ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരിൽ മാഞ്ചസ്റ്റർ സിറ്റി മുന്നോട്ട്. ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രണ്ട് ഗോളിന് വീഴ്ത്തി സിറ്റി കിരീടത്തിലേക്ക് നിർണായക ചുവടുവച്ചു. ഇനി മൂന്ന് മത്സരമാണ് ശേഷിക്കുന്നത്. രണ്ടാമതുള്ള ലിവർപൂളിനെക്കാൾ ഒരു പോയിന്റ് മുന്നിൽ. മറ്റൊരു മത്സരത്തിൽ അഴ്സണലിനെ വൂൾവറാംപ്ടൺ വാണ്ടറേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്തു.
സമ്മർദത്തോടെയാണ് സിറ്റി കളിക്കാനിറങ്ങിയത്. യുണൈറ്റഡ് തട്ടകമായ ഓൾഡ് ട്രഫോർഡിൽ ആദ്യനിമിഷങ്ങളിൽ സിറ്റി വിയർത്തു. എന്നാൽ ഇടവേളയ്ക്കുശേഷം പെപ് ഗ്വാർഡിയോളയുടെ സംഘം തകർപ്പൻ കളി പുറത്തെടുത്തു. ബെർണാഡോ സിൽവയും ലിറോയ് സാനെയും ലക്ഷ്യം കണ്ടു. യുണൈറ്റഡിന്റെ അവസാന ഒമ്പത് കളിയിലെ ഏഴാം തോൽവിയാണിത്.
രണ്ട് വലിയ മത്സരങ്ങൾ ജയിക്കാനായത് സിറ്റിക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ടോട്ടനം ഹോട്സ്പറിനെയാണ് ആദ്യം കീഴടക്കിയത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ തോൽവിയുടെ ക്ഷീണം രണ്ട് മികച്ച ജയങ്ങളിലൂടെ സിറ്റി മറികടന്നു. ശേഷിക്കുന്ന മത്സരങ്ങളിൽ സിറ്റിക്ക് ശക്തരായ എതിരാളികളല്ല. ബേൺലി, ലെസ്റ്റർ സിറ്റി, ബ്രൈറ്റൺ ടീമുകളുമായാണ് സിറ്റിയുടെ ശേഷിക്കുന്ന മത്സരങ്ങൾ.
ആദ്യപകുതിയിൽ കിട്ടിയ അവസരങ്ങൾ സിറ്റിക്ക് മുതലാക്കാനായില്ല. ബെർണാഡോ സിൽവയുടെ കനത്ത അടി യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡെഗെയ തട്ടിയകറ്റി. സെർജിയോ അഗ്വേറോയുടെ അടി പോസ്റ്റിൽ തട്ടിത്തെറിച്ചു. മറുവശത്ത് മാർകസ് റാഷ്ഫഡിന്റെ ഗോൾശ്രമം എഡേഴ്സൺ തടഞ്ഞു.
ഇടവേളയ്ക്കുശേഷം സിറ്റി ഉണർന്നു. പരിക്കേറ്റ ഫെർണാണ്ടീന്യോയ്ക്ക് പകരം സാനെ എത്തി. സിറ്റിയുടെ കളിക്ക് വേഗത വന്നു. യുണൈറ്റഡിന് പിടിച്ചുനിൽക്കാനായില്ല. മധ്യനിരയിൽ പോൾ പോഗ്ബ തീർത്തുംനിറംകെട്ടു. കൂട്ടാളി ഫ്രെഡും മങ്ങി.
സിറ്റി മുന്നിലെത്തി. സിൽവ ഗോളടിച്ചു. നല്ല നീക്കമായിരുന്നു സിറ്റിയുടേത്. ഇകായ് ഗുണ്ടോവനാണ് അവസരമൊരുക്കിയത്. ഗുണ്ടോവൻ നൽകിയ പന്തുമായി സിൽവ വലതുവശത്തിലൂടെ മുന്നേറി. ബോക്സിന് പുറത്തുവച്ച് ഇടംകാൽകൊണ്ട് തട്ടി. വലതുമൂലയിൽ പന്ത് കുരുങ്ങി. ഡെഗെയക്ക് എത്തിപ്പിടിക്കാനായില്ല.
മിനിറ്റുകൾക്കുളളിൽ രണ്ടാം ഗോൾ പിറന്നു. ഇക്കുറി സാനെ. റഹീം സ്റ്റെർലിങ്ങിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം. യുണൈറ്റഡ് പ്രതിരോധക്കാരെ കാഴ്ചക്കാരാക്കി സ്റ്റെർലിങ് സാനെയ്ക്ക് പന്ത് നൽകി. സാനെയുടെ കരുത്തുറ്റ ഷോട്ട് ഡെഗെയയുടെ കാലിൽത്തട്ടി വലയിൽ കയറി.
വമ്പൻമാരെ വീഴ്ത്തി മുന്നേറുന്ന വൂൾവ്സ് അഴ്സണലിനെയും വെറുതെവിട്ടില്ല. 3–-1. ആദ്യ നാലിൽ എത്താനുള്ള അവസരമാണ് അഴ്സണലിന് നഷ്ടമായത്. 66 പോയിന്റുമായി അഞ്ചാമതാണ് അഴ്സണൽ. ഒരു പോയിന്റ് വ്യത്യാസത്തിൽ ചെൽസി നാലാമതുണ്ട്. 70 പോയിന്റുമായി ടോട്ടനം മൂന്നാമതും. 64 പോയിന്റുള്ള യുണൈറ്റഡ് അഞ്ചാമതാണ്. തുടർ ജയങ്ങളുമായി വൂൾവ്സ് ആറാമതെത്തി.
അഴ്സണലിനെതിരെ ആദ്യപകുതിയിൽത്തന്നെ വൂൾവ്സ് മൂന്ന് ഗോളടിച്ചു. റൂബെൻ നവാസ്, മാറ്റ് ദോഹെർടി, ദ്യോഗോ ജോട്ട എന്നിവരാണ് ഗോൾ നേടിയത്. കളിയുടെ അവസാനഘട്ടത്തിൽ സോക്രട്ടീസ് പപസ്തോപൗലോസ് അഴ്സണലിന്റെ ആശ്വാസഗോളടിച്ചു.