25 May Monday

‘നെയ്‌മർ പിഎസ്‌ജി വിടില്ല’

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


പാരിസ്‌
നെയ്‌മർക്കായുള്ള ബാഴ്‌സലോണയുടെ കാത്തിരിപ്പ്‌ നീളും. ഉടൻ നെയ്‌മർ പിഎസ്‌ജി വിടില്ലെന്ന്‌ മുൻ ഏജന്റ്‌ വാഗ്‌നെർ റിബെയ്‌റോ പറഞ്ഞു. കോവിഡ്‌ –-19 തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ്‌ കാരണം. കളിക്കാരുടെ വിപണിമൂല്യത്തിൽ ഇടിവുണ്ടായി. ഇരുപത്തെട്ടുകാരനായ നെയ്‌മർ കഴിഞ്ഞ രണ്ട്‌ വർഷമായി ബാഴ്‌സയിലേക്ക്‌ തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു. റയൽ മാഡ്രിഡിലേക്ക്‌ ചേക്കേറിയേക്കുമെന്നും വാർത്തകളുണ്ടായി. കഴിഞ്ഞ സീസണിൽ ബാഴ്‌സയും ഫ്രഞ്ച്‌ ലീഗ്‌ ചാമ്പ്യൻമാരായ പിഎസ്‌ജിയും തമ്മിൽ ചർച്ച നടത്തി. എന്നാൽ പിഎസ്‌ജി വൻതുക ആവശ്യപ്പെട്ടതോടെ ബാഴ്‌സയുടെ നീക്കം പാളി.

2017ലാണ്‌ റെക്കോഡ്‌ തുകയ്‌ക്ക്‌ പിഎസ്ജി നെയ്‌മറെ ബാഴ്‌സയിൽനിന്ന്‌ റാഞ്ചിയത്‌. പിഎസ്‌ജിയിൽ ഗോളടിച്ചുകൂട്ടിയെങ്കിലും ഈ ബ്രസീലുകാരൻ തൃപ്‌തനായിരുന്നില്ല. ഇടയ്‌ക്ക്‌ പരിക്കും തളർത്തി. നെയ്‌മറെ തിരികെയെത്തിക്കണമെന്ന്‌ സൂപ്പർതാരം ലയണൽ മെസി ബാഴ്‌സ മാനേജ്‌മെന്റിനോട്‌ നിരന്തരം ആവശ്യപ്പെടുകയും ചെയ്‌തു. ഈ വർഷം നെയ്‌മർ ബാഴ്‌സയിൽ എത്തുമെന്നായിരുന്നു സൂചനകൾ. എന്നാൽ കോവിഡ്‌ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. താരലേല വിപണിയിൽ പണമെറിയാൻ ക്ലബ്ബുകൾ തുനിഞ്ഞേക്കില്ല. എല്ലാ ക്ലബ്ബുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്‌.

മുന്നേറ്റക്കാരനുവേണ്ടിയുള്ള തെരച്ചിലിലാണ്‌ ബാഴ്‌സ. ഇന്റർ മിലാൻ താരം ലൗതാരോ മാർട്ടിനെസ്‌, അഴ്‌സണലിന്റെ പിയറി എമെറിക്‌ ഒബമയെങ്‌ എന്നിവരെയാണ്‌ ബാഴ്‌സ ലക്ഷ്യമിടുന്നത്‌.


പ്രധാന വാർത്തകൾ
 Top