19 September Thursday
ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിന്‌ ഇന്ത്യ നാളെ ഇറങ്ങും

രോഹിതോ, രഹാനെയോ?

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019



നോർത്ത്‌ സൗണ്ട്‌
എട്ടു മാസത്തെ ഇടവേളയ്‌ക്കുശേഷം ഇന്ത്യൻ ടീം ടെസ്‌റ്റ്‌ ക്രിക്കറ്റിലേക്ക്‌. വെസ്‌റ്റിൻഡീസിനെതിരായ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക്‌ നാളെ നോർത്ത്‌ സൗണ്ടിൽ തുടക്കമാകും. രണ്ട്‌ മത്സരമാണ്‌ പരമ്പരയിൽ. ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിനുള്ള തുടക്കംകൂടിയാണ്‌ ഇന്ത്യക്ക്‌.   ടീം തെരഞ്ഞെടുപ്പാണ്‌ തലവേദന. ബാറ്റിങ്‌ നിരയിലും സ്‌പിൻ വിഭാഗത്തിലും സ്ഥാനം നേടാൻ കടുത്ത മത്സരമാണ്‌. ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിക്കും പരിശീലകൻ രവി ശാസ്‌ത്രിക്കും കടുപ്പമാകും ടീം തെരഞ്ഞെടുപ്പ്‌.

ബാറ്റിങ്‌ നിരയിലാണ്‌ കൂടുതൽ പ്രശ്‌നം. കോഹ്‌ലിയും ചേതേശ്വർ പൂജാരയും സ്ഥാനമുറപ്പിച്ചു. മറ്റ്‌ സ്ഥാനങ്ങളിലാണ്‌ മത്സരം. അജിൻക്യ രഹാനെ, മായങ്ക്‌ അഗർവാൾ, രോഹിത്‌ ശർമ, ലോകേഷ്‌ രാഹുൽ, ഹനുമ വിഹാരി എന്നിവരാണ്‌ ബാറ്റിങ്‌ നിരയിലെ മറ്റുള്ളവർ. വിക്കറ്റ്‌ കീപ്പർ സ്ഥാനത്തേക്ക്‌ ഋഷഭ്‌ പന്തും വൃദ്ധിമാൻ സാഹയുമാണുള്ളത്‌. സ്‌പിൻ വിഭാഗത്തിൽ കുൽദീപ്‌ യാദവ്‌, രവീന്ദ്ര ജഡേജയ്‌ക്കും ആർ അശ്വിനും വെല്ലുവിളി ഉയർത്തുന്നു.

  പൃഥ്വി ഷാ വിലക്കിലായതിനാൽ മായങ്കിന്‌ ഓപ്പണിങ്‌ സ്ഥാനം ഏറെക്കുറെ ഉറപ്പാണ്‌. മറുവശത്ത്‌ രാഹുലും വന്നേക്കും. വിഹാരിയാണ്‌ ഓപ്പണർ സ്ഥാനത്തേക്ക്‌ പരിഗണക്കപ്പെടുന്ന മൂന്നാമൻ. വിഹാരിയെ മധ്യനിരയിലും കളിപ്പിക്കാനാകുമെന്നാണ്‌ ടീം മാനേജ്‌മെന്റിന്റെ ആശ്വാസം.മൂന്നാം നമ്പറിൽ പൂജാര, നാലാം നമ്പറിൽ കോഹ്‌ലി. തുടർന്ന്‌ രഹാനെയാണോ രോഹിതാണോ എന്നതിലാണ്‌ ആശയക്കുഴപ്പം. രോഹിതിന്‌ പലപ്പോഴും അവസരങ്ങൾ കുറവായിരുന്നു.

രഹാനെ നിലവിൽ വൈസ്‌ ക്യാപ്‌റ്റനാണ്‌. നിർണായക ഇന്നിങ്‌സുകൾ കളിക്കാറുമുണ്ട്‌. പക്ഷേ, സ്ഥിരതയില്ല. രണ്ടര വർഷമായി സെഞ്ചുറിയില്ല.വിക്കറ്റിനു പിന്നിൽ സാഹയാണ്‌ മിടുക്കൻ. പരിക്കുകാരണം 18 മാസത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ സാഹ തിരിച്ചെത്തിയത്‌. പന്തിന്‌ ബാറ്റിങ്‌ മികവാണ്‌ അനുകൂലം. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറി നേടിയ ഏക വിക്കറ്റ്‌ കീപ്പറാണ്‌ പന്ത്‌.

പേസർമാർക്ക്‌ അനുകൂലമായ പിച്ചിൽ വിക്കറ്റ്‌ കീപ്പറെ കൂടാതെ ആറ്‌ ബാറ്റ്‌സ്‌മാൻമാരെ കളിപ്പിക്കാനാണ്‌ സാധ്യത. അങ്ങനെയാണെങ്കിൽ ഒരു സ്‌പിന്നർക്ക്‌ മാത്രമേ അവസരം കിട്ടുകയുള്ളൂ. കുൽദീപിനായിരിക്കും കൂടുതൽ സാധ്യത. രണ്ട്‌ സ്‌പിന്നറെ കളിപ്പിക്കുകയാണെങ്കിൽ ജഡേജയ്‌ക്കും അവസരം കിട്ടും. പേസർമാരിൽ മുഹമ്മദ്‌ ഷമിയും ജസ്‌പ്രീത്‌ ബുമ്രയും ഇശാന്ത്‌ ശർമയും കളിച്ചേക്കും.


പ്രധാന വാർത്തകൾ
 Top