27 September Sunday

ഇന്ത്യ എ ‐ന്യൂസിലൻഡ്‌ എ ആദ്യ ഏകദിനം; തകർത്തടിച്ച്‌ സഞ്‌ജു

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

ലിങ്കൺ > ഇന്ത്യൻ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശം ആഘോഷമാക്കി സഞ്‌ജു സാംസണും പൃഥ്വി ഷായും.  വെടിക്കെട്ട്‌ ബാറ്റിങ്‌ പ്രകടനവുമായി ഇരുവരും ഇന്ത്യ എ ടീമിന്‌ ന്യൂസിലൻഡ്‌ എ ടീമിനെതിരായ ആദ്യ ഏകദിനത്തിൽ ജയമൊരുക്കി. അഞ്ച്‌ വിക്കറ്റിനാണ്‌ ജയം. 231 റണ്ണാണ്‌ ന്യൂസിലൻഡ്‌ ലക്ഷ്യംവച്ചത്‌. 29.3 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടന്നു.

മൂന്നാമനായി ഇറങ്ങിയ സഞ്‌ജു 21 പന്തിൽ 39 റണ്ണാണ്‌ നേടിയത്‌. രണ്ട്‌ സിക്‌സറും മൂന്ന്‌ ബൗണ്ടറികളും. സ്‌പിന്നർ അജാസ്‌ പട്ടേലാണ്‌ സഞ്‌ജുവിനെ പുറത്താക്കിയത്‌. അജാസിന്റെ ആദ്യ പന്തിൽ സിക്‌സർ പായിച്ച ഈ വലംകൈയൻ അടുത്ത പന്തിൽ പുറത്തായി.

കഴിഞ്ഞ ദിവസമാണ്‌ സഞ്‌ജുവിനെ ന്യൂസിലൻഡിനെതിരായ ട്വന്റി–-20 പരമ്പരയ്‌ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയത്‌. പരിക്കേറ്റ ശിഖർ ധവാന്‌ പകരക്കാരനായി ഇടംപിടിച്ചു. ദക്ഷിണാഫ്രിക്ക, വെസ്‌റ്റിൻഡീസ്‌, ശ്രീലങ്ക ടീമുകൾക്കെതിരായ പരമ്പരകളിൽ ഇടംനേടിയിരുന്നെങ്കിലും കളിക്കാനായത്‌ ഒരു കളി മാത്രമായിരുന്നു.

ഏകദിന ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട പൃഥ്വിയും തകർത്തുകളിച്ചു. ഓപ്പണറായെത്തിയ ഈ വലംകൈയൻ ബാറ്റ്‌സ്‌മാൻ 35 പന്തിൽ 48 റണ്ണാണെടുത്തത്‌. മൂന്ന്‌ സിക്‌സറും അഞ്ച്‌ ബൗണ്ടറികളും ഉൾപ്പെട്ടു. സന്നാഹ മത്സരത്തിൽ സെഞ്ചുറി നേടിയിരുന്നു പൃഥ്വി.

ആദ്യ ഏകദിനത്തിൽ മായങ്ക്‌ അഗർവാൾ (29 പന്തിൽ 29), ശുഭ്‌മാൻ ഗിൽ (35 പന്തിൽ 30), സൂര്യകുമാർ യാദവ്‌ (19 പന്തിൽ 35) എന്നിവരും തകർത്തടിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലൻഡിനെ മൂന്ന്‌ വിക്കറ്റ്‌ എടുത്ത മുഹമ്മദ്‌ സിറാജാണ്‌ ചെറിയ സ്‌കോറിൽ ഒതുക്കിയത്‌. ഖലീൽ അഹമ്മദും അക്‌സർ പട്ടേലും രണ്ടുവീതം വിക്കറ്റ്‌ നേടി.

വെള്ളിയാഴ്‌ചയാണ്‌ രണ്ടാംമത്സരം. ഇന്ത്യൻ ട്വന്റി–-20 ടീമിലുള്ള സഞ്‌ജു എ ടീമിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. 24നാണ്‌ ട്വന്റി–-20 പരമ്പരയ്‌ക്ക്‌ തുടക്കം. അഞ്ച്‌ മത്സരങ്ങളാണ്‌ പരമ്പരയിൽ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top