകാരി. കഗീസോ റബാദയുടെ ഒരോവറിൽ 22 റണ്ണാണ്‌ ഓസ്‌ട്രേലിയക്കാരൻ അടിച്ചെടുത്തത്‌. ഒന്നാംവിക്കറ്റിൽ 107 റണ്ണാണ്‌ സാഹയും വാർണറും ചേർത്തത്‌. വാർണർ പോയിട്ടും സാഹ അവസാനിപ്പിച്ചില്ല. മനോഹരമായി മുപ്പത്താറുകാരൻ ബാറ്റ്‌ വീശി. എതിരാളികൾക്ക്‌ ഒരവസരവും നൽകിയില്ല.

രണ്ട്‌ സിക്‌സറും 12 ബൗണ്ടറിയും സഹിതമാണ്‌ 87 റൺ നേടിയത്‌. ആൻറിച്ച്‌‌ നോർത്യെയാണ്‌ സാഹയെ മടക്കിയത്‌.
220 റൺ വിജയലക്ഷ്യത്തിലേക്ക്‌ ബാറ്റ്‌ വീശിയ ഡൽഹി നിരയിൽ ഋഷഭ്‌ പന്താണ്‌ (35) ടോപ്‌സ്‌കോറർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top