22 August Thursday

ചിലി ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

ഇക്വഡോറിനെതിരെ ഗോൾ നേടിയ ചിലിയുടെ സാഞ്ചെസിന്റെ ആഹ്ലാദം


സാൽവദോർ
കോപ അമേരിക്ക ഫുട‌്ബോളിൽ ഇക്വഡോറിനെ തോൽപ്പിച്ച‌് നിലവിലെ ചാമ്പ്യൻമാരായ ചിലി ക്വാർട്ടർ  ഉറപ്പാക്കി. ഒന്നിനെതിരെ രണ്ട‌് ഗോളിനായിരുന്നു ചിലിയുടെ ജയം‌. കളിച്ച രണ്ട‌് മത്സരത്തിലും ജയിച്ച ചിലി ഗ്രൂപ്പിൽ ഒന്നാമതായാണ‌് ക്വാർട്ടർ യോഗ്യത നേടിയത‌്. എട്ടാം മിനിറ്റിൽത്തന്നെ ചിലി ആദ്യ ഗോൾ നേടി.  ഹോസെ ഫ്യൂവെൻസലിഡയുടെ മികച്ച വോളിയിലൂടെയായിരുന്നു ഗോൾ.

അരമണിക്കൂറിനുള്ളിൽ ഇക്വഡോർ തിരിച്ചടിച്ചു. പെനൽറ്റിയിലൂടെയായിരുന്നു ഇക്വഡോറിന്റെ മറുപടി ഗോൾ. എന്നർ വലൻസിയ കിക്കെടുത്ത‌് ലക്ഷ്യം കണ്ടു. ഇക്വഡോർ ഗോളി ഗബ്രിയേൽ എരിയാസ‌ിനെ ചിലിയൻ താരം ജെഗ‌്സൺ മെൻഡസ‌് ഫൗൾ ചെയ‌്തതിനായിരുന്നു ഇക്വഡോറിന‌് പെനൽറ്റി ലഭിച്ചത‌്‌.

രണ്ടാംപകുതിയുടെ തുടക്കത്തിൽത്തന്നെ ചിലി രണ്ടാംഗോൾ നേടി. അലക്‌സിസ‌് സാഞ്ചെസാണ‌് ലക്ഷ്യം കണ്ടത‌്. ചാൾസ‌് അരാൻഗ്വിസ‌് വലതുമൂലയിൽ തൊടുത്ത ഷോട്ടിൽ സാഞ്ചെസിന‌് തൊട്ടുകൊടുക്കേണ്ടതേ ഉണ്ടായിരുന്നുള്ളൂ. ആദ്യ പകുതിയിൽ കണങ്കാലിനേറ്റ പരിക്കുകൊണ്ടായിരുന്നു സാഞ്ചെസ‌് കളിച്ചത‌്.

ആറ‌് പോയിന്റോടെ സി ഗ്രൂപ്പിൽ ഒന്നാമതാണ‌് ചിലി‌. നാല‌് പോയിന്റോടെ ഉറുഗ്വേ രണ്ടാമതും ഒരു പോയിന്റുമായി ജപ്പാൻ മൂന്നാമതുമാണ‌്. പോയിന്റൊന്നുമില്ലാത്ത ഇക്വഡോർ അവസാന സ‌്ഥാനത്താണ‌്. ചൊവ്വാഴ‌്ച രാവിലെ 4.30ന‌് ഉറുഗ്വേയ‌്ക്കെതിരെയാണ‌് ചിലിയുടെ അവസാന മത്സരം‌. അതേസമയം തന്നെ ജപ്പാൻ ഇക്വഡോറിനെ നേരിടും.


പ്രധാന വാർത്തകൾ
 Top