01 April Wednesday

ചെൽസിയെ പിടിച്ചുകെട്ടി അഴ്‌സണൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

ചെൽസിക്കെതിരെ ഹെക്‌ടർ ബെല്ലറിൻ അഴ്‌സണലിന്റെ സമനില ഗോൾ നേടുന്നു


ലണ്ടൻ
പത്തുപേരായി ചുരുങ്ങിയിട്ടും രണ്ടുവട്ടം പിന്നിലായിട്ടും അഴ്‌സണൽ തളർന്നില്ല. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ചെൽസിയെ തളച്ചു (2–-2). കളിയുടെ 26–-ാം മിനിറ്റിൽ പ്രതിരോധക്കാരൻ ഡേവിഡ്‌ ലൂയിസിന്‌ ചുവപ്പ്‌ കാർഡ്‌ കണ്ട ക്ഷീണത്തിലാണ്‌ അഴ്‌സണൽ കളി തുടർന്നത്‌. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഷെഫീൽഡ്‌ യുണൈറ്റഡിനെ ഒറ്റ ഗോളിന്‌ മറികടന്നു.

സ്വന്തം തട്ടകമായ സ്‌റ്റാംഫോർഡ്‌ ബ്രിഡ്‌ജിൽ നന്നായാണ്‌ ചെൽസി തുടങ്ങിയത്‌. തുടക്കത്തിലേ താമി എബ്രഹാം ഉൾപ്പെട്ട സംഘം അഴ്‌സണൽ മുന്നേറ്റത്തിലേക്ക്‌ ഇരമ്പി. വലയിലേക്ക്‌ പന്ത്‌ തൊടുക്കുന്നതിനിടെ എബ്രഹാമിനെ ബോക്‌സിൽ ലൂയിസ്‌ വീഴ്‌ത്തി. റഫറി കാത്തുനിന്നില്ല. ചുവപ്പ്‌ കാർഡും ചെൽസിക്ക്‌ പെനൽറ്റിയും. ജോർജീന്യോക്ക്‌ പിഴച്ചില്ല. ചെൽസി ആഘോഷിച്ചു. രണ്ടാംപകുതിയിൽ അഴ്‌സണൽ തിരിച്ചെത്തി. പതിനെട്ടുകാരൻ ഗബ്രിയേൽ മാർടിനെല്ലിയുടെ ഒറ്റയാൻ ഗോൾ അവരെ ഒപ്പമെത്തിച്ചു. അഴ്‌സണൽ ഗോൾമുഖത്തുനിന്നു ലഭിച്ച പന്തുമായി ഒറ്റയ്‌ക്കു മുന്നേറി ബ്രസീലുകാരൻ. തടയാനെത്തിയ എൻഗോള കാന്റെയെ കീഴ്‌പ്പെടുത്തിയുള്ള ഓട്ടം ഗോളിൽ കലാശിച്ചു.

സെസാർ അസ്‌പ്ലിക്യുട്ട ചെൽസിയുടെ ലീഡ്‌ തിരികെ പിടിച്ചു. അഴ്‌സണൽ പിടിവിട്ടില്ല. ഒരുമയോടെ പന്തുതട്ടി അവർ അർഹിച്ച സമനില നേടി. പരിക്കുമാറി തിരിച്ചെത്തിയ ഹെക്‌ടർ ബെല്ലറിനായിരുന്നു സ്‌കോറർ. സെർജിയോ അഗ്വേറോയുടെ ഗോളിലാണ്‌ സിറ്റി ജയം നേടിയത്‌. 24 കളികളിൽനിന്ന്‌ 51 പോയിന്റോടെ രണ്ടാമത്‌ തുടരുകയാണ്‌ സിറ്റി.


പ്രധാന വാർത്തകൾ
 Top