12 November Tuesday
ഐഎസ്‌എൽ

തുടരാൻ ബ്ലാസ്‌റ്റേഴ്‌സ്‌ ; ഇന്ന്‌ മുംബൈ സിറ്റിയോട്‌

അജിൻ ജി രാജ്‌Updated: Thursday Oct 24, 2019

ബ്ലാസ്‌റ്റേഴ്‌സ്‌ താരങ്ങൾ പരിശീലനത്തിൽ ഫോട്ടോ: പി വി സുജിത്‌


കൊച്ചി
ആശിച്ച തുടക്കത്തിനുശേഷം രണ്ടാമങ്കത്തിന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്‌സിയാണ്‌ എതിരാളി. ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ എടികെയെ 2–-1ന്‌ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ്‌ എൽകോ ഷട്ടോരിയുടെ ബ്ലാസ്‌റ്റേഴ്‌സ്‌ മുംബൈയെ നേരിടുന്നത്‌. ഒരൊറ്റ ലക്ഷ്യം മാത്രം. ജയം, പോയിന്റ്‌ പട്ടികയിൽ ആധിപത്യം. രാത്രി 7.30നാണ്‌ കിക്കോഫ്‌.

ആശങ്കകൾ മാറ്റിയ ജയമായിരുന്നു എടികെയ്‌ക്കെതിരെ. പ്രമുഖ താരങ്ങളുടെ പരിക്കും മുന്നൊരുക്കങ്ങളിലെ പോരായ്‌മകളും പേറിയായിരുന്നു ആദ്യ കളിക്ക്‌ ഇറങ്ങിയത്‌. എന്നാൽ, നായകൻ ബർതലോമേവ്‌ ഒഗ്‌ബെച്ചെ എല്ലാ സംശയങ്ങളും തീർത്തു. പിന്നിൽനിന്ന ശേഷമുള്ള രണ്ടു ഗോളുകൾ നൽകിയത്‌ കുതിക്കാനുള്ള ആവേശമാണ്‌. മുംബൈക്കെതിരെയും ഒഗ്‌ബെച്ചെയുടെ കാലുകളിലാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ നോട്ടം. കഴിഞ്ഞ സീസണിൽ അവസാനം ഏറ്റുമുട്ടിയപ്പോൾ 6–-1ന്‌ തോറ്റതിന്റെ മുറിവ്‌ മാഞ്ഞിട്ടില്ല ബ്ലാസ്‌റ്റേഴ്‌സിന്‌. ഇന്ന്‌ പന്തുതട്ടുമ്പോൾ പോയ സീസണിലെ കടം ബാക്കിയുണ്ട്‌ അവർക്ക്‌.

ബ്ലാസ്‌റ്റേഴ്‌സ്‌ നിരയിൽ വലിയ മാറ്റങ്ങൾക്ക്‌ സാധ്യതയില്ല. സഹൽ അബ്‌ദുൾ സമദ്‌ ആദ്യ ഇലവനിൽ കളിച്ചേക്കും. ജയ്‌റോ റോഡ്രിഗസും ജിയാനി സുയ്‌വെർലൂണും പിൻനിര കാക്കും. ജെസൽ കർണെയ്‌റോയും മുഹമ്മദ്‌ റാകിപ്പും ഇരുവശങ്ങളിൽ അണിനിരക്കും. മധ്യനിരയും പിൻനിരയും ഇഴുകിച്ചേരാത്തതിന്റെ പോരായ്‌മകൾ എടികെയ്‌ക്കെതിരെ പ്രതിഫലിച്ചിരുന്നു. സെർജിയോ സിഡോഞ്ചോയും മുഹമ്മദൗ മൗസ്‌തഫ നിങ്ങുമാണ്‌ കളി മെനയുക. സഹൽ എത്തുകയാണെങ്കിൽ ജീക്‌സൺ സിങ്ങോ ഹാളിചരൺ നർസാരിയോ വഴിമാറും.

   അവസാന സീസണിൽ സെമി ഫൈനൽവരെ കുതിച്ച സംഘമാണ്‌ മുംബൈ. പോർച്ചുഗീസ്‌ പരിശീലകൻ ജോർജ്‌ കോസ്റ്റയ്‌ക്ക്‌ രണ്ടാം അവസരമാണിത്‌. സാഹചര്യങ്ങൾക്കനുസരിച്ച്‌ ടീമിനെ ഒരുക്കാൻ മിടുക്കനാണ്‌ കോസ്റ്റ. മുന്നേറ്റത്തിൽ മുഡോ സൗഗോയിലാണ്‌ മുംബൈ പ്രതീക്ഷകൾ. കഴിഞ്ഞ സീസണിൽ 12 ഗോളുകളാണ്‌ ഈ സെനഗലുകാരൻ അടിച്ചത്‌. ടുണീഷ്യയിൽ നിന്നെത്തിയ അമിനെ ചെർമിറ്റി കൂട്ടാകും.

ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന്‌ അവസാനനിമിഷം പ്രതിരോധക്കാരൻ അൻവർ അലി ടീം വിട്ടത്‌ മുംബൈയ്‌ക്ക്‌ തിരിച്ചടിയാണ്‌. സുഭാശിഷ്‌ ബോസ്‌, സാർഥക്‌ ഗൗളി , ക്രൊയേഷ്യക്കാരൻ മാറ്റോ ഗ്രിക്‌ എന്നിവരടങ്ങിയതാണ്‌ പിൻനിര. കളി നിയന്ത്രിക്കാൻ പൗലോ മക്കാഡോയും റൗളിൻ ബോർജസുമുണ്ട്‌.


പ്രധാന വാർത്തകൾ
 Top