22 February Saturday

റയൽ, ബാഴ്‌സ മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

ബാഴ്‌സയുടെ വിജയഗോൾ നേടിയ ഗ്രീസ്‌മാന്റെ ആഹ്ലാദം


ഇബിസ
സ്‌പാനിഷ്‌ ദ്വീപ്‌ ഇബിസയിൽ ബാഴ്‌സലോണ ഒന്നു പതറി. സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പ്‌ മത്സരമായിരുന്നു വേദി. മൂന്നാം ഡിവിഷൻ ക്ലബ്‌ യുഡി ഇബിസയോട്‌ തുടക്കത്തിൽത്തന്നെ ഒരു ഗോൾ വഴങ്ങിയ ബാഴ്‌സ പരിക്കുസമയത്ത്‌ ജയം നേടുകയായിരുന്നു. ഒന്നിനെതിരെ രണ്ട്‌ ഗോളിനാണ്‌ ജയം. റയൽ മാഡ്രിഡ്‌ മൂന്നാം ഡിവിഷൻ ക്ലബ് യുനിയൊനിസ്‌റ്റാസിനെ 3–-1ന്‌ തോൽപ്പിച്ച്‌ അവസാന പതിനാറിൽ എത്തി.

ഇബിസയിലെ കാൻ മിസെസ്‌ സ്‌റ്റേഡിയത്തിൽ 6500 പേരാണ്‌ ബാഴ്‌സ–-ഇബിസ കളി കാണാനെത്തിയത്‌. ആഘോഷരാവായിരുന്നു ദ്വീപ്‌ സ്‌റ്റേഡിയത്തിൽ. കളി തുടങ്ങി പത്ത്‌ മിനിറ്റിൽ ഹാവി പെരെസിലൂടെ ഇബിസ മുന്നിലെത്തി.

കനത്ത മഴയിലായിരുന്നു കളി. ബാഴ്‌സ നിരയിൽ ലയണൽ മെസി, ജെറാർഡ്‌ പിക്വെ തുടങ്ങിയ മുൻനിര താരങ്ങൾ ഇറങ്ങിയില്ല. രണ്ടാംപകുതിയിൽ ഒൺടോയ്‌ൻ ഗ്രീസ്‌മാൻ ബാഴ്‌സയെ ഒപ്പമെത്തിച്ചു. ഫ്രെങ്കി ഡി യോങ്ങിന്റെ ത്രൂബോളിൽ ഗ്രീസ്‌മാൻ ലക്ഷ്യംകണ്ടു. പരിക്കുസമയത്ത്‌ ഗ്രീസ്‌മാൻ വിജയഗോളും തൊടുത്തു.കിക്വെ സെതിയെൻ പരിശീലകനായശേഷമുള്ള രണ്ടാം കളിയായിരുന്നു ബാഴ്‌സയ്‌ക്ക്‌.

ഗാരെത്‌ ബെയ്‌ൽ, ബ്രാഹിം ഡയസ്‌ എന്നിവരുടെ ഗോളിലാണ്‌ റയലിന്റെ ജയം. ഒരെണ്ണം യുനിയൊനിസ്‌റ്റാസ്‌ താരം യുവാൻ മറ്റിയോയുടെ പിഴവുഗോളായിരുന്നു. സെപ്‌തംബറിനുശേഷമാണ്‌ ബെയ്‌ൽ റയലിനായി ഗോളടിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top