22 August Thursday

കോപ അമേരിക്ക : ക്വാർട്ടർ കടന്നാൽ അർജന്റീന-ബ്രസീൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

റിയോ ഡി ജനീറോ> കോപ അമേരിക്ക ഫുട്‌ബോൾ പോരാട്ടം അവസാന എട്ടിലേക്ക്‌. വെള്ളിയാഴ്‌ച ആതിഥേയരായ ബ്രസീൽ പരാഗ്വേയുമായി ഏറ്റുമുട്ടുന്നതോടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക്‌ തുടക്കമാകും. അർജന്റീനയ്‌ക്ക്‌ വെനസ്വേലയാണ്‌ എതിരാളി. ക്വാർട്ടർ ജയിച്ചാൽ ബ്രസീലും അർജന്റീനയും സെമിഫൈനലിൽ മുഖാമുഖം വരും.

ക്വാർട്ടറിലെ കടുപ്പമേറിയ പോരാട്ടം ചിലിയും കൊളംബിയയും തമ്മിലാണ്‌. നാലാം ക്വാർട്ടറിൽ ഉറുഗ്വേയ‌്ക്ക്‌ എതിരാളി പെറുവാണ്‌. ഗ്രൂപ്പുകളിലെ മികച്ച മൂന്നാം സ്ഥാനക്കാരായാണ്‌ പരാഗ്വേയും പെറുവും അവസാന എട്ടിൽ ഇടം പിടിച്ചത്‌.

ഗ്രൂപ്പ്‌ സിയിലെ അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചിലിയെ ഒരു ഗോളിന്‌  ഉറുഗ്വേ വീഴ്‌ത്തി. ഗ്രൂപ്പിൽ ഒന്നാമൻമാരായാണ്‌ ഉറുഗ്വേ മുന്നേറിയത‌്. മറ്റൊരു മത്സരത്തിൽ ജപ്പാനും ഇക്വഡോറും ഓരോ ഗോളടിച്ച്‌ സമനിലയിൽ പിരിഞ്ഞു. ഇരുവരും പുറത്തായി. ജയിച്ചാൽ ജപ്പാന്‌ ക്വാർട്ടറിലിടം പിടിക്കാമായിരുന്നു.

കളിക്കിറങ്ങും മുമ്പേ ക്വാർട്ടർ ഉറപ്പിച്ച ചിലി‐ഉറുഗ്വേ പോരാട്ടത്തിന്‌ പ്രതീക്ഷിച്ച ചൂടുണ്ടായിരുന്നില്ല. ഇരു ടീമുകളും പതിയെ പന്തു തട്ടി. ഇടവേളയ്‌ക്ക്‌ തൊട്ടുമുമ്പ്‌ ലഭിച്ച സുവർണാവസരം ലൂയിസ്‌ സുവാരസ്‌ പാഴാക്കിയത്‌ ഉറുഗ്വേയ്‌ക്ക്‌ നിരാശ നൽകി. കളിയവസാനത്തിൽ പിഎസ്‌ജിക്കാരൻ എഡിൻസൺ കവാനിയുടെ ഹെഡ്ഡറിലൂടെ മുൻ ചാമ്പ്യൻമാർ കളി ഉറപ്പിച്ചു. ജോനാഥൻ റോഡ്രിഗസ്‌ നൽകിയ ക്രോസ്‌ പാകത്തിൽ തല വയ്‌ക്കുകയായിരുന്നു കവാനി.

ഒറ്റ കളിയും തോൽക്കാതെയാണ്‌ ബ്രസീലും കൊളംബിയയും ഉറുഗ്വേയും വെനസ്വേലയും ക്വാർട്ടറിലെത്തുന്നത്‌. ഇതിൽ കൊളംബിയക്കാർ മൂന്ന്‌ കളിയിലും ജയം പിടിച്ചു.

ഹാട്രിക‌് കിരീടം തേടിയിറങ്ങുന്ന ചിലിക്ക‌് കടുത്ത പരീക്ഷണമാകും കൊളംബിയയുമായുള്ള ക്വാർട്ടർ.
 


പ്രധാന വാർത്തകൾ
 Top