21 November Thursday

ഗോകുലത്തിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

ഗോകുലത്തിനായി ഹെൻറി കിസേക ഗോൾ നേടുന്നു


ധാക്ക
ഗോകുലം കേരള എഫ്‌സി രാജ്യാന്തര ഫുട്‌ബോൾ ടൂർണമെന്റിലെ അരങ്ങേറ്റം ഗംഭീരമാക്കി. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ നടക്കുന്ന ഷെയ്‌ഖ്‌ കമൽ ടൂർണമെന്റിൽ ഗോകുലം ആതിഥേയരായ ബസുന്ധര കിങ്സിനെ 3–-1 ന്‌ തോൽപ്പിച്ചു. ഹെൻറി കിസേക രണ്ട്‌ ഗോൾ നേടി. നതാനിയേൽ ഗാർസിയയുടെ ഫ്രീകിക്കിൽ നിന്നായിരുന്നു മൂന്നാം ഗോൾ. 

ആദ്യ പകുതിയിൽ കളിയുടെ നിയന്ത്രണം ഗോകുലത്തിന്റെ ബൂട്ടിലായിരുന്നു. കിസേകയുടെ നീക്കങ്ങൾ ബംഗ്ലാദേശ്‌ ബോക്‌സിനെ വിറപ്പിച്ചു. സമ്മർദത്തിന്‌ ഫലമുണ്ടായി. ഇരുപത്തിനാലാം മിനിറ്റിൽ മധ്യനിരയിൽനിന്നും കിട്ടിയ പന്തുമായി കുതിച്ച കിസേകയെ തടയാൻ ബംഗ്ലാ പ്രതിരോധത്തിനായില്ല.  ട്രിനിഡാഡ്‌ താരം നതാനിയേൽ ഫ്രീകിക്കിലൂടെ ലീഡ്‌ ഉയർത്തി. കിക്ക്‌ പോസ്‌റ്റിന്റെ ഇടത്തേമൂലയിൽ പതിച്ചപ്പോൾ ഗോളിക്ക്‌ അനങ്ങാനായില്ല. 

രണ്ടാം പകുതി തുടങ്ങിയ ഉടൻ കിസേക വീണ്ടും ഗോളടിച്ചു. മോടിൻ മിയയിലൂടെ ബംഗ്ലാ ടീം ആശ്വാസഗോൾ നേടി. നാളെ ഗോകുലം മലേഷ്യൻ ക്ലബ്ബായ ടെറെൻഗനുവിനെ നേരിടും.


പ്രധാന വാർത്തകൾ
 Top