18 September Wednesday

ഇന്ത്യക്ക്‌ 318 റൺ ജയം; രഹാനെക്ക്‌ സെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

ആന്റിഗ്വ
ഇന്ത്യൻ പേസർമാർ വെസ്റ്റിൻഡീസിനെ തകർത്തു‌. ഇന്ത്യ  ഉയർത്തിയ 419 റൺ വിജയലക്ഷ്യത്തിലേക്ക്‌ ബാറ്റ്‌ വീശിയ വിൻഡീസുകാർ 26.5 ഓവറിൽ 100 റണ്ണിന്‌ കൂടാരം കയറി. വെസ്റ്റിൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യ 318 റണ്ണിന്റെ കൂറ്റൻ ജയം നേടി.

അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ജസ്‌പ്രീത്‌ ബുമ്രയാണ്‌ വിൻഡീസിനെ കശാപ്പ്‌ ചെയ്‌തത്‌. ഇശാന്ത്‌ ശർമ മൂന്നും മുഹമ്മദ്‌ ഷമി രണ്ടും വിക്കറ്റുകൾ നേടി.രണ്ടുവർഷത്തിനു ശേഷം സെഞ്ചുറി കണ്ടെത്തിയ അജിൻക്യ രഹാനെയുടെ (102) മികവിലാണ്‌ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ മികച്ച സ്‌കോർ കുറിച്ചത്‌. ഹനുമ വിഹാരിയും (93) വിരാട്‌ കോഹ്‌ലിയും (51) രഹാനെയ്‌ക്ക്‌ മികച്ച പിന്തുണ നൽകി. സെഞ്ചുറിക്ക്‌ ഏഴ്‌ റണ്ണകലെ വിഹാരി വീണപ്പോൾ ഇന്ത്യ ഇന്നിങ്‌സ്‌ ഡിക്ലയർ ചെയ്‌തു.

വമ്പൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസ്‌ ഇന്ത്യൻ പേസർമാർക്ക്‌ മുന്നിൽ വിരണ്ടു. 38 റണ്ണെടുത്ത കെമർ റോച്ച്‌ മാത്രമാണ്‌ വിൻഡീസിനായി പൊരുതിയത്‌. റോച്ചിനെ കൂടാതെ രണ്ടക്കം കടന്നത്‌ റോസ്റ്റൺ ചേസും (12) മിഗ്വയൽ കമ്മിൻസും (19*) മാത്രം. 50ന്‌ ഒമ്പത്‌ എന്ന നിലയിലായ വിൻഡീസിനെ  റോച്ചും കമ്മിൻസും ചേർന്നാണ്‌ നൂറ്‌ എത്തിച്ചത്‌. ഇരുവരും 50 റൺ കൂട്ടിചേർത്തു.എട്ടോവറിൽ ഏഴ്‌ റൺ മാത്രം വഴങ്ങിയാണ്‌ ബുമ്ര അഞ്ച്‌ വിക്കറ്റെടുത്തത്‌. അവസാന ടെസ്റ്റ്‌ 30ന്‌.


പ്രധാന വാർത്തകൾ
 Top