05 April Sunday

ആഫ്രിക്കയെ ആഗർ വിഴുങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020


വാണ്ടറേഴ്‌സ്‌
ആഷ്‌ടൺ ആഗറിന്റെ പന്തുകളിൽ കറങ്ങി വീണ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ ട്വന്റി–-20 ക്രിക്കറ്റിൽ നാണക്കേടിന്റെ ദിനം. ഓസ്‌ട്രേലിയയുമായുള്ള ആദ്യ കളിയിൽ 89 റണ്ണിനാണ്‌ ദക്ഷിണാഫ്രിക്ക പുറത്തായത്‌. 107 റണ്ണിന്റെ തോൽവി. ട്വന്റി–-20യിൽ അവരുടെ ഏറ്റവും വലിയ പതനം.

ഓസീസ്‌ അടിച്ചുകൂട്ടിയത്‌ ആറിന്‌ 196. ദക്ഷിണാഫ്രിക്ക 14.3 ഓവറിൽ കളംവിട്ടു. ഹാട്രിക്‌ ഉൾപ്പെടെ നാലോവറിൽ 24 റൺ വഴങ്ങി അഞ്ച്‌ വിക്കറ്റ്‌ എടുത്ത ആഗർ ഓസീസിന്റെ വിജയശിൽപ്പിയായി. ജയത്തോടെ ഓസീസ്‌ ഒന്നാം റാങ്കിലെത്തി. ട്വന്റി–-20യിൽ തുടർച്ചയായ എട്ടാം ജയമാണ്‌ ഓസീസിന്‌. ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ നിരാശപ്പെടുത്തി ദക്ഷിണാഫ്രിക്ക. ബാറ്റിങ്‌ നിരയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചത്‌ മുൻ ക്യാപ്‌റ്റൻ ഫാഫ്‌ ഡു പ്ലെസിസ്‌ (22 പന്തിൽ 25) മാത്രം.

ഡു പ്ലെസിസിന്റെ പുറത്താകലോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ സമ്പൂർണ തകർച്ചയുടെ തുടക്കം. ആഗറിന്റെ ആദ്യ ഇര. എട്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ആൻഡിൽ ഫെഹ്‌ളുക്വായോ വിക്കറ്റിന്‌ മുന്നിൽ കുരുങ്ങി. ആറാം പന്തിൽ ഡ്വെയ്‌ൽ സ്‌റ്റെയ്‌ൻ ആരോൺ ഫിഞ്ചിന്റെ കൈകളിലുമൊതുങ്ങി. ബ്രെറ്റ്‌ ലീക്ക്‌ ശേഷം ട്വന്റി–-20യിൽ ഹാട്രിക്‌ നേടുന്ന ഓസീസ്‌ ബൗളറാണ്‌ ആഗർ.

ആദ്യം ബാറ്റ്‌ ചെയ്‌ത ഓസീസിനുവേണ്ടി ക്യാപ്‌റ്റൻ ആരോൺ ഫിഞ്ച്‌ (27 പന്തിൽ 42), സ്‌റ്റീവ്‌ സ്‌മിത്ത്‌ (32 പന്തിൽ 45) എന്നിവർ റണ്ണടിച്ചു. ആഗർ അവസാന ഘട്ടത്തിൽ ഒമ്പത്‌ പന്തിൽ 20 റണ്ണുമായി ഓസീസിന്‌ കൂറ്റൻ സ്‌കോർ ഒരുക്കി. രണ്ടാം ട്വന്റി–-20 ഇന്നാണ്‌.


പ്രധാന വാർത്തകൾ
 Top