23 April Tuesday

സമനില രക്ഷ , സ്പെയ്ൻ വിറച്ചു, വീറുകാട്ടി ഇറാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018

ഇറാനെതിരെ ഗോൾ നേടിയ പോർച്ചുഗലിന്റെ ക്വറെസ്‌മ സഹതാരങ്ങൾക്കൊപ്പം

സ്പെയ്ൻ വിറച്ചു
കാലിനൻഗ്രാഡ്
ഒരു എതിരാളിയെയും ദുർബലരായി കാണരുതെന്ന പാഠം സ്പെയ്ൻ ഇനി മറക്കാനിടയില്ല. മറുപക്ഷത്തെ വമ്പൻ പേരുകൾക്കു മുന്നിൽ മുട്ടിടിക്കാതെ അവസാനംവരെ പൊരുതിയ മെറോക്കോയോട് സമനില പിടിച്ചുവാങ്ങി (2‐2) സ്പെയ്ൻ പ്രീ ക്വാർട്ടറിൽ കടന്നു. 

നെഞ്ചുറപ്പിന്റെ ബലത്തിൽ നേടിയ ഒരു പോയിന്റുമായി തലയുയർത്തിത്തന്നെ ആഫ്രിക്കക്കാർ മടങ്ങി.അപകടകാരിയല്ല എതിരാളിയെന്ന തോന്നലിൽ സ്പെയ്നിന്റെ തുടക്കം തണുപ്പനായിരുന്നു. പന്തു കൈമാറുന്നതിൽ കളിക്കാർ അമാന്തം കാണിച്ചു. ഈ അലസതയ്ക്ക് കൊടുക്കേണ്ടിവന്ന വില വലുതായിരുന്നു. ടച്ച്ലൈനിനടുത്ത് ഇനിയേസ്റ്റ റാമോസിന് തട്ടിക്കൊടുത്ത പന്ത് വരുതിയിലാക്കാൻ റാമോസ് ഒന്നറച്ചു. മിന്നൽപോലെ കുതിച്ചുവന്ന ഖാലിദ് ബൗതയിബ് പന്ത് റാഞ്ചി പറന്നു.ബോക്സിനടുത്തെത്തിയ ബൗതയിബ് മുന്നോട്ടുകയറിയ ഗോൾകീപ്പർ ഡേവിഡ് ഡെ ഗെയെയുടെ കാലുകൾക്കിടയിലൂടെ പന്ത് വലയിലാക്കി (1‐0).

അഞ്ചു മിനിറ്റിനകം ഇനിയസ്റ്റയുടെ പ്രായശ്ചിത്തം. കുറിയ പാസുകളിലൂടെ തീർക്കുന്ന ടിക്കി‐ടാക്ക വിസ്മയം സ്പെയ്ൻ മറന്നിട്ടില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞ നിമിഷം. ഇനിയസ്റ്റയിൽനിന്ന് ആദ്യം ഇസ്കോയിലേക്ക്. ഇസ്കോ പന്ത് ബോക്സിനു മുന്നിൽ ദ്യേഗോ കോസ്റ്റയ്ക്ക് കൈമാറി. കോസ്റ്റ ഇടതുവശത്ത് വഴുതിയിറങ്ങിയ ഇനിയസ്റ്റക്ക് നൽകി. ഇനിയേസ്റ്റ  പോസ്റ്റിന് സമാന്തരമായി അടിച്ചപ്പോൾ കാത്തിരുന്നപോലെ ഇസ്കോ പന്ത് ഗോൾപോസ്റ്റിന്റെ മേൽക്കൂരയിലേക്ക് അടിച്ചുകയറ്റി(1‐1).

ഗോൾ നേടിയിട്ടും സ്പെയ്ൻ അടങ്ങിയില്ല. ഇനിയസ്റ്റയും ഇസ്കോയും നീക്കങ്ങൾക്ക് ചുക്കാൻപിടിച്ചു. എന്നാൽ, മെറോക്കോ എല്ലാംമറന്ന് പ്രതിരോധിച്ചതോടെ ആദ്യപകുതിയിൽ ലീഡ് നേടാനുള്ള മോഹം നടന്നില്ല. 13 മിനിറ്റിനിടെ നാല് മഞ്ഞക്കാർഡാണ് മൊറോക്കോ വാങ്ങിക്കൂട്ടിയത്. മൊറോക്കോയുടെ പ്രത്യാക്രമണങ്ങൾ പലപ്പോഴും അപകടകരമായി. സെർജിയോ റാമോസും ജെറാർഡ് പിക്വെയും പ്രതിരോധത്തിൽ ഇണങ്ങാത്ത കണ്ണികളായി.

രണ്ടാംപകുതിയിൽ മെച്ചപ്പെട്ട മെറോക്കോയെയാണ് കണ്ടത്. പ്രതിരോധത്തിൽ പതിയിരുന്നവർ പതുക്കെ പുറത്തിറങ്ങി. അമ്രാബതിന്റെ തകർപ്പനടി പോസ്റ്റിൽ തട്ടിത്തെറിച്ചപ്പോൾ സ്പെയ്ൻ വിരണ്ടു. ഇസ്കോയുടെ ഗോളെന്നുറച്ച ഹെഡ്ഡർ റൊമേൻ സയിസ് ഗോൾലൈനിൽവച്ച് തലകൊണ്ട് തട്ടിയകറ്റി. എന്നാൽ, മൊറോക്കോ ഭയന്നില്ല. ഫൈസൽ ഫജറിന്റെ കോർണറിൽനിന്നായിരുന്നു ആഫ്രിക്കക്കാർ ലീഡ് നേടിയത്. ഉയർന്നുവന്ന പന്ത് യൂസഫ്എ എൻ നെസീറി ഉയരത്തിന്റെ ബലത്തിൽ തലകൊണ്ട് ഗോളിലേക്ക് തിരിച്ചുവിട്ടു (1‐2).

അസൻസിയോ, ഇയാഗോ അസ്പാസ്, റൊഡ്രിഗോ എന്നീ പകരക്കാരെ ഇറക്കിയ പരിശീലകൻ ഫെർണാണ്ടോ ഹിയാറോയുടെ നീക്കം ഫലംകണ്ടു. പരിക്കുസമയത്ത് അസ്പാസ് സമനില ഗോളടിച്ചു. ഓഫ്സൈഡെന്ന് ആദ്യം റഫറി വിധിയെഴുതിയെങ്കിലും വീഡിയോ സഹായ സംവിധാനം തുണച്ചപ്പോൾ സ്പെയ്നിന്് ആശ്വാസ സമനില.

വീറുകാട്ടി ഇറാൻ
സറാൻസ്ക്
ക്രിസ്റ്റ്യാനോ റൊണാൾഡോ പെനൽറ്റി പാഴാക്കിയ കളിയിൽ പോർച്ചുഗലിനെ ഇറാൻ സമനിലയിൽ കുരുക്കി (1‐1). പൊരുതിനേടിയ സമനിലയും ഇറാനെ സഹായിച്ചില്ല. അഞ്ച് പോയിന്റുമായി പോർച്ചുഗൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. റൊണാൾഡോ നിറംമങ്ങിയ മത്സരത്തിൽ റിക്കാർഡോ ക്വറസ്മയുടെ ഗോളിൽ പോർച്ചുഗലാണ് ലീഡ് നേടിയത്. അന്ത്യ നിമിഷത്തിൽ കരിം അൻസാരിഫാർദ് ഇറാന് സമനില ഗോളടിച്ചു. അവസാന നിമിഷത്തിൽ മെഹ്ദി തരാമി സുവർണാവസരം പാഴാക്കില്ലായിരുന്നെങ്കിൽ ഇറാൻ ചരിത്രമെഴുതിയേനെ. തരേമി പന്ത് പുറത്തേക്ക് അടിച്ചുകളയുകയായിരുന്നു.  പ്രീ ക്വാർട്ടർ കാണാതെ പുറത്തായെങ്കിലും പൊരുതിയാണ്‌ ഇറാൻ മടങ്ങുന്നത്‌. 

കളിയുടെ തുടക്കം മുതൽ പോർച്ചുഗൽ ആധിപത്യം നേടി. പന്തടക്കത്തിൽ സമ്പൂർണ നിയന്ത്രണം. സ്പെയ്നിനെ വിറപ്പിച്ച ഇറാൻ പോർച്ചുഗലിനെയും ഗോൾമുഖത്ത് അസ്വസ്ഥതപ്പെടുത്തി. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിയന്ത്രിക്കാൻ ഇറാൻ പ്രതിരോധ നിരയ്ക്ക് കഴിഞ്ഞു.

പോർച്ചുഗൽ നിര ഏറെ മാറിയിരുന്നു. ആദ്യ രണ്ട് കളികളിൽനിന്ന് ഏറെ മെച്ചപ്പെട്ടു. ബെർണാഡോ സിൽവ, ഗൊൺസാലോ ഗുയദെസ് എന്നിവർക്ക് പകരം അഡ്രിയാൻ സിൽവ, റിക്കാർഡോ ക്വറെസ്മ എന്നിവർ കളത്തിലെത്തി. റൊണാൾഡോയ്ക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെങ്കിലും പോർച്ചുഗലിനെ അതുബാധിച്ചില്ല.

കളിയുടെ തുടക്കം മുതൽ ഇറാൻ ഗോൾമുഖത്ത് പോർച്ചുഗൽ സമ്മർദ്ദമുണ്ടാക്കി. ആദ്യഘട്ടത്തിൽ ഇറാൻ പ്രതിരോധം വിറയ്ക്കാൻ തുടങ്ങി. മറുവശത്ത് പ്രത്യാക്രമണങ്ങൾ കൊണ്ട് ഇറാനും പോർച്ചുഗൽ മേഖലയെ പരീക്ഷിച്ചു. പോർച്ചുഗൽ പ്രതിരോധത്തിന് കെട്ടുറപ്പ് കുറവായിരുന്നു. രണ്ട് ഫ്രീകിക്കുകൾ വഴങ്ങി. മുതലാക്കാൻ ഇറാന് കഴിഞ്ഞില്ല.

ആദ്യപകുതിയിൽ പോർച്ചുഗലിനെ ഗോളടിക്കാതെ പിടിച്ചുകെട്ടാമെന്ന ആഗ്രഹം നടന്നില്ല. ക്വറെസ്മയുടെ ഒന്നാന്തരം അടി ഇറാൻ ഗോൾ വലയുടെ ഇടതുമൂല തകർത്തു. വലതുപാർശ്വത്തിൽനിന്ന് പിറന്ന ആക്രമണം. സെഡ്രിക് സോറെസുമായി ചേർന്ന് ക്വറെസ്മ മുന്നോട്ട്. തുടർന്ന് ബോക്സിന്റെ വലതുമൂലയിൽനിന്ന് ഈ മുപ്പത്തിനാലുകാരൻ മനോഹരമായി അടിപായിച്ചു. ഇറാൻ ഗോൾ കീപ്പർ ബെയ്റാൻവാൻഡ് അതിനുമുന്നിൽ കാഴ്ചക്കാരനായി.

രണ്ടാംപകുതിയിൽ പോർച്ചുഗൽ സർവാധിപത്യം കാട്ടി. ഒരു ഗോ ൾ വീണതിന്റെ ആഘാതത്തിൽനിന്ന് കരകയറാൻ ഇറാൻ ആവുംവിധംശ്രമിച്ചു. എന്നാൽ പെട്ടെന്ന് തന്നെ പെനൽറ്റി വഴങ്ങി. റൊണാൾഡോയുടെ പെനൽറ്റി പക്ഷേ, ഗോളി ബെയ്റാൻവാൻഡ്തട്ടിയകറ്റി. ഇത് ഇറാന് ആത്മവിശ്വാസം നൽകി. അവർ ഉശിരോടെ പന്ത് തട്ടി. പരിക്കുസമയത്ത് കരിം പെനൽറ്റിയിലൂടെ സമനില ഇറാന്റെ ഗോൾനേടി. വാർ പരിശോധനയിലാണ് പെനൽറ്റി തീർച്ചപ്പെടുത്തിയത്.

പ്രധാന വാർത്തകൾ
 Top