24 March Sunday

സിറ്റി തോറ്റു; റയലിന് ഗംഭീര തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 21, 2018

മാഞ്ചസ്‌റ്റർ സിറ്റിക്കെതിരെ ഗോൾ നേടിയ ലിയോണിന്റെ നബീൽ ഫെകീറിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു


മാഡ്രിഡ്
മൂന്നുവർഷമായി ചാമ്പ്യൻസ് ലീഗ് കിരീടം കൈവശംവച്ചിരിക്കുന്ന റയൽമാഡ്രിഡിനെ തടയാൻ എതിരാളികൾ ഇത്തവണയും ബുദ്ധിമുട്ടും. കരുത്തരായ എ എസ് റോമയെ എതിരില്ലാത്ത മൂന്നു ഗോളിനു തകർത്ത് ചാമ്പ്യൻസ് ലീഗിൽ റയൽ ഗംഭീരമായി അരങ്ങേറി. ഗ്രൂപ്പ് ജിയിലെ നിർണായക പോരിൽ ഇസ്കോ, ഗാരേത് ബെയ്ൽ, മരിയാനോ ഡയസ് എന്നിവർ ജേതാക്കൾക്കായി ഗോളടിച്ചു. മാഞ്ചസ്റ്റർ സിറ്റിയെ ഒളിമ്പിക് ലിയോൺ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഫ്രഞ്ച് ക്ലബിന്റെ ജയം. യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളിന് വലൻസിയയെ കീഴടക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് യങ്ങ് ബോയ്സിനെയും (3‐0), ബയേൺ മ്യൂണിക് ബെനിഫിക്കയെയും (2‐0), അയാക്സ് ആംസ്റ്റർഡാം എഇകെ ഏതൻസിനെയും (3‐0) തോൽപ്പിച്ചു. ഷാക്തർ ഡൊണറ്റ്സ്ക്‐ ഹോഫൻഹെയ്ൻ, സിഎസ്കെഎ മോസ്കോ‐വിക്ടോറിയ പ്ലസൻ മത്സരങ്ങൾ സമനിലയായി.

സ്വന്തം മൈതാനത്ത് ആധികാരികമായിരുന്നു റയലിന്റെ പ്രകടനം. കളിയിൽ പൂർണ ആധിപത്യം പുലർത്തിയ ജുലൻ ലെപൊടേഗിയുടെ സംഘം അനായാസം മൂന്നു പോയിന്റ് സ്വന്തമാക്കി. മധ്യനിരയും മുന്നേറ്റവും പ്രതിരോധവും ഒരുപോലെ ഫോമിലായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും പരിശീലകൻ സിനദിൻ സിദാനും പോയത് ബാധിച്ചില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് മാഡ്രിഡുകാർ പുറത്തെടുത്തത്. കഴിഞ്ഞവർഷത്തെ സെമി ഫൈനലിസ്റ്റുകളായ എ എസ് റോമയുടെ അലസത കാര്യങ്ങൾ എളുപ്പമാക്കി.

തുടക്കംമുതൽ എണ്ണയിട്ട യന്ത്രം പോലെയായിരുന്നു റയൽ. ഏറെക്കാലമായി ഒന്നിച്ചു കളിക്കുന്ന സൂപ്പർതാരങ്ങളടങ്ങിയ മധ്യനിരയാണ് എന്നത്തെയുംപോലെ ടീമിന്റെ കരുത്ത്. റഷ്യൻ ലോകകപ്പിന്റെ താരമായ ലൂക്കാ മോഡ്രിച്ചും കാസിമറോയും ടോണി ക്രൂസും ഇസ്കോയും കളം അടക്കിഭരിച്ചു. ആദ്യപകുതിയിൽ 17 തവണ റയൽസേന എതിർ ഗോൾമുഖം വിറപ്പിച്ചു. ഇസ്കോയായിരുന്നു കൂടുതൽ ആവേശത്തോടെ ആക്രമണത്തിന് തുനിഞ്ഞത്. ബെയ്ൽ നല്ല പിന്തുണ നൽകി. റൊണാൾഡോയുടെ നിഴലിൽനിന്നു പുറത്തുവന്നതിന്റെ ആഹ്ലാദം വെയിൽസ് താരത്തിന്റെ ചലനങ്ങളിൽ പ്രകടം.

ആക്രമണത്തിന്റെ സകലവീര്യവും പുറത്തെടുത്ത റയലിന് ഗോൾ നേടാൻ ഏറെ കാത്തിരിക്കേണ്ടിവന്നത് അതിശയം. ഒന്നാംപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു ആദ്യഗോൾ. ഇസ്കോയുടെ കിക്ക് എതിർഗോളിയെ കബളിപ്പിച്ച് ഗോൾവല ചുംബിച്ചു (1‐0). റോമക്കാർ റയലിന്റെ പെനൽറ്റിബോക്സ്വഴി വന്നത് അപൂർവം.
രണ്ടാംപകുതിയിലും റയൽ ഒരു വിട്ടുവീഴ്ചയ്ക്കും നിന്നില്ല. 58‐ാം മിനിറ്റിൽ അതിനു ഫലവും കണ്ടു. ലൂക്കാ മോഡ്രിച്ചിന്റെ മനോഹരമായ പാസ് ഗോളിലേക്ക് വഴിവെട്ടി. ഓട്ടത്തിനിടെ ബെയ്ൽ പ്രഹരിച്ച പന്ത് വലയിലാണ് വിശ്രമിച്ചത് (2‐0).

എതിർ മൈതാനത്ത് പിൻവലിഞ്ഞുനിന്നിരുന്ന റോമ രണ്ടു ഗോൾ വീണതോടെ ചില മുന്നേറ്റങ്ങൾക്ക് ശ്രമിച്ചു. എന്നാൽ, റാഫേൽ വരാനെയും റാമേസും കാക്കുന്ന പ്രതിരോധം വിട്ടുകൊടുത്തില്ല. അവരെ കടന്നുവന്നപ്പോൾ കെയ്ലർ നവാസിന്റെ കരുത്തുറ്റ കരങ്ങൾ പഴുതടച്ചു കാത്തു. ചെൽസിയിൽനിന്ന് തിബോ കുർട്ടോ വന്നതോടെ കാവൽനിൽക്കാൻ അവസരം കുറഞ്ഞിരുന്ന നവാസ് കിട്ടിയ സമയത്ത് മൂല്യം തെളിയിച്ചു.

പരിക്കു സമയത്തായിരുന്നു മരിയാനോയുടെ ഗോൾ. കഴിഞ്ഞവർഷം ഫ്രഞ്ച് ക്ലബ് ലിയോണിലായിരുന്ന മരിയാനോ തിരിച്ചുവരവ് ഗംഭീരമാക്കി. 73‐ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഇരുപത്തഞ്ചുകാരൻ റൊണാൾഡോ ഉപേക്ഷിച്ചുപോയ ഏഴാം നമ്പർ ജഴ്സി അണിഞ്ഞത് മോശമാക്കിയില്ല.

മങ്ങിയ ഫോം തുടരുന്ന മാഞ്ചസ്റ്റർ സിറ്റി തോൽവി ചോദിച്ചു വാങ്ങിയതാണ്. നിരന്തരം പിഴവ് വരുത്തിയ ടീം ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളിനു പിന്നിലായി.  മാക്സ്വെൽ കോർണറ്റും നബീൽ ഫെകിറും ലിയോണിനായി ഗോൾ നേടി. ബെർണാഡോ സിൽവ സിറ്റിയുടെ ആശ്വാസ ഗോളടിച്ചു.

ബെനിഫിക്കക്കെതിരെ റോബർട്ട് ലെവൻഡോവിസ്കിയും റെനറ്റോ സാഞ്ചസും ബയേണിനായി സ്കോർ ചെയ്തു. യങ്ങ് ബോയ്സിനെതിരെ പോൾ പോഗ്ബയുടെ ഇരട്ടഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗംഭീരജയം സമ്മാനിച്ചു. ആന്തണി മാർഷ്യലിന്റെ വകയായിരുന്നു മറ്റൊരു ഗോൾ.


പ്രധാന വാർത്തകൾ
 Top