07 July Tuesday

കൊൽക്കത്ത ഒരുങ്ങി നാളെ പിങ്ക്‌ പന്തിൽ കളി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2019

കൊൽക്കത്ത
സൗരവ്‌ ഗാംഗുലി ബിസിസിഐ അധ്യക്ഷനായി സ്ഥാനമേറ്റെടുത്തിട്ട്‌ വെള്ളിയാഴ്‌ച ഒരുമാസം തികയും. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ആദ്യ പകൽ–-രാത്രി ടെസ്‌റ്റിനും അന്നു തുടക്കം. ബിസിസിഐ തലവനായതിനുശേഷമുള്ള ഗാംഗുലിയുടെ ആദ്യ പ്രധാന നീക്കമായിരുന്നു പകൽ–-രാത്രി ടെസ്‌റ്റ്‌. ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയോട്‌ രണ്ടാംദിനംതന്നെ ഗാംഗുലി ഇക്കാര്യം സംസാരിച്ചു. കോഹ്‌ലിക്ക്‌ എതിർപ്പുണ്ടായില്ല. എതിരാളികളായ ബംഗ്ലാദേശ്‌ ടീം സംശയത്തിലായിരുന്നു. മൂന്നാഴ്‌ചമുമ്പ്‌ അവരും സമ്മതം മൂളി.

ഇനി കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ്‌ കണ്ണുകൾ. വെള്ളിയാഴ്‌ച പിങ്ക്‌ പന്തിൽ ഇന്ത്യ ചരിത്രമെഴുതും. ബംഗ്ലാദേശും ആദ്യമായാണ്‌ പകൽ–-രാത്രി ടെസ്‌റ്റ്‌ കളിക്കുന്നത്‌.

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്‌ തുടങ്ങിയ വമ്പൻ ടീമുകളെല്ലാം പിങ്ക്‌ പന്തിൽ ടെസ്‌റ്റ്‌ കളിച്ചപ്പോൾ ഇന്ത്യ മാറിനിൽക്കുകയായിരുന്നു. എന്നാൽ, ഗാംഗുലി പകൽ–- രാത്രി ടെസ്‌റ്റിനെ പിന്തുണച്ചു. 2016ൽ ടെക്‌നിക്കൽ സമിതി തലവനായിരിക്കെ ദുലീപ്‌ ട്രോഫിയിൽ ആദ്യമായി പരീക്ഷിച്ചു. പ്രതിസന്ധികളുണ്ടായി. എങ്കിലും പിന്മാറിയില്ല. ആളുകളെ കൂടുതൽ ആകർഷിക്കുമെന്നതാണ്‌ പകൽ–- രാത്രി ടെസ്‌റ്റിന്റെ പ്രധാന സവിശേഷത. കളിക്കാരെല്ലാം പ്രതീക്ഷയിലാണ്‌.
 

പിച്ച്‌ വിധിയെഴുതും
പകൽ–-രാത്രി ടെസ്‌റ്റിന്‌ പിച്ച്‌ നിർണായക ഘടകമാണ്‌. പിങ്ക്‌ പന്തായതിനാൽ കാഴ്‌ച പ്രധാനമാണ്‌. സാധാരണ പിച്ചുകളിൽ എറിഞ്ഞാൽ പന്തിന്റെ തിളക്കം പെട്ടെന്ന്‌ നഷ്ടമാവുകയും ബാറ്റ്‌സ്‌മാനും ഫീൽഡർമാർക്കും പന്ത്‌ കാണുന്നതിൽ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും. അതിനാൽത്തന്നെ പിച്ചിൽ കൂടുതൽ പുല്ല് പിടിപ്പിക്കും. സാധാരണ രീതിയിൽ നാല്‌ മില്ലിമീറ്റർ ഉയരത്തിലാണ്‌ പിച്ചിൽ പുല്ല് പിടിപ്പിക്കുക. ഈഡൻ ഗാർഡൻസിൽ അത്‌ ആറ്‌ മില്ലിമീറ്ററാക്കും. 2015ൽ ഓസീസും ന്യൂസിലൻഡും തമ്മിൽ അഡ്‌ലെയ്‌ഡിൽ കളിച്ചപ്പോൾ അവിടെ 11 മില്ലിമീറ്റർ ഉയരത്തിലാണ്‌ പുല്ല് പിടിപ്പിച്ചത്‌.
സുജൻ മുഖർജിയാണ്‌ ഈഡൻ ഗാർഡൻസിലെ ക്യുറേറ്റർ.

പന്ത്‌ പിങ്ക്‌, തിളക്കം പ്രശ്‌നം
പന്തും പുതിയതാണ്‌. എസ്‌ജിയാണ്‌ പിങ്ക്‌ പന്തിന്റെ നിർമാതാക്കൾ. എസ്‌ജി പിങ്ക്‌ പന്തുകൾ ആദ്യമായാണ്‌  രാജ്യാന്തര ക്രിക്കറ്റിൽ ഇറങ്ങുന്നത്‌. സ്വിങ്‌ കൂടുതലാകാൻ സാധ്യത. മഞ്ഞും ഘടകമാകും. തിളക്കം പെട്ടെന്ന്‌ നഷ്ടപ്പെടാത്ത രീതിയിലാണ്‌ നിർമാണം. എങ്കിലും എത്ര സമയം തിളക്കമുണ്ടാകുമെന്നതിൽ സംശയമുണ്ട്‌. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇരു ടീമുകൾക്കും എസ്‌ജി പിങ്ക്‌ പന്തുകൾ നൽകിയിട്ടുണ്ട്‌. പരിശീലനത്തിൽ ഉപയോഗിച്ചു. തിളക്കം ബാറ്റ്‌സ്‌മാന്‌ ബുദ്ധിമുട്ടുണ്ടാക്കുകയാണെങ്കിൽ മാച്ച്‌ ഒഫീഷ്യൽസിന്‌ ഫ്‌ളഡ്‌ലൈറ്റുകൾ തെളിയിക്കുന്നതിൽ തീരുമാനമെടുക്കാം.

മഞ്ഞുവീഴ്‌ച ആശങ്ക
മഞ്ഞാണ്‌ മറ്റൊരു ഘടകം. കൊൽക്കത്തയിൽ പകൽ നാല്‌ മണിയോടെ സൂര്യൻ മറയും. കളിയുടെ അവസാന ഘട്ടത്തിന്റെ തുടക്കത്തിൽ മഞ്ഞുവീഴ്‌ചയുണ്ടാകും. പന്തിനെ കൈപ്പിടിയിൽ ഒതുക്കുക ശ്രമകരം. പുറംകളത്തിൽപുല്ല് കുറയ്‌ക്കാനായാൽ കുറച്ചൊക്കെ ഭേദപ്പെടും.
മത്സരത്തിനുമുമ്പ്‌ പുറംകളത്തിൽ വെള്ളം പമ്പ്‌ ചെയ്യില്ല.

 


പ്രധാന വാർത്തകൾ
 Top