05 April Sunday

ആയിരത്തിൽ റൊണാൾഡോ

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020


ഫെറാറ
കളിജീവിതത്തിലെ ആയിരാമത്തെ മത്സരത്തിലും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ ലീഗിൽ തുടർച്ചയായ 11 കളികളിൽ ഗോളടിക്കുന്ന മൂന്നാമത്തെ കളിക്കാരനെന്ന നേട്ടം സ്വന്തമാക്കി ‘ആയിരം’ കളി ഈ യുവന്റസുകാരൻ ആഘോഷിച്ചു. സ്‌പാളിനെതിരെ 39–-ാം മിനിറ്റിലാണ്‌ റൊണാൾഡോയുടെ ഗോൾ പിറന്നത്‌. കളി യുവന്റസ്‌ 2–-1ന്‌ നേടി.

2002ൽ സ്‌പോർടിങ്‌ ലിസ്‌ബണിനായി ഇന്റർ മിലാനെതിരെയായിരുന്നു റൊണാൾഡോയുടെ അരങ്ങേറ്റം. പതിനേഴാം വയസ്സിൽ ചാമ്പ്യൻസ്‌ ലീഗ്‌ യോഗ്യതാ കളിക്കിറങ്ങിയ ആ കൗമാരക്കാരൻ പിന്നീട്‌ മൈതാനം വാണു. പോർച്ചുഗീസ്‌ ക്ലബ്ബിലെ മികവ്‌ ഇംഗ്ലീഷ്‌ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിച്ചു. 2003 മുതൽ 2009 വരെ യുണൈറ്റഡിൽ സർ അലക്‌സ്‌ ഫെർഗൂസന്റെ അരുമശിക്ഷ്യനായി. 292 കളികളിലായി കുറിച്ചത്‌ 118 ഗോളുകൾ. 2008ലെ ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയ റൊണാൾഡോയെ പൊന്നുംവില നൽകി സ്വന്തമാക്കാൻ ക്ലബ്ബുകൾ മത്സരിച്ചു. റയൽ മാഡ്രിഡായിരുന്നു ആ പോരിൽ വിജയിച്ചത്‌. റയലിൽ ചേക്കേറിയതോടെ പോർച്ചുഗീസുകാരൻ ഒന്നാന്തരം മുന്നേറ്റക്കാരനായി പരിണമിച്ചു. സ്‌പാനിഷ്‌ ക്ലബ്ബിനായി ഗോൾമഴ തീർത്ത്‌ റോണോ അമ്പരിപ്പിച്ചു. ടീമിനൊപ്പം ഹാട്രിക്‌ ചാമ്പ്യൻസ്‌ ലീഗടക്കം റെക്കോഡുകൾ പലതും കീഴടക്കി. മൂന്നുവട്ടം ബാലൻ ഡി ഓറിലും ചുംബിച്ചു. റയലിനായി 438 കളികളിലായി നേടിയത്‌ 450 ഗോളുകൾ. പോർച്ചുഗലിനായി 164ൽ 99 തവണ ലക്ഷ്യവും കണ്ടു.

പോയ സീസണിലാണ്‌ റൊണാൾഡോ യുവന്റസിൽ എത്തുന്നത്‌. ഇറ്റാലിയൻ ചാമ്പ്യൻമാർക്കായി ഇതേവരെ 73 കളികളിൽ 54 ഗോൾ നേടി. ഈ സീസണിൽ 21 തവണയാണ്‌ വലകണ്ടത്‌. ഡിസംബർ ഒന്നിന്‌ സാസുവോളോയ്‌ക്കെതിരെ തുടങ്ങിയ ഗോൾവേട്ടയാണ്‌ ലീഗിൽ സ്‌പാളിനെതിരെയും മുപ്പത്തിയഞ്ചുകാരൻ തുടർന്നത്‌. 11 കളികളിലും ഗോൾ. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയ്‌ക്കും ഫാബിയോ ക്വാഗ്ലിയാറെല്ലയ്‌ക്കും ശേഷം ഈ നേട്ടം കുറിക്കുന്ന മൂന്നാമത്തെ കളിക്കാരൻ. മാർച്ച്‌ ഒന്നിന്‌ ഇന്റർ മിലാനെതിരെയും ലക്ഷ്യം കണ്ടാൽ റെക്കോഡ്‌ സ്വന്തം പേരിലാക്കാം യുവന്റസുകാരന്‌.


പ്രധാന വാർത്തകൾ
 Top