19 August Monday

കോപ അമേരിക്ക :ഉറുഗ്വേയെ ജപ്പാൻ തളച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019

പോർട്ടോ അല്ലെഗ്രോ (ബ്രസീൽ)
കോപ അമേരിക്കയിൽ കിരീടപ്രതീക്ഷയുള്ള ഉറുഗ്വേയെ അതിഥിടീമായ ജപ്പാൻ പിടിച്ചുകെട്ടി (2–-2).  ജപ്പാന്റെ യുവനിര ഉറുഗ്വേക്കെതിരെ മിന്നുന്ന പ്രകടനമാണ‌് പുറത്തെടുത്തത‌്. മധ്യനിരയിലെ കോജി മിയോഷിയാണ‌് ജപ്പാനുവേണ്ടി രണ്ടു ഗോളുകളും നേടിയത‌്. കഴിഞ്ഞ മത്സരത്തിൽ ചിലിയോട‌് 4–-0ന‌് തോറ്റശേഷം ജപ്പാൻ വരുത്തിയ മാറ്റത്തിലൊന്നായിരുന്നു മിയോഷിയെ ടീമിൽ ഉൾപ്പെടുത്തിയത‌്. മത്സരം തുടങ്ങി അരമണിക്കൂറിനുള്ളിൽത്തന്നെ മിയോഷി ജപ്പാനുവേണ്ടി വല ചലിപ്പിച്ചു. ഗാകു ഷിബാസാകിയുടെ പാസിൽ വലതു പാർശ്വത്തിലൂടെ മനോഹരമായ മുന്നേറ്റത്തിനൊടുവിലാണ‌് മിയോഷി ഗോൾ നേടിയത‌്.

ലൂയിസ‌് സുവാരസ‌് മിനിറ്റുകൾക്കുള്ളിൽ ഉറുഗ്വേയെ ഒപ്പമെത്തിച്ചു. പെനൽറ്റി ഗോളായിരുന്നു. ജപ്പാനീസ‌് താരം നവോമിച്ചി ഉയേഡ എഡിൻസൺ കവാനിയെ ഫൗൾ ചെയ‌്ത‌ു. ഫൗൾ വീഡിയോ സഹായ സംവിധാനത്തിലൂടെ (വാർ) ആണ‌് പെനൽറ്റി ഉറപ്പാക്കിയത‌്. പെനൽറ്റിയെടുത്ത സുവാരസിന‌് പിഴച്ചില്ല. രണ്ടാംപകുതിയിൽ ജപ്പാൻ തിരിച്ചടിച്ചു. ഇടതു വശത്തുനിന്ന‌ുവന്ന ക്രോസ‌്  ഉറുഗ്വേ ഗോളി ഫെർണാണ്ടോ മുസ‌്‌ലേര തട്ടിയിട്ടത‌് മിയോഷി വലയിലെത്തിച്ചു. കളിയുടെ അവസാന ഘട്ടത്തിൽ ഉറുഗ്വേ സമനിലയുമായി രക്ഷപ്പെട്ടു. ഹോസെ ജിമിനെസ‌ാണ‌് ഗോളടിച്ചത‌്. നിക്കോളാസ‌് ലോദെയ‌്റോ എടുത്ത കോർണർ കിക്കിൽ ജിമിനസ‌് തലവച്ചപ്പോൾ ജപ്പാൻ ഗോൾകീപ്പർക്ക‌് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ‌. അവസാനനിമിഷങ്ങളിൽ സുവാരസിനും കവാനിക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

രണ്ടു മത്സരങ്ങളിൽനിന്ന‌് നാലു പോയിന്റുള്ള ഉറുഗ്വേയാണ‌് ഗ്രൂപ്പിൽ ഒന്നാമത‌്. മത്സരത്തിൽ കുറച്ച‌ു മാത്രം അവസരങ്ങൾ ലഭിച്ചെങ്കിലും രണ്ടു ഗോൾ വലയിലെത്തിച്ച ജപ്പാൻ ആക്രമണാത്മക ഫുട‌്ബോളായിരുന്നു ഉറുഗ്വേക്കെതിരെ കാഴ‌്ചവച്ചത‌്. തങ്ങൾ ഉദ്ദേശിച്ചപോലെ കളിക്കാൻ ജപ്പാൻ അനുവദിച്ചില്ലെന്ന‌് സുവാരസ‌് മത്സരശേഷം പറഞ്ഞു. ചൊവ്വാഴ‌്ച രാവിലെ 4.30ന‌് ചിലിക്കെതിരെയാണ‌് ഉറുഗ്വേയുടെ അടുത്ത മത്സരം. അതേസമയംതന്നെ ഇക്വഡോറിനെതിരെയാണ‌് ജപ്പാന്റെ അടുത്ത മത്സരം. ഇന്ന‌് അവസാന ഗ്രൂപ്പ‌് മത്സരങ്ങളിൽ ബ്രസീൽ പെറുവിനെയും വെനസ്വേല ബൊളീവിയയെയും നേരിടും. രാത്രി 12.30 നാണ്‌ രണ്ട്‌ മത്സരങ്ങളും. ബ്രസീലിന്‌ സമനില മതി മുന്നേറാൻ.


പ്രധാന വാർത്തകൾ
 Top