21 July Sunday

വീണ്ടും ആ ഓർമകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019


ലണ്ടൻ
ഓർമകൾ ബുമ്രയുടെ പന്തിനേക്കാൾ വേഗത്തിൽ പിന്നോട്ടു പായുന്നു. ഇന്നേക്ക‌് 36വർഷം മുമ്പാണ‌് ‘കപിലിന്റെ ചെകുത്താൻമാർ’ ലോർഡ‌്സിൽ ലോകകിരീടം ചൂടിയത‌്. 1983 ജൂൺ 25. ഇന്ത്യ വീണ്ടുമൊരു ലോകകപ്പിനായി ഇംഗ്ലണ്ടിലുള്ളപ്പോൾ ഓർമകൾ ക്രിക്കറ്റ‌് പ്രേമികളെ ത്രസിപ്പിക്കുന്നു. ലോർഡ്‌സിലെ ബാൽക്കണിയിൽ കപിൽ ദേവും കൂട്ടരും ഉയർത്തിയ ആ കപ്പ‌് വീണ്ടും മോഹിപ്പിക്കുന്നു.  

   ലോകകപ്പിന്റെ മൂന്നാം പതിപ്പായിരുന്നു അത‌്. കിരീടപോരിൽ മുട്ടുകുത്തിച്ചത്‌ ക്രിക്കറ്റ്‌ കളം വാണ ക്ലൈവ്‌ ലോയ്‌ഡിന്റെ വെസ്റ്റിൻഡീസിനെ. ഹാട്രിക‌് ഉറപ്പിച്ചെത്തിയ കരീബിയൻ  സംഘത്തെ 43 റണ്ണുകൾക്കായിരുന്നു ഇന്ത്യ തോൽപ്പിച്ചത്‌. അതേ ഇംഗ്ലണ്ടിൽ മറ്റൊരു ലോകകപ്പ‌് ആരവം മുഴങ്ങുമ്പോൾ കപിലിന്റെ പിൻഗാമികൾ സെമി ഫൈനലിന്‌ തൊട്ടടുത്താണ്‌. ജൂലൈ പതിനാലിന്‌ ലോർഡ്‌സിൽ ചരിത്രം ആവർത്തിക്കപ്പെടുമെന്ന വിശ്വാസത്തിലാണ്‌ വിരാട്‌ കോഹ്‌ലിയും കൂട്ടുകാരും. 

1983ൽ കളിക്കാനെത്തുമ്പോൾ എന്തെങ്കിലും  പ്രതീക്ഷിക്കാൻപോലും ശേഷിയില്ലായിന്നു.  അട്ടിമറിക്കാരുടെ പട്ടികയിലും ഇടമുണ്ടായിരുന്നില്ല. കാരണം ആദ്യ രണ്ട‌് ലോകകപ്പുകളിലും  പ്രകടനം ദയനീയമായിരുന്നു. പന്തുകൾ മൂളി പറക്കുന്ന ഇംഗ്ലണ്ടിലെ  മൈതാനങ്ങളിൽ ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർക്ക്‌ മുട്ടുവിറയ്‌ക്കുമെന്നും റിച്ചാർഡ്‌ ഹാഡ്‌ലിയെ പോലെയുള്ള ലോകോത്തര പേസർമാർക്കിടയിൽ റോജർ ബിന്നിക്കും മദൻ ലാലിനും ഒന്നും ചെയ്യാനാകില്ലെന്നും ഏവരും വിധിയെഴുതി. പക്ഷേ കളത്തിൽ മറിച്ചായിരുന്നു കണ്ടത്‌. കപിലും മൊഹീന്ദർ അമർനാഥും ബാറ്റിലും പന്തിലും വിസ്‌മയിപ്പിച്ചു. 18 വിക്കറ്റോടെ ടൂർണമെന്റിൽ ഏറ്റവും വലിയ വിക്കറ്റ്‌ വേട്ടക്കാരനായി റോജർ ബിന്നി തിളങ്ങി. മദൻലാലും മിടുക്ക്‌ കാട്ടി. സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ആറ്‌ വിക്കറ്റിന്‌ കീഴടക്കിയായിരുന്നു ഇന്ത്യ ഫൈനലിലേക്ക്‌ കുതിച്ചത്‌.

ഫൈനലിൽ ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യയെ ജോയൽ ഗാർണറും മൈക്കൽ ഹോൾഡിങ്ങും വരിഞ്ഞുമുറുക്കി. 54.4 ഓവറിൽ 183 റണ്ണിന്‌ ഇന്ത്യ കൂടാരം കയറി. കെ ശ്രീകാന്തും (57 പന്തിൽ 38) മൊഹീന്ദറും (80 പന്തിൽ 26) മാത്രം പൊരുതി. പേരുകേട്ട വിൻഡീസ്‌ ബാറ്റിങ് നിര അനായാസ വിജയത്തിനായി പാഡ്‌ കെട്ടി. എന്നാൽ, മൊഹീന്ദറും മദൻലാലും അവരുടെ നടുവൊടിച്ചു. മൂവരും മൂന്ന്‌ വിക്കറ്റ്‌ നേടി ഇന്ത്യക്ക്‌ നൽകിയത്‌ 43 റൺ ജയം.

മൂന്നരപ്പതിറ്റാണ്ടുകൾക്കിപ്പുറം മറ്റൊരു ഫൈനലിനായി ലോർഡ‌്സ‌്  കാത്തിരിക്കുമ്പോൾ കപിലിന്റെയും സംഘത്തിന്റെയും പോരാട്ടവീര്യം ഇന്ത്യക്ക്‌ ഊർജം പകരുമെന്നാണ്‌ പ്രതീക്ഷ.


പ്രധാന വാർത്തകൾ
 Top