21 July Sunday

അതിജീവിച്ചു ജർമനി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 26, 2019


അയാക‌്സ‌്
തിരിച്ചടികൾ മറന്ന‌് ജർമൻ യുവനിരയുടെ തിരിച്ചുവരവ‌്. യൂറോ കപ്പ‌് യോഗ്യതയിൽ നെതർലൻഡ‌്സിനെ കീഴടക്കി ജർമനി പുതിയ തുടക്കം കുറിച്ചു (3–-2).
ഡച്ചിനെതിരെ ആദ്യഘട്ടത്തിൽത്തന്നെ ജർമനി രണ്ട‌് ഗോളിന‌് മുന്നിലെത്തി. ഇടവേളയ‌്ക്കുശേഷം ഡച്ച‌് രണ്ടെണ്ണം തിരിച്ചടിച്ചതോടെ കളി ആവേശകരമായി. കളി തീരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ പ്രതിരോധക്കാരൻ നിക്കോ ഷുൾസ‌് ജർമനിയുടെ വിജയഗോൾ സ്വന്തമാക്കി.

2018ലെ ലോകകപ്പിലെ കനത്ത തിരിച്ചടിക്കുശേഷം ഒരുപിടി യുവതാരങ്ങളുമായാണ‌് ജർമനി കളത്തിലിറങ്ങിയത‌്. ദിവസങ്ങൾക്ക‌് മുമ്പ‌് സൗഹൃദ മത്സരത്തിൽ സെർബിയയോട‌് സമനിലയിൽ കുരുങ്ങിയ ജർമൻ ടീമിനെ അന്ന‌് ആരാധകർ കൂവിവിളിച്ചിരുന്നു. പരിശീലകൻ ജോക്വിം ലോ യുവതാരങ്ങളിൽ വിശ്വാസമർപ്പിച്ചു. ഡച്ചിനെതിരെ  ലോയുടെ വിശ്വാസം സത്യമായി. 

ഉശിരൻ കളിയായിരുന്നു ജർമനിയുടേത‌്. കഴിഞ്ഞ ലോകകപ്പിലും യൂറോയിലും യോഗ്യത കിട്ടാതെ പുറത്തായ ഡച്ചും തിരിച്ചുവരവിന്റെ വഴിയിലാണ‌്. സമീപകാലത്ത‌് മിന്നുന്ന കളിയാണ‌് അവർ പുറത്തെടുത്തത‌്. യുവേഫ നേഷൻസ‌് ലീഗിൽ ഒരുതവണ ജർമനിയെ തോൽപ്പിക്കുകയും പിന്നെ സമനിലയിൽ തളയ‌്ക്കുകയും ചെയ‌്തിട്ടുണ്ട‌്. ഇക്കുറി ജർമനി പകരം വീട്ടി.

ലിറോയ‌് സാനെയും സെർജി നാബ്രിയും മുന്നേറ്റത്തിൽ കസറി. ആക്രമിച്ചുകളിക്കുന്ന ഡച്ച‌് ശൈലിയോട‌് അതേ രീതിയിലായിരുന്നു ജർമനിയുടെ മറുപടി. ഡച്ചിനും നല്ല മൂർച്ചയായിരുന്നു. ആദ്യ അവസരം കിട്ടിയത‌് ഡച്ചിനാണ‌്. വിങ്ങർ റ്യാൻ ബാബേലിന്റെ  ഗോളെന്നുറച്ച രണ്ട‌് ശ്രമങ്ങളെ ജർമൻ ഗോൾ കീപ്പർ മാനുവൽ നോയെ തടഞ്ഞു.

മറുവശത്ത‌് നാബ്രിയുടെ ക്ലോസ‌് റേഞ്ചിൽനിന്നുള്ള കനത്ത ഷോട്ട‌് ഡച്ച‌് ഗോൾ കീപ്പർ യാസ‌്പർ സില്ലിസെൺ തട്ടിയകറ്റി. സില്ലിസെണ‌് ഏറെനേരം പിടിച്ചുനിൽക്കാനായില്ല. ഷുൾസിന്റെ ഇടതുഭാഗത്തുനിന്നുള്ള കുറിയ ക്രോസ‌് സാനെ പിടിച്ചെടുത്ത‌് അടിതൊടുത്തു.അരമണിക്കൂറിനുള്ളിൽ ജർമനി ലീഡുയർത്തി. ഡച്ച‌്  പ്രതിരോധക്കാരൻ വിർജിൽ വാൻ ഡിക്കിനെ വെട്ടിയൊഴിഞ്ഞ‌് മുന്നേറിയ നാബ്രി 25 മീറ്റർ ദൂരത്തുനിന്ന‌് കനത്ത അടിപായിച്ചു. സില്ലിസെണ‌് തടയാനായില്ല.
ഇടവേള കഴിഞ്ഞ‌് കളി ഡച്ചുകാർ ഏറ്റെടുത്തു. മെംഫിസ‌് ഡിപെയുടെ ക്രോസിൽ തലവച്ച‌് കൗമാര താരം ഡി ലൈറ്റ‌് ഡച്ചിനായി ഒരു ഗോൾ മടക്കി. പിന്നാലെ ഡിപെ സമനിലയും പിടിച്ചു.

ഡച്ച‌് കോച്ച‌് റൊണാൾഡ‌് കൂമാൻ തന്ത്രം മാറ്റിയില്ല. ആക്രമിച്ചുകൊണ്ടിരുന്നു. പ്രതിരോധത്തിൽ ശ്രദ്ധിച്ചില്ല. ഇത‌് തിരിച്ചടിയായി. പകരക്കാരനായി എത്തിയ മാർകോ റ്യൂസ‌് നൽകിയ പാസ‌് ഒഴിഞ്ഞുനിന്ന ഷുൾസിന‌് കിട്ടി. തടയാൻ ഡച്ച‌് പ്രതിരോധത്തിനായില്ല.ഗ്രൂപ്പ‌് സിയിൽ ഇരു ടീമുകൾക്കും മൂന്നുവീതം പോയിന്റാണ‌്. ഡച്ചിന‌്‌ രണ്ട‌് കളിയായി. ബെലറൂസിനെ 2–-1ന‌് തോൽപ്പിച്ച‌് വടക്കൻ അയർലൻഡ‌് ഒന്നാമതെത്തി. ആദ്യ കളിയും അയർലൻഡ‌് ജയിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top