21 February Friday

കുതിക്കട്ടെ ദോഹയ‌്ക്ക‌് ; ദേശീയ സീനിയർ മീറ്റിന്‌ ഇന്ന്‌ തുടക്കം

പ്രദീപ‌് ഗോപാൽUpdated: Tuesday Aug 27, 2019

ലഖ‌്നൗ
മഹാനഗറിലെ പിഎസി അത‌്‌ലറ്റിക‌് സ‌്റ്റേഡിയത്തിൽ ഇന്നുമുതൽ നാല‌ുദിനം  ഇന്ത്യയുടെ വേഗവും ദൂരവും ഉയരവും മാറ്റുരയ‌്ക്കുന്നു. അന്തർസംസ്ഥാന അത‌്‌ലറ്റിക‌് ചാമ്പ്യൻഷിപ്പാണ‌് വേദി. ദോഹയിൽ നടക്കുന്ന ലോക അത‌്‌ലറ്റിക‌് മീറ്റിലേക്കുള്ള അവസാന ടിക്കറ്റ‌്. യോഗ്യത ഉറപ്പിച്ചവരും അരികിലെത്തിയവരും നവനിര താരങ്ങളും ഉൾപ്പെടെ മഹാനഗറിലുണ്ട‌്. ഒളിമ്പ്യൻ കെ ടി ഇർഫാനും ദ്യുതി ചന്ദും തുടങ്ങി, ജിസ‌്ന മാത്യുവും നിവ്യ ആന്റണിയും അടക്കമുള്ള ജൂനിയർ താരങ്ങൾവരെ  ട്രാക്കിലും പിറ്റിലും കുതിക്കും.

ആദ്യദിനം ഒമ്പത‌് ഫൈനലുകളാണ‌്. വനിതകളുടെ 200 മീറ്ററിലും പുരുഷന്മാരുടെ 5000 മീറ്ററിലും പോരാട്ടം പൊടിപാറും. ചൂടിന്റെ കാഠിന്യം വീര്യം കുറയ്‌ക്കില്ല. ദ്യുതി 100ൽ മാത്രം ശ്രദ്ധിക്കുന്നതിനാൽ 200ൽ ഒഡിഷയുടെതന്നെ ശ്രാബണി നന്ദയും തമിഴ‌്നാടിന്റെ അർച്ചന സുശീന്ദ്രനും വി രേവതിയും തമ്മിലായിരിക്കും പോരാട്ടം. 5000ൽ തമിഴ‌്നാടിന്റെ ജി ലക്ഷ്‌മണനാണ‌് ശ്രദ്ധാകേന്ദ്രം.

കേരളത്തിന‌് ഇക്കുറി 54 അംഗ ടീമാണ‌്. 25 വനിതകളും 29 പുരുഷന്മാരും. 60 അംഗ പട്ടികയിലുണ്ടായിരുന്ന വി കെ വിസ‌്മയ, വി കെ ശാലിനി, ജിൻസൺ ജോൺസൺ എന്നിവർ യൂറോപ്യൻ പര്യടനത്തിലാണ‌്. നീന പിന്റോ പരിക്കുമൂലം മത്സരിക്കുന്നില്ല. എങ്കിലും ഇർഫാനും ടി ഗോപിയും എം ശ്രീശങ്കറും പി യു ചിത്രയും ബി സൗമ്യയും ജിസ‌്നയുമൊക്കെ ഉൾപ്പെട്ട സംഘത്തിന‌് പ്രതീക്ഷയുണ്ട‌്. ഇന്ന‌ു നടക്കുന്ന മിക‌്സഡ‌് റിലേ, 20,000 മീറ്റർ നടത്തം എന്നിവയിൽ കേരളം മെഡൽ കാണുന്നു.

ഹരിയാനയായിരുന്നു കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാർ. കേരളം മൂന്നാമതായി. തമിഴ‌്നാടായിരുന്നു രണ്ടാം സ്ഥാനത്ത‌്.ഇന്ത്യൻ അത‌്‌ലീറ്റുകളുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ നടന്ന വേദിയാണ‌് മഹാനഗർ സ‌്റ്റേഡിയം. കഴിഞ്ഞ ജൂലൈയിൽ കൊൽക്കത്തയിലാണ‌് മീറ്റ‌് നിശ‌്ചയിച്ചരുന്നത‌്. അസൗകര്യത്തെ തുടർന്ന‌് ലഖ‌്നൗവിലേക്ക‌് മാറ്റുകയായിരുന്നു.

കേരളത്തിന്റെ അത്‌ലീറ്റുകൾ മഹാനഗറിലെ പിഎസി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തിൽ പരിശീലനത്തിൽ      ഫോട്ടോ: ജി പ്രമോദ്‌

കേരളത്തിന്റെ അത്‌ലീറ്റുകൾ മഹാനഗറിലെ പിഎസി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തിൽ പരിശീലനത്തിൽ ഫോട്ടോ: ജി പ്രമോദ്‌

 

ഇർഫാനും ചിത്രയും നയിക്കും
ലഖ‌്നൗ
സീനിയർ അത‌്‌ലറ്റിക‌്സിനുള്ള കേരള ടീമിനെ ഒളിമ്പ്യൻ കെ ടി ഇർഫാനും പി യു ചിത്രയും നയിക്കും. 20 കി. മീറ്റർ നടത്തത്തിലാണ‌് ഇർഫാൻ മത്സരിക്കുന്നത‌്. ഇതിനകം ലോക ചാമ്പ്യൻഷിപ‌്, ഒളിമ്പിക‌്സ‌് യോഗ്യതമാർക്ക‌് കടന്നു. കുഞ്ഞുമുഹമ്മദാണ‌് വൈസ‌് ക്യാപ‌്റ്റൻ.

വനിതക‌ളിൽ പി യു ചിത്ര 1500ലാണ‌് ഇറങ്ങുക. ഏഷ്യൻ ചാമ്പ്യനായ ചിത്ര ലോക ചാമ്പ്യൻഷിപ‌് യോഗ്യത ഉറപ്പാക്കി. ബി സൗമ്യയാണ‌് വനിതകളിലെ വൈസ‌് ക്യാപ‌്റ്റൻ.

പി യു ചിത്ര

പി യു ചിത്ര

 

റിലേയിൽ ‘രാജ്യാന്തര മീറ്റ‌്’
ലഖ‌്നൗ
പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ മാറ്റം. മൂന്ന‌് വിദേശ ടീമുകളെക്കൂടി ഉൾപ്പെടുത്തിയാണ‌് മത്സരം നടത്തുക. നിലവിൽ ഇന്ത്യ ലോക ചാമ്പ്യൻഷിപ‌് യോഗ്യതാ പട്ടികയിലുണ്ടെങ്കിലും സ്ഥാനം സുരക്ഷിതമല്ല. ആകെ 16 ടീമുകൾക്കാണ‌് ലോക മീറ്റിൽ യോഗ്യത. ഇന്ത്യ 16‐ാമതാണ‌്. ഇനി ആഫ്രിക്കൻ ഗെയിംസ‌് നടക്കാനുണ്ട‌്. മികച്ച പ്രകടനം അവിടെവന്നാൽ ഇന്ത്യ പിന്തള്ളപ്പെടും. അതൊഴിവാക്കാൻ വേണ്ടിയാണ‌് വമ്പൻ താരങ്ങളെ ഉൾപ്പെടുത്തി രാജ്യാന്തര പോരാട്ടം ല‌്ഖനൗവിൽ നടത്തുന്നത‌്.

ചെക്ക‌് റിപ്പബ്ലിക്കിൽ പരിശീലനത്തിലുണ്ടായിരുന്ന 400ലെ ദേശീയ റെക്കോഡുകാരൻ മുഹമ്മദ‌് അനസ‌് ഉൾപ്പെടെയുള്ളവർ തിരിച്ചെത്തി. അവസാനദിനമാണ‌് റിലേ. ഇന്ത്യ എ, ബി ടീമുകളും ഇറാൻ, ജപ്പാൻ, മാലിദ്വീപ്‌ എന്നീ വിദേശ  ടീമുകളും ഫൈനലിൽ ഇറങ്ങും.

ഇന്ത്യൻ ടീമിൽ അനസിന‌ു പുറമെ, ധരുൺ അയ്യസ്വാമി, അമോജ‌് ജേക്കബ‌്, നോഹ നിർമൽ ടോം എന്നിവരാണുള്ളത‌്.സംസ്ഥാന ടീമുകൾ യോഗ്യതാ റൗണ്ടുകൾ താണ്ടണം. നാല‌ു ടീമുകൾക്കാണ‌് ഫൈനലിൽ യോഗ്യത. വനിതകളിൽ ഇന്ത്യ 14‐ാം സ്ഥാനത്തുണ്ട‌്.


പ്രധാന വാർത്തകൾ
 Top