20 April Saturday

റഷ്യയിൽ ഇന്ന് കൊടുങ്കാറ്റിന് സാധ്യത

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018

 

സെന്റ് പീറ്റേഴ്സ് ബർഗ്
പ്രതിസന്ധികൾക്കിടെ അർജന്റീന ഇന്ന് നൈജരീയക്കെതിരെ. ജയിച്ചില്ലെങ്കിൽ അർജന്റീന പ്രീക്വാർട്ടർ കാണാതെ പുറത്താകും. ജയിച്ചാൽ ക്രൊയേഷ്യ‐ഐസ്ലൻഡ് മത്സരഫലത്തെ ആശ്രയിച്ചാകും മുന്നോട്ടുപോക്ക്. ലയണൽ മെസിയുടെ അവസാന അവസരമാണിത്. ഗ്രൂപ്പ് ഡിയിൽ ഒരു പോയിന്റുമായി അവസാനസ്ഥാനത്താണ് അർജന്റീന. ഗോൾവ്യത്യാസം ‐3. ഒരു ഗോളടിച്ചു നാലെണ്ണം വഴങ്ങി. ഐസ്ലൻഡിനോട് 1‐1 സമനില. ക്രൊയേഷ്യയോട് 0‐3ന്റെ തോൽവി. ഇന്ന് നൈജീരിയയോട് മികച്ച ജയംകുറിച്ചാൽ അർജന്റീനയ്ക്ക് രണ്ടാം റൗണ്ടിലേക്ക് മുന്നേറാം.

നൈജീരിയക്ക് ഒരു ജയം മതി. സമനിലയായാലും നൈജീരിയക്ക് സാധ്യതയുണ്ട്. ഐസ്ലൻഡ് മികച്ച ഗോൾവ്യത്യാസത്തിൽ ക്രൊയേഷ്യയെ തോൽപ്പിക്കാതിരുന്നാൽ മതി. മൂന്നു പോയിന്റുമായി രണ്ടാംസ്ഥാനത്താണ് ഇപ്പോൾ നൈജീരിയ. ലോകകപ്പിൽ നാലുതവണ അർജന്റീനയും നൈജീരിയയും ഏറ്റുമുട്ടിയിട്ടുണ്ട്. നാലിലും അർജന്റീന ജയിച്ചു. കഴിഞ്ഞ ലോകകപ്പിൽ 3‐2നായിരുന്നു അർജന്റീനയുടെ ജയം. ഇതിനുപുറമെ 2008 ഒളിമ്പിക്സ് ഫൈനലിലും 2005ലെ യൂത്ത് ചാമ്പ്യൻഷിപ്പിലും അർജന്റീന നൈജീരിയയെ തോൽപ്പിച്ചിട്ടുണ്ട്.

വൻ പ്രതിസന്ധിയിലാണ് അർജന്റീന ടീം. കളത്തിനു പുറത്തും അകത്തും ഒരുപോലെ പ്രശ്നങ്ങൾ. മോശം പ്രകടനങ്ങൾ കളിക്കാരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. മെസിക്ക് രണ്ടു കളിയിലും തിളങ്ങാനായില്ല. ആദ്യകളിയിൽ ഐസ്ലൻഡിനോട് പെനൽറ്റി പാഴാക്കി. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ കളത്തിലെ കാഴ്ചക്കാരനെപ്പോലെയായിരുന്നു മെസി. അതീവ സമ്മർദത്തിലാണ് ഈ മുപ്പത്തൊന്നുകാരൻ. അതിനിടെയാണ് കോച്ച് ഹോർജെ സാമ്പവോളിയും കളിക്കാരും തമ്മിൽ തെറ്റിയത്. സാമ്പവോളിയെ മാറ്റണമെന്നാവശ്യപ്പെട്ട് മധ്യനിരക്കാരൻ ഹാവിയർ മഷെറാനോയും സംഘവും രംഗത്തെത്തി. മുതിർന്ന താരങ്ങൾക്ക് പരിശീലകനിൽ വിശ്വാസം നഷ്ടപ്പെട്ടു. കഴിഞ്ഞ 13 കളിയിൽ 13 രീതിയിലാണ് സാമ്പവോളി ടീമിനെ ഇറക്കിയത്.

രണ്ടുംകൽപ്പിച്ചാകും അർജന്റീന ഇറങ്ങുക. 2002ലാണ് അവസാനമായി അർജന്റീന ആദ്യറൗണ്ടിൽ പുറത്തായത്.ഐസ്ലൻഡിനെതിരെ 4‐2‐3‐1 ശൈലിയിലാണ് അർജന്റീന കളിച്ചത്. ക്രൊയേഷ്യയോട് 3‐4‐2 എന്ന ശൈലിയിലേക്ക് മാറി. മെസിക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകാനായി 4‐3‐3 അല്ലെങ്കിൽ 4‐4‐2 ശൈലിയാകും ഇന്ന് അർജന്റീന സ്വീകരിക്കുക. ഗോൾകീപ്പർ വില്ലി കബെല്ലെറോയ്ക്ക് ഇനി ഒരു അവസരംകൂടി നൽകാൻ സാധ്യത കുറവാണ്. കബെല്ലെറോയുടെ ഭീമാബദ്ധമാണ് ക്രൊയേഷ്യയുടെ ആദ്യഗോളിന് ഇടയാക്കിയത്. റിവർപ്ലേറ്റ് ഗോളി ഫ്രാങ്കോ അർമാനിക്കാണ് ഇന്ന് സാധ്യത.മധ്യനിരയിൽ ഏഞ്ചൽ ഡി മരിയയും എവെർ ബനേഗയും തിരിച്ചെത്തിയേക്കും. ജിയോവനി ലൊ സെൽസോയും പരിഗണനാ പട്ടികയിലുണ്ട്. മുന്നേറ്റത്തിൽ സെർജിയോ അഗ്വേറോയ്ക്ക് ഇടമുണ്ടാകില്ല. പകരം ഗൊൺസാലോ ഹിഗ്വെയ്ൻ ഇറങ്ങും.

ഐസ്ലൻഡിനോടുള്ള ഇരട്ടഗോൾ ജയം നൈജീരിയയെ അപകടകാരികളാക്കിയിട്ടുണ്ട്. 3‐5‐2 ശൈലി അവർ നിലനിർത്തും. ആദ്യപതിനൊന്നിൽ മാറ്റമുണ്ടാകില്ല.
ഐസ്ലൻഡിനെതിതെ ഇരട്ടഗോൾ നേടിയ അഹമ്മദ് മൂസയാണ് നൈജീരിയയുടെ ഊർജം. കെലെച്ചി ഇഹിയാനാച്ചോയും ആക്രമണത്തിൽ മൂസയ്ക്കൊപ്പമുണ്ട്. കഴിഞ്ഞ ലോകകപ്പിൽ മൂസ അർജന്റീനയ്ക്കെതിരെ ഗോളടിച്ചിരുന്നു. മധ്യനിരയിൽ എൻഡിഡി, വിക്ടർ മോസസ്, ജോൺ ഒബി മികേൽ എന്നിവരും മികച്ച ഫോമിലാണ്. പത്തൊമ്പതുകാരൻ ഗോളി ഉസോഹോയും അർജന്റീനയ്ക്ക് വെല്ലുവിളിയുണ്ടാക്കും. ജർമൻകാരനായ പരിശീലകൻ റോഹർ ജെർണോതിന്റെ തന്ത്രങ്ങളാണ് ടീമിനെ നയിക്കുന്നത്.

ഐസ്ലൻഡ്  ><  ക്രൊയേഷ്യ

റോസ്തോവ്
കന്നിലോകകപ്പ് കയ്പേറിയ അനുഭവമല്ലാതാക്കാൻ മുഴുവൻ ശക്തിയും സംഭരിച്ച് ഐസ്ലൻഡ് ഇന്ന് ക്രൊയേഷ്യയെ നേരിടും. ആദ്യ രണ്ടു മത്സരങ്ങളിൽ ഗംഭീര വിജയം നേടിയ ക്രൊയേഷ്യക്ക് കണക്കിലെ മുൻതൂക്കവും ആത്മവിശ്വാസവും ഏറെയാണ്. ടൂർണമെന്റിൽ മികച്ച ഒത്തിണക്കത്തോടെ ഏറ്റവും നല്ല പ്രകടനം നടത്തുന്ന ടീമിനെതിരെ ജയം ഐസ്ലൻഡിന് വലിയ കടമ്പയാണ്. മുൻകാല അനുഭവത്തിൽ ഇരുടീമും ഏറ്റുമുട്ടുമ്പോൾ വാശിയേറിയ പ്രകടനം ഉറപ്പ്.

ലോകകപ്പിലെ ഗ്രൂപ്പ്ഘട്ടത്തിൽ ഒരിക്കലും ക്രൊയേഷ്യ അവസാനമത്സരം ജയിച്ചിട്ടില്ല. എന്നാൽ, ഇത്തവണ ആ പതിവ് തിരുത്തുമെന്ന ഉറപ്പിലാണ് നായകൻ ലൂക്കാ മോഡ്രിച്ചും കൂട്ടരും. അർജന്റീനയ്ക്കും നൈജീരിയക്കും എതിരെ ഗോൾ വഴങ്ങാതെയായിരുന്നു സ്കാൻഡനേവിയക്കാരുടെ ജയം. ഐസ്ലൻഡിനെതിരെ ഗോൾവഴങ്ങാതെ ജയിക്കാനായാൽ, ലോകകപ്പ് ചരിത്രത്തിൽഗ്രൂപ്പ്ഘട്ടത്തിൽ ഗോൾവഴങ്ങാതെ മുഴുവൻ പോയിന്റും നേടി മുന്നേറുന്ന നാലാമത്തെ ടീം എന്ന റെക്കോഡ് സ്വന്തമാക്കാം. നേരത്തെ ബ്രസീൽ (1986), ഇറ്റലി (1990), അർജന്റീന (1998) ടീമുകൾ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 1998ലെ മൂന്നാം സ്ഥാനത്തിനപ്പുറം പോകാനുള്ള സാധ്യത ഈ ക്രൊയേഷ്യൻ ടീമിൽ കാണുന്നവർ ഏറെ.

മികച്ച ഒത്തിണക്കമുള്ള ക്രൊയേഷ്യയുടെ കരുത്ത് മധ്യനിരയാണ്.  റയൽ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ച്, ബാഴ്സലോണയുടെ ഇവാൻ റാകിടിച്ച് എന്നിവർ നയിക്കുന്ന മധ്യനിര ഭാവനാസമ്പന്നം. ഡി ഗ്രൂപ്പിൽനിന്ന് പ്രീക്വാർട്ടർ ഉറപ്പിച്ച ടീമിന് ആക്രമിച്ചു കളിക്കാനാണ് താൽപ്പര്യം. കഴിഞ്ഞ രണ്ടു മത്സരത്തിലും ഈ കളിയൊഴുക്ക് മികച്ച ഫലം തന്നു. അർജന്റീനയെ നിഷ്പ്രഭമാക്കിയ ക്രൊയേഷ്യയുടെ ഗോളടിമികവാണ് ഐസ്ലൻഡിനെ ഭയപ്പെടുത്തുക. ബോക്സിനു പുറത്തുനിന്ന് ഗോളടിക്കാൻ പ്രത്യേക മിടുക്കുള്ള മോഡ്രിച്ച് മികച്ച ഫോമിലാണ്. എന്നാൽ, പ്രീക്വാർട്ടർ ഉറപ്പിച്ച ക്രൊയേഷ്യ പല പ്രധാന താരങ്ങൾക്കും വിശ്രമം അനുവദിക്കാൻ ഇടയുണ്ട്്. റാകിടിച്ച്, ആന്റെ റാബിച്ച്, സിമെ, മരിയോ മാൻഡ്സുകിച്ച്, മാഴ്സലോ ബ്രോസോവിക്, വെദ്രാൻ കോർലുക എന്നിവർ ഒരു മഞ്ഞകാർഡ് കണ്ടതിനാൽ ഇവരിൽ പലരെയും പുറത്തിരുത്തിയേക്കും. 

കന്നിലോകകപ്പിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല എന്ന വിമർശം ഇല്ലാതാക്കാൻ ഐസ്ലൻഡിന് ഇന്ന് ജയിക്കണം. ജയിച്ചാൽ മാത്രമേ പ്രീക്വാർട്ടറിൽ കടക്കാനുള്ള സാധ്യതയെങ്കിലും തുറന്നുകിട്ടൂ. നൈജീരിയ അർജന്റീനയെ തോൽപ്പിച്ചാൽ അർജന്റീനയും ഐസ്ലൻഡും പുറത്താകും. എന്നാൽ, അർജന്റീന ജയിക്കുകയോ ആ മത്സരം സമനിലയാകുകയോ ചെയ്താൽ ഗോൾ ശരാശരി അടക്കമുള്ള കാര്യങ്ങൾ നോക്കിയാകും അടുത്ത റൗണ്ടിലേക്കു കടക്കുന്ന ടീമിനെ നിശ്ചയിക്കുക.

യോഗ്യതാമത്സരത്തിൽ ക്രൊയേഷ്യയെ തോൽപ്പിച്ചുവെന്നത് ഐസ്ലൻഡിന് പ്രതീക്ഷയാണ്. ടീമിലെ പ്രധാന താരം ജൊഹാൻ ഗുഡ്മുണ്ട്സൺ കാൽമുട്ടിനേറ്റ പരിക്കിൽനിന്നു മോചിതനായെന്ന വാർത്തയും ടീമിന് ഉണർവേകുന്നു. ആദ്യമത്സരത്തിൽ അർജന്റീനയെ പിടിച്ചുകെട്ടിയ ഗോൾകീപ്പർ ഹാൻസ് ഹാൽഡോസനും ഐസ് ലൻഡ്‌നിരയിൽ ശ്രദ്ധേയനാണ്‌ .

അമിതപ്രതിരോധമാണ് ഐസ്ലൻഡിന് പലപ്പോഴും വിനയാകുന്നത്. ഗോളടിക്കാൻ മടിക്കുന്ന മുന്നേറ്റനിരയ്ക്ക് ഉണരാനുള്ള അവസാന അവസരമാണിത്. നായകൻ ആറോൺ ഗുണ്ണാർസനും ഗിൽഫി സിഗർഡ്സണും നേതൃത്വംനൽകുന്ന മധ്യനിര ശക്തം. സെന്റർ ബാക്ക് റാഗ്നർ സിഗുർഡ്സണ് നൈജീരിയക്കെതിരെ പരിക്കേറ്റതിനാൽ ഇന്നു കളിക്കുന്ന കാര്യം സംശയമാണ്.

ലോകകപ്പ് യോഗ്യതാമത്സരത്തിൽ ക്രൊയേഷ്യ ഐസ്ലൻഡിന്റെ പിന്നിലാണ് യോഗ്യത നേടിയത്.
എന്നാൽ, വലിയ വേദികളിൽ തിളങ്ങുന്നത് ക്രൊയേഷ്യയുടെ പതിവാണ്. കഴിഞ്ഞ യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച ഐസ്ലൻഡ് അട്ടിമറിക്ക് കെൽപ്പുള്ളവരാണ്.

പ്രധാന വാർത്തകൾ
 Top