15 September Sunday

അയർലൻഡ്‌ 38 ; ഇംഗ്ലണ്ടിന്റെ മറുപടി

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

അയർലൻഡിന്റെ ആറ്‌ വിക്കറ്റുകൾ നേടിയ ക്രിസ്‌ വോക്‌സിന്റെ ആഹ്ലാദം



ലോർഡ്‌സ്‌
ഏകദിന ക്രിക്കറ്റിലെ ലോക ചാമ്പ്യൻമാർ ഒടുവിൽ ഉശിരുകാട്ടി. അയർലൻഡിനെ 38 റണ്ണിന്‌ ചുരുട്ടിക്കെട്ടി ഏക ടെസ്‌റ്റിൽ ഇംഗ്ലണ്ട്‌ 143 റൺ ജയം കുറിച്ചു. ഇനി ആഷസിനൊരുങ്ങാം ഇംഗ്ലണ്ടിന്‌. ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരാണ്‌ ഇംഗ്ലണ്ടിന്റെ ഈ ജയം. ഒന്നാം ഇന്നിങ്‌സിൽ 85 റണ്ണിനാണ്‌ ഇംഗ്ലീഷ്‌ ബാറ്റിങ്‌ നിര കൂടാരം കയറിയത്‌. മൂന്നാംദിനം രണ്ടാം ഇന്നിങ്‌സിൽ 303ന്‌ പുറത്തായി. സ്വപ്‌നജയത്തിലേക്ക്‌ അയർലൻഡിന്റെ ലക്ഷ്യം 182. 15.4 ഓവറിൽ ഇംഗ്ലീഷ്‌ പേസർമാർ അയർലൻഡ്‌ സ്വപ്‌നത്തെ ചിതറിച്ചുകളഞ്ഞു. ക്രിസ്‌ വോക്‌സ്‌ ആറ്‌ വിക്കറ്റ്‌ വീഴ്‌ത്തി. സ്‌റ്റുവർട്ട്‌ ബ്രോഡ്‌ നാലും. സ്‌കോർ: ഇംഗ്ലണ്ട്‌ 85, 303; അയർലൻഡ്‌ 207, 38.
ടെസ്‌റ്റ്‌ ചരിത്രത്തിലെ ഏഴാമത്തെ ഏറ്റവും മോശം സ്‌കോറാണ്‌ അയർലൻഡിന്റെ 38. ന്യൂസിലൻഡിന്റെ പേരിലാണ്‌ ഏറ്റവും ചെറിയ സ്‌കോർ. 1955ൽ ഇംഗ്ലണ്ടിനോട്‌ 26 റണ്ണിനാണ്‌ അവർ പുറത്തായത്‌.

ലോർഡ്‌സിൽ മഴകാരണം രണ്ട്‌ തവണ കളി മുടങ്ങിയിരുന്നു. 9–-303 റണ്ണുമായി രണ്ടാം ഇന്നിങ്‌സ്‌ ആരംഭിച്ച ഇംഗ്ലണ്ട്‌ മൂന്നാംദിനം ആദ്യ പന്തിൽ പുറത്തായി.
തുടർന്ന്‌ മഴകാരണം കളി വൈകി. മാനം തെളിഞ്ഞശേഷം പന്തെടുത്ത വോക്‌സും ബ്രോഡും പിച്ചിലെ ഈർപ്പം മുതലെടുത്തപ്പോൾ അയർലൻഡ്‌ നിര വിറച്ചു.11 റണ്ണെടുത്ത ജെയിംസ്‌ മക്കല്ലം മാത്രം രണ്ടക്കം കണ്ടു.  സ്‌കോർ 24ൽവച്ച്‌ മൂന്ന്‌ വിക്കറ്റുകളാണ്‌ അയർലൻഡിന്‌ തുടർച്ചയായി നഷ്ടമായത്‌. നാല്‌ പേർ റണ്ണെടുക്കുംമുമ്പ്‌ മടങ്ങി. ആഷസിനുള്ള ഇംഗ്ലണ്ട്‌ ടീമിനെ ഇന്ന്‌ പ്രഖ്യാപിക്കും.


പ്രധാന വാർത്തകൾ
 Top