25 August Sunday

അർജന്റീനയ‌്ക്ക‌് ജയിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

അർജന്റീനയുടെ ലയണൽ മെസിയും സെർജിയോ അഗ്വേറോയും പരിശീലനത്തിൽ

പോർട്ടോ അലെഗ്ര
കോപ അമേരിക്കയിൽ അർജന്റീനയ‌്ക്ക‌് ഇന്ന‌് നിർണായക മത്സരം. അവസാന ഗ്രൂപ്പ‌് മത്സരത്തിൽ ഖത്തറാണ‌് എതിരാളികൾ. ജയിച്ചില്ലെങ്കിൽ ആദ്യ റൗണ്ടിൽത്തന്നെ അർജന്റീനയ‌്ക്ക‌് മടങ്ങാം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പരാഗ്വേ കൊളംബിയയോട‌് ഏറ്റ‌ുമുട്ടും. ആറ‌് പോയിന്റുമായി കൊളംബിയ ക്വാർട്ടർ ഉറപ്പാക്കി. രണ്ടാമതുള്ള പരാഗ്വേയ‌്ക്ക‌് രണ്ട‌് പോയിന്റുണ്ട‌്. ഒരു പോയിന്റുമായി ഖത്തർ മൂന്നാമത‌്.ഗോൾ വ്യത്യാസത്തിൽ അർജന്റീന അവസാന സ്ഥാനത്തും. ഒരു തോൽവിയും സമനിലയുമാണ‌് ലയണൽ മെസിക്കും സംഘത്തിനും.

മൂന്നാമതുള്ള ഖത്തറിനെ തോൽപ്പിച്ചാൽ അർജന്റീനയ‌്ക്ക‌് നാല‌് പോയിന്റാകും. പരാഗ്വേയെ കൊള‌ംബിയ തോൽപ്പിച്ചാൽ രണ്ടാം സ‌്ഥാനക്കാരായി അർജന്റീന ക്വാർട്ടർ യോഗ്യത നേടും. പരാഗ്വേ ജയിച്ചാൽ മൂന്നാം സ‌്ഥാനക്കാരാകുന്ന അർജന്റീനയ‌്ക്ക‌് മറ്റു മത്സരഫലങ്ങൾകൂടി ആശ്രയിക്കേണ്ടി വരും. മികച്ച രണ്ട‌് മൂന്നാംസ‌്ഥാനക്കാർക്ക‌് മാത്രമേ ക്വാർട്ടർ പ്രവേശനമുള്ളൂ.

അർജന്റീന നിരയിൽ സെർജിയോ അഗ്വേറോ ആദ്യ പതിനൊന്നിൽ സ‌്ഥാനം പിടിച്ചേക്കും. കോച്ച‌് ലയണൽ സ‌്കലോനി കഴിഞ്ഞ മത്സരത്തിൽ അഗ്വേറോയെ പകരക്കാരനായാണ‌് കളിപ്പിച്ചത‌്. ഇത‌് അവരുടെ കളിയെ ബാധിച്ചിരുന്നു. മെസി മികവിലേക്കുയരാത്തതും തിരിച്ചടിയായി. മറ്റ‌് കളിക്കാരുടെ പിന്തുണയും മെസിക്ക‌് കിട്ടുന്നില്ല. ഏതു ടീമിനേയും ഞെട്ടിക്കാനുള്ള ശേഷി ഖത്തറിനുണ്ട‌്. പരാഗ്വേയെ സമനിലയിൽ പിടിച്ചിരുന്നു അവർ. കൊളംബിയയോടും പൊരുതി.

കൊളംബിയക്കെതിരായ ആദ്യ മത്സരത്തിൽ അർജന്റീന കളത്തിലേ ഇല്ലായിരുന്നു. 2–-0ന്റെ വലിയ പരാജയം ടീമിനെ ഉലച്ചു. പരാഗ്വേയ‌്ക്കെതിരായ മത്സരത്തിലും അർജന്റീന തെളിഞ്ഞില്ല. മെസിയുടെ പെനൽറ്റിയിലായിരുന്നു സമനില പിടിച്ചത്‌. മുന്നേറ്റത്തിൽ ഒത്തിണക്കമുണ്ടായില്ല. പ്രതിരോധവും പാളി. ഖത്തറിനെതിരെ ഉണർന്നു കളിച്ചില്ലെങ്കിൽ അർജന്റീനയ്‌ക്ക്‌ നിരാശയോടെ കോപയിൽ നിന്ന്‌ മടങ്ങാം. ദേശീയ കുപ്പായത്തിൽ മെസിയുടെ അവസാന അവസരം കൂടിയായിരിക്കും ഇത്‌.


പ്രധാന വാർത്തകൾ
 Top