ലണ്ടൻ
അഭ്യൂഹങ്ങൾക്ക് വിരാമം. പരിശീലകൻ ഫ്രാങ്ക് ലംപാർഡിനെ ചെൽസി പുറത്താക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർതോൽവികളെ തുടർന്നാണ് നടപടി. അവസാന എട്ടിൽ അഞ്ചിലും ചെൽസി തോറ്റു. 19 കളി പൂർത്തിയായപ്പോൾ 29 പോയിന്റുമായി ഒമ്പതാമതാണ്. ഈ സീസൺ താരകൈമാറ്റ വിപണിയിൽ 2,200 കോടിയോളം രൂപ ചെലവഴിച്ച് വമ്പൻ കളിക്കാരെ എത്തിച്ചിട്ടും ടീമിന് മുന്നേറ്റം നടത്താനാകാത്തതിൽ നേരത്തേ പരിശീലകനുനേരെ വിമർശമുയർന്നിരുന്നു.
2019 ജൂലൈയിൽ മൗറീസിയോ സാറിക്ക് പകരക്കാരനായാണ് മുൻതാരംകൂടിയായ ലംപാർഡ് ചെൽസിയുടെ ചുമതലയേറ്റെടുത്തത്. മൂന്ന് വർഷത്തെ കരാറായിരുന്നു. തോമസ് ടുഷലാണ് പുതിയ പരിശീലകനാകാൻ സാധ്യത.
കഴിഞ്ഞ സീസൺ പാതിയിലായിരുന്നു ലംപാർഡ് ചെൽസിയിൽ എത്തിയത്. ലീഗിൽ നാലാംസ്ഥാനത്തും, എഫ്എ കപ്പ് ഫൈനലിലും അത്തവണ ടീമിനെ നയിച്ചു. ഒരു കളിക്കാരനെയും ടീമിൽ പുതുതായി കൊണ്ടുവന്നില്ല. എന്നാൽ, ഈ സീസണിൽ കഥ മാറി. യൂറോപ്പിൽ ഏറ്റവും കൂടുതൽ കളിക്കാരെ കൈമാറ്റ വിപണയിൽനിന്ന് സ്വന്തമാക്കിയ സംഘമായി ചെൽസി. ടിമോ വെർണെർ, കയ് ഹവേർട്സ്, ബെൻ ചിൽവെൽ, ഹക്കീം സിയെക്ക് തുടങ്ങി ഏഴ് പ്രമുഖർക്കായി ചെലവിട്ടത് രണ്ടായിരത്തിലധികം കോടി രൂപ. പക്ഷേ, ഫലമുണ്ടായില്ല. കൃത്യമായ തന്ത്രമോ പദ്ധതിയോ ഇല്ലാതെ ചെൽസി നിരാശപ്പെടുത്തി. ഇടയ്ക്ക് മുന്നേറിയെങ്കിലും പതിയെ കിതച്ചു.
ലൂട്ടണെതിരെ എഫ്എ കപ്പിലാണ് ലംപാർഡ് അവസാനമായി ടീമിനെ ഒരുക്കിയത്. 84 കളിയിൽ ടീമിനെ നയിച്ചു. 44 ജയവും 25 തോൽവിയും. രണ്ടാംഡിവിഷൻ ടീമായ ഡെർബി കൗണ്ടിയുടെ പരിശീലകനായിരുന്നു നാൽപ്പത്തിരണ്ടുകാരൻ. 648 കളിയിൽ ചെൽസിക്കായി ബൂട്ടണിഞ്ഞിട്ടുണ്ട് ഈ മധ്യനിരക്കാരൻ. ടീമിനെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനുമാണ് (211). 2001 മുതൽ 2014 വരെയുള്ള കാലയളവിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 11 കിരീടങ്ങളും നേടി. പിഎസ്ജിയുടെ ചുമതലയിൽനിന്ന് കഴിഞ്ഞമാസം പുറത്താക്കിയ ടുഷൽ ജർമൻകാരനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..