18 June Tuesday

പാഠം 1 തോൽവി

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

ന്യൂസിലൻഡിനെതിരായ പരിശീലന മത്സരത്തിൽ നാലാം നമ്പറിലിറങ്ങിയ കെഎൽ രാഹുൽ ട്രന്റ്‌ ബോൾട്ടിന്റെ പന്തിൽ ബൗൾഡായപ്പോൾ

ഓവൽ
സന്നാഹമത്സരത്തിലെ തോൽവി ഇന്ത്യയുടെ കണ്ണുതുറപ്പിക്കാനുള്ളതാണ‌്. ന്യൂസിലൻഡിനോടുള്ള ഈ തോൽവിയിൽനിന്ന‌് പാഠം പഠിച്ചില്ലെങ്കിൽ മുന്നോട്ടുള്ള പ്രയാണം എളുപ്പമല്ല. കളി തോറ്റതിനേക്കാൾ അതിന‌് വഴിയൊരുക്കിയ സാഹചര്യങ്ങൾ ഇന്ത്യയെ ആശങ്കയിലാഴ‌്ത്തുന്നു. ഐപിഎൽ ആലസ്യത്തിൽനിന്ന‌് കളിക്കാർ മാറിയില്ലെങ്കിൽ ലക്ഷ്യം തെറ്റും.

വിദേശ പിച്ചുകളിൽ ഇന്ത്യൻ ടീം പരമ്പരാഗതമായി തോറ്റുകൊണ്ടിരുന്ന ശൈലിക്ക‌് മാറ്റമില്ലെന്നതാണ‌് പ്രധാനം. കിവീസ‌് ബൗളർമാരുടെ സ്വിങ‌് ബൗളിങ്ങിനുമുന്നിൽ ബാറ്റ‌്സ‌്മാന്മാർ പരിഭ്രാന്തരായി. ട്രെൻഡ‌് ബോൾട്ടിനെ നേരിടാനാകാതെ പതറി. ബോൾട്ടിന്റെ ഇൻസ്വിങ്ങറുകൾക്കും ഔട്ട‌്സ്വിങ്ങറുകൾക്കും മറുപടിയുണ്ടായില്ല. ടിം സൗത്തിയും കോളിൻ ഗ്രാൻഡ‌്ഹോമും ബാറ്റിങ‌് നിരയെ വിറപ്പിച്ചു. ഓപ്പണർമാർക്ക‌് ഒന്നും ചെയ്യാനായില്ല. അവർ നിലയുറപ്പിക്കുംമുമ്പ‌് ബോൾട്ടിളകി. എല്ലാ ടീമിലും പേസ‌് ബൗളർമാരുടെ പടതന്നെയുണ്ട‌്.

ആറ‌ു പന്തിൽ രണ്ട‌ു റണ്ണെടുത്ത രോഹിത‌് ശർമയ‌ും ഏഴ‌ു പന്തിൽ രണ്ട‌ു റൺ നേടിയ ശിഖർ ധവാനും പ്രതിരോധത്തിന്റെ ബാലപാഠംപോലും മറന്നു. നാലാംനമ്പരുകാരനെ കാത്തിരുന്ന ആരാധകർ നിരാശരായി. ഈ സ്ഥാനത്ത‌് വന്ന കെ എൽ രാഹുൽ പത്തു പന്തിൽ ആറു റണ്ണുമായി മടങ്ങി. എല്ലാം വിരാട‌് കോഹ‌്‌ലിയിൽ ഏൽപ്പിക്കുന്ന രീതിയും പാളി. ആത്മവിശ്വാസത്തോടെ തുടങ്ങിയ കോഹ‌്‌ലി ഗ്രാൻഡ‌്ഹോമിന്റെ പന്തിൽ കൂടാരം കയറി. 24 പന്തിൽ 18. ഇന്ത്യ 10.3 ഓവറിൽ നാല‌് വിക്കറ്റ‌് നഷ‌്ടത്തിൽ 39 റണ്ണിലേക്ക‌് കൂപ്പുകുത്തി.  മഹേന്ദ്ര സിങ് ധോണിയും നിരാശപ്പെടുത്തി. 42 പന്തിൽ 17 റൺമാത്രം.

മുൻനിരക്കാർ തോറ്റുപോയിടത്ത‌് രവീന്ദ്ര ജഡേജയും ഹർദിക‌് പാണ്ഡ്യയും ധൈര്യത്തോടെ ബാറ്റ‌് വീശി. 50 പന്തിൽ 54 റണ്ണടിച്ച‌് ടോപ‌് സ‌്കോററായ ജഡേജയ‌്ക്ക‌് ഈ മത്സരം അപ്രതീക്ഷിത നേട്ടമായി. ഇന്ത്യയുടെ തോൽവിയിലും ജഡേജയുടെ ചെറുത്തുനിൽപ്പ‌് ശ്രദ്ധിക്കപ്പെട്ടു. ഈ ഓൾറൗണ്ടർ ലോകകപ്പ‌് ടീമിൽ എത്തുമെന്ന‌് ഉറപ്പില്ലായിരുന്നു. എത്തിയാൽത്തന്നെ അവസാന ഇലവനിൽ കളിക്കാനുള്ള സാധ്യതയും ഇല്ലായിരുന്നു.  ഈ അർധ സെഞ്ചുറി എന്തായാലും ജഡേജയ‌്ക്ക‌് പിടിവള്ളിയായി.

ഹർദിക‌് പാണ്ഡ്യക്കൊപ്പം രണ്ടാമത്തെ ഓൾറൗണ്ടറായി കേദാർ ജാദവിനെയാണ‌് പരിഗണിച്ചിരുന്നത‌്. നാലാംനമ്പരിൽ വരുന്ന വിജയ‌് ശങ്കറിനും ഓൾറൗണ്ടർ പദവിയുണ്ട‌്. ഈ സാഹചര്യത്തിൽ ടീമിൽ ജഡേജയുടെ സ്ഥാനം ഉറപ്പില്ലായിരുന്നു. ഏഴ‌് ഓവർ എറിഞ്ഞ‌് 27 റൺ വഴങ്ങി ഒരു വിക്കറ്റെടുക്കുകയും ചെയ‌്ത ഈ ഓൾറൗണ്ടറെ ഇനി  തള്ളാനാകില്ല.

ബൗളിങ്ങിൽ ജസ‌്പ്രീത‌് ബുമ്രയുടെ ഫോം ഇന്ത്യക്ക‌് ആത്മവിശ്വാസം നൽകും. നാല‌് ഓവറിൽ രണ്ട‌ു റൺ വഴങ്ങി ഒരു വിക്കറ്റെടുത്തു. മുഹമ്മദ‌് ഷമിയും നന്നായി പന്തെറിഞ്ഞപ്പോൾ ഭുവനേശ്വർ കുമാറിന്റെ പന്തുകളുടെ മൂർച്ച കുറഞ്ഞു. സ‌്പിന്നർമാർ തീർത്തും നിരാശപ്പെടുത്തി. യുസ‌്‌വേന്ദ്രചഹാൽ ആറ‌് ഓവറിൽ 37 റൺ വഴങ്ങിയപ്പോൾ കുൽദീപ‌് സിങ‌് എട്ട‌് ഓവറിൽ വിട്ടുകൊടുത്തത‌്‌ 44 റൺ.

അവസാന പരിശീലനമത്സരം 28ന‌് ബംഗ്ലാദേശിനെതിരെയാണ‌്. ഈ മത്സരം ജൂൺ അഞ്ചിന‌് ദക്ഷിണാഫ്രിക്കയ‌്ക്കെതിരായ ആദ്യമത്സരത്തിനുള്ള 11 പേരെ നിശ‌്ചയിക്കുന്നതിൽ നിർണായകമാകും.


പ്രധാന വാർത്തകൾ
 Top