25 August Sunday

കോപ അമേരിക്ക ക്വാർട്ടർ : ബ്രസീലിന‌് പരാഗ്വേ പരീക്ഷണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

പരാഗ്വേയ്‌ക്കെതിരായ മത്സരത്തിന്‌ മുമ്പായി ബ്രസീലിയൻ താരങ്ങൾ പരിശീലനത്തിൽ


പോർട്ടോ അല്ലെഗ്ര
ലാറ്റിനമേരിക്കൻ കാൽപ്പന്തിന്റെ കിരീടത്തിനായി മത്സരിക്കാൻ ഇനിയുള്ളത‌് ‌എട്ടു ടീമുകൾ. കോപ അമേരിക്കയിൽ ക്വാർട്ടർ പോരാട്ടങ്ങൾ നാളെ ആരംഭിക്കും.

കടുത്ത പോരാട്ടം നടന്ന ഗ്രൂപ്പ‌് ഘട്ടത്തിൽ ചില അപ്രതീക്ഷിത ഫലങ്ങ‌‌ളും കണ്ടു. ബ്രസീലും കൊളംബിയയും ഉറുഗ്വേയുമാണ‌് ശക്തി തെ‌ളിയിച്ച ടീമുകൾ. നിലവിലെ ചാമ്പ്യന്മാരായ ചിലിക്ക‌് മികച്ച തുടക്കം കിട്ടിയെങ്കിലും പിന്നീട‌് കിതച്ചു‌. റണ്ണറപ്പുകളായ അർജന്റീന കഷ‌്ടപ്പെട്ടാണ‌് ക്വാർട്ടറിൽ കടന്നുകൂടിയത‌്.

  നാളെ പുലർച്ചെ ആറിന‌് ഒന്നാം ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പരാഗ്വേയെയാണ‌് നേരിടുന്നത‌്. പോർട്ടോ അല്ലെഗ്രയിലാണ‌് മത്സരം. ബൊളീവിയയെ തോൽപ്പിച്ചു തുടങ്ങിയ ബ്രസീലിനെ വെനസ്വേല സമനിലയിൽ തളച്ചു. ഗ്രൂപ്പ‌് ഘട്ടത്തിലെ അവസാന മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത അഞ്ച‌് ഗോളിന‌് തകർത്ത‌് ബ്രസീൽ തനി സ്വരൂപം കാട്ടി.  ഇതോടെ ടിറ്റെയുടെ ടീം ആത്മവിശ്വാസം വീണ്ടെടുത്തു. ഇതുവരെ ഗോളൊന്നും വഴങ്ങിയിട്ടുമില്ല.

പെറുവിനെതിരെ ക്യാപ‌്റ്റൻ ഡാനി ആൽവേസ‌്, എവർട്ടൻ, ഫിർമിനോ, കാസെമിറോ, വില്ലിയൻ എന്നിവരാണ‌് വല ചലിപ്പിച്ചത‌്. ബ്രസീലിയൻ കളിസൗന്ദര്യത്തിന്റെ കൈയൊപ്പുള്ള മുന്നേറ്റവും ഒത്തിണക്കമുള്ള നീക്കങ്ങളും ആരാധകർക്ക‌് കാണാനായി. എട്ട‌് കോപയിൽ മുത്തമിട്ടിട്ടുള്ള ബ്രസീലിന‌് 12 വർഷമായുള്ള കിരീട വരൾച്ചയാണ‌് മാറ്റാനുള്ളത‌്. 

രണ്ടുവട്ടം കോപ നേടിയിട്ടുള്ള പരാഗ്വേയുടെ അവസാന കിരീടം 1979ലായിരുന്നു. ഇരു ടീമുകളും മുഖാമുഖം വന്നപ്പോൾ അവസാന ആറിലും ജയം ബ്രസീലിനൊപ്പമായിരുന്നു. രണ്ട‌് വർഷം മുമ്പ‌് ലോകകപ്പ‌് യോഗ്യത‌യ‌്ക്കായി ഏറ്റുമുട്ടിയപ്പോൾ ബ്രസീൽ അനായാസമായാണ‌് പരാഗ്വേയെ തോൽപ്പിച്ചത‌്.
പക്ഷെ കോപയുടെ സമീപകാ‌ല ചരിത്രം പരാഗ്വേയ‌്ക്കാണ‌് അനുകൂലം. 2015ലും 2011ലും കോ‌പയിൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ പുറത്താക്കിയവരാണ‌് പരാഗ്വേ. അന്നും ഇരു ടീമുകളും ഏറ്റുമുട്ടിയത‌് ക്വാർട്ടറിലായിരുന്നു. 

   ഇക്വഡോർ ജപ്പാനോട‌് സമനില വഴങ്ങിയതാണ‌് പരാഗ്വേയെ ക്വാർട്ടറിൽ എത്തിച്ചത‌്. നേരത്തെ ഗ്രൂപ്പ‌് ബിയിൽ അർജന്റീനയോടും ഖത്തറിനോടും സമനിലയാണ‌് പരാഗ്വേയുടെ സമ്പാദ്യം. ആതിഥേയരെ കീഴ‌്പ്പെടുത്താനുള്ള തന്ത്രങ്ങൾ മെനയാൻ കഴിവുള്ള കോച്ചാണ‌് പരാഗ്വേയുടെ എഡ്വാർഡോ ബെരിസോ.   നാളെ രാത്രി 12.30ന്‌ അർജന്റീന വെനസ്വേലയെ നേരിടും. ക്വാർട്ടറിൽ ജയിച്ചാൽ ബ്രസീൽ–-അർജന്റീന പോരാട്ടം കാണാം.ജൂലൈ രണ്ടിനും മൂന്നിനുമാണ്‌ സെമി.
 


പ്രധാന വാർത്തകൾ
 Top