02 December Wednesday

പതറില്ല, തിരിച്ചുവരും: ഓസിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020


ലണ്ടൻ
മെസൂട്ട്‌ ഓസിലിന്റെ കാര്യത്തിൽ നയം വ്യക്തമാക്കി അഴ്‌സണൽ. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിനുള്ള 25 അംഗ ടീമിൽ ഓസിലിനെ ഉൾപ്പെടുത്തിയില്ല. കഴിഞ്ഞ മാർച്ചിനുശേഷം മധ്യനിരക്കാരനെ അഴ്‌സണൽ കളത്തിലിറക്കിയിട്ടില്ല. ലോക ഫുട്‌ബോളിലെ നിലവിലുള്ള ഏറ്റവും മികച്ച മധ്യനിരക്കാരിൽ ഒരാളായ ഓസിലിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ നേരത്തേ ആരാധകരിൽ അമർഷമുണ്ടായിരുന്നു. തിരിച്ചടികളിൽ തളരില്ലെന്നും കഠിനാധ്വാനം ചെയ്‌ത്‌ വീണ്ടും കളത്തിൽ തിരിച്ചെത്തുമെന്നും ഓസിൽ പ്രതികരിച്ചു.

2013ൽ റയൽ മാഡ്രിഡിൽനിന്നാണ്‌ ഓസിൽ അഴ്‌സണലിൽ എത്തുന്നത്‌. ടീമിനായി 184 കളികളിൽ 33 ഗോളുകൾ നേടി. ഉനായ്‌ എമെറി പരിശീലകനായി എത്തിയതോടെയാണ്‌ ഓസിലിനെ മാറ്റിനിർത്താൻ തുടങ്ങിയത്‌. പുതിയ കോച്ച്‌ മൈക്കേൽ അർടേറ്റയ്‌ക്ക്‌ കീഴിൽ ആദ്യ കളികളിൽ അവസരം കിട്ടിയ ജർമൻകാരന്‌ വീണ്ടും അവഗണനയായി. അടുത്ത വർഷംവരെ ടീമുമായി കരാറുണ്ട്‌ മുപ്പത്തിരണ്ടുകാരന്‌.

‘ഇത്രയും നാൾ നിശബ്ദനായി ഇരുന്നത്‌ കളിക്കാൻ കഴിയും എന്ന്‌ കരുതിയാണ്‌. പുതിയ പരിശീലകൻ അർടേറ്റയും തഴഞ്ഞു. സത്യസന്ധതയോടെ കഴിയുക എന്നതാണ്‌ എക്കാലവും ചെയ്‌തത്‌. തിരിച്ചടികളിൽ തളരില്ല. എന്റെ അവസരത്തിനായി കാത്തുനിൽക്കും. അന്യായങ്ങൾക്കും അപമാനപ്പെടുത്തലുകൾക്കും കളിയിലൂടെ മറുപടി നൽകും’–-ഓസിൽ ട്വിറ്ററിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top