31 March Tuesday

ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ 165ൽ തീർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020

അജാസ്‌ പട്ടേലിന്റെ ഏറിൽ ഋഷഭ്‌ പന്ത്‌ റണ്ണൗട്ടാകുന്നു


വെല്ലിങ്‌ടൺ
പേസ്‌ ബൗളർമാർക്ക്‌ മുന്നിൽ കളി മറന്ന ഇന്ത്യൻ ബാറ്റിങ്‌ നിര ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്‌റ്റിൽ 165ന്‌ പുറത്തായി. രണ്ടാംദിനം ന്യൂസിലൻഡ്‌ ഒന്നാം ഇന്നിങ്‌സിൽ അഞ്ചിന്‌ 216 റണ്ണെടുത്തു. അഞ്ച്‌ വിക്കറ്റ്‌ ശേഷിക്കെ 51 റൺ ലീഡായി ന്യൂസിലൻഡിന്‌.

ബേസിൻ റിസർവിൽ ആദ്യദിനത്തിലെ പച്ചപ്പുണ്ടായില്ല രണ്ടാംദിനം. എന്നിട്ടും ഇന്ത്യക്ക്‌ മുതലാക്കാനായില്ല. തലേദിനം ക്രീസിലുണ്ടായിരുന്ന അജിൻക്യ രഹാനെ–-ഋഷഭ്‌ പന്ത്‌ സഖ്യം പെട്ടെന്ന്‌ കൂടാരം കയറിയതോടെ 5–-122 റണ്ണെന്ന നിലയിൽനിന്ന്‌ 165ലേക്ക്‌ ഇന്ത്യ ചുരുങ്ങി. 43 റണ്ണാണ്‌ നേടാനായത്‌. 19 റണ്ണെടുത്ത പന്ത്‌ റണ്ണൗട്ടായത്‌ വഴിത്തിരിവായി. ഇല്ലാത്ത റണ്ണിനോടിയ പന്തിനെ അജാസ്‌ പട്ടേൽ നേരിട്ടുള്ള ഏറിൽ മടക്കി.

പിടിച്ചുനിന്നിട്ട്‌ കാര്യമില്ലെന്ന്‌ മനസ്സിലാക്കിയ രഹാനെ ആക്രമിച്ച്‌ കളിക്കാനാണ്‌ ശ്രമിച്ചത്‌. തലേദിനത്തെ സ്‌കോറിനോട്‌ എട്ട്‌ റൺ മാത്രം കൂട്ടിച്ചേർത്ത രഹാനെ (46) ടിം സൗത്തിയുടെ പന്തിൽ വിക്കറ്റ്‌ കീപ്പർ ബി ജെ വാറ്റ്‌ലിങ്ങിന്റെ കൈയിലൊതുങ്ങി. ആർ അശ്വിന്‌ (0) സൗത്തിയുടെ ഒരു പന്ത്‌ തികഞ്ഞു. വാലറ്റത്ത്‌ മുഹമ്മദ്‌ ഷമിയാണ്‌ (20 പന്തിൽ 21) ഇന്ത്യയെ 150 കടത്തിയത്‌.

കിവീസിനുവേണ്ടി സൗത്തിയും അരങ്ങേറ്റക്കാരൻ കൈൽ ജാമിസണും നാലുവീതം വിക്കറ്റെടുത്തു.മറുപടിക്കെത്തിയ ന്യൂസിലൻഡ്‌, ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസന്റെ (89) ബാറ്റിൽ വേഗത്തിൽ മുന്നേറി. രണ്ടാംദിനം അവസാനഘട്ടത്തിലെ ബൗളിങ്‌ മികവിലാണ്‌ ഇന്ത്യ പിടിച്ചുനിന്നത്‌. വില്യംസന്റെ ഉൾപ്പെടെ മൂന്ന്‌ വിക്കറ്റ്‌ 37 റണ്ണിനിടെ വീഴ്‌ത്തി ഇന്ത്യ ചെറുതായി കളി തിരിച്ചുപിടിച്ചു. സെഞ്ചുറിയിലേക്ക്‌ നീങ്ങിയ വില്യംസണെ മുഹമ്മദ്‌ ഷമി പകരക്കാരൻ ഫീൽഡർ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിക്കുകയായിരുന്നു.

പ്രധാന പേസർ ജസ്‌പ്രീത്‌ ബുമ്ര താളം കണ്ടെത്താനാകാതെ വിഷമിച്ചപ്പോൾ ഇശാന്ത്‌ ശർമയായിരുന്നു ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയുടെ ആശ്രയം. 15 ഓവറിൽ മൂന്ന്‌ വിക്കറ്റെടുത്തു ഇശാന്ത്‌. ഓപ്പണർമാരായ ടോം ലാതത്തിനെയും (11) ടോം ബ്ലൻഡലിനെയും (30) ഇശാന്താണ്‌ പുറത്താക്കിയത്‌. നൂറാം ടെസ്‌റ്റിൽ തകർപ്പൻ കളി പുറത്തെടുത്ത റോസ്‌ ടെയ്‌ലറെയും (44) ഇശാന്ത്‌ വീഴ്‌ത്തി. ടെയ്‌ലർ–-വില്യംസൺ സഖ്യം മൂന്നാം വിക്കറ്റിൽ 93 റണ്ണാണ്‌ കൂട്ടിച്ചേർത്തത്‌.

വെളിച്ചക്കുറവുമൂലം കളി നേരത്തെ അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ സ്‌പിന്നർ അശ്വിൻ ഹെൻറി നിക്കോൾസിനെ (17) പുറത്താക്കി. വാറ്റ്‌ലിങ്ങും (14) കോളിൻ ഡി ഗ്രാൻഡ്‌ഹോമും (4) ആണ്‌ ക്രീസിൽ.


പ്രധാന വാർത്തകൾ
 Top