06 June Saturday

ഏഷ്യൻ അത‌്‌ലറ്റിക‌്സ‌ിന‌് ഇന്ന‌ു തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019


ദോഹ
ഏഷ്യൻ അത‌്‌ലറ്റിക‌് മീറ്റിന‌് ഇന്ന‌് ഖത്തർ തലസ്ഥാനമായ ദോഹയിലെ ഖലീഫ രാജ്യാന്തര സ‌്റ്റേഡിയത്തിൽ തുടക്കം. ഇന്ത്യയടക്കം 63 രാജ്യങ്ങളാണ‌് പങ്കെടുക്കുന്നത‌്. നാല‌് ദിവസത്തെ മീറ്റിൽ മിക‌്സഡ‌് റിലേയടക്കം 43 ഇനങ്ങളിൽ മെഡൽ ജേതാക്കളെ നിശ‌്ചയിക്കും. 1983 മുതൽ തുടർച്ചയായി 17 തവണ ചൈനയായിരുന്നു ജേതാക്കൾ. 2017ൽ ഭുവനേശ്വറിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഓവറോൾ കിരീടം സ്വന്തമാക്കി. 12 സ്വർണവും അഞ്ച‌് വെള്ളിയും 12 വെങ്കലവുമടക്കം 29 മെഡലായിരുന്നു സമ്പാദ്യം. ചൈന എട്ട‌് സ്വർണമടക്കം 20 മെഡൽ നേടി. 1973ൽ ചാമ്പ്യൻഷിപ‌് തുടങ്ങിയത‌് മുതൽ നാലു തവണ ജേതാക്കളായ ജപ്പാൻ കഴിഞ്ഞ തവണ പതിനാറാമതായി.

ഇന്ത്യ ഇക്കുറി 43 അംഗ ടീമിനെയാണ‌് അണിനിരത്തുന്നത‌്. അത‌്‌ലീറ്റുകളുടെ പരിക്കും പരിശീലനക്കുറവും തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട‌്. ഏഷ്യൻ ഗെയിംസ‌് ജേതാവ‌് നീരജ‌് ചോപ്രയുടെ അഭാവം ജാവ‌്‌ലിൻത്രോയിലെ ഉറപ്പുള്ള മെഡൽ നഷ‌്ടമാക്കി‌. 800 മീറ്ററിൽ മഞ‌്ജിത‌് സിങ്, 400 മീറ്റർ ഹർഡിൽസിലെ ദേശീയ റെക്കോഡുകാരൻ ധരുൺ അയ്യസാമി, സ‌്റ്റീപ്പിൾചേസ‌് താരം സുധാസിങ് എന്നിവർ പരിക്കിന്റെ പിടിയിലാണ‌്.

ഇരുപത‌് മെഡലാണ‌് മുഖ്യ കോച്ച‌് ബഹാദൂർ സിങ്ങിന്റെ  പ്രതീക്ഷ. കഴിഞ്ഞ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഏഴ‌് സ്വർണവും 10 വെള്ളിയുമടക്കം 19 മെഡൽ നേടിയിരുന്നു. നീരജിന്റെ അഭാവത്തിൽ ദവീന്ദർ സിങ് കാങ്ങിനെ ജാവ‌്‌ലിൻ ത്രോ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്. മരുന്നടിച്ചതിന‌് 2017ൽ സസ‌്പെൻഷനിലായിരുന്നു. വിലക്കുമാറി വന്ന രണ്ട‌് മീറ്റിലും യോഗ്യത നേടാനായില്ല. എന്നിട്ടും ദവീന്ദറിനെ അവസാന നിമിഷം ടീമിലെടുത്തു.

എണ്ണൂറ‌് മീറ്ററിൽ ജിൻസൺ ജോൺസണൊപ്പം മുഹമ്മദ‌് അഫ‌്സലും മത്സരിക്കുന്നു. ഏഷ്യൻ ഗെയിംസ‌് സ്വർണക്കാരൻ മഞ‌്ജിത‌് സിങ്ങിന‌് പരിക്കേറ്റത‌് അഫ‌്സലിന‌് അനുഗ്രഹമായി.

ടീം പുരുഷന്മാർ
800 മീറ്റർ: ജിൻസൺ ജോൺസൺ, മുഹമ്മദ‌് അഫ‌്സൽ. 400 മീറ്റർ: ആരോക്യ രാജീവ‌്, മുഹമ്മദ‌് അനസ‌്. 1500 മീറ്റർ: ജിൻസൺ ജോൺസൺ, അജയ‌്കുമാർ സരോജ‌്. 400 മീറ്റർ ഹർഡിൽസ‌്: എം പി ജാബിർ. ഷോട‌്പുട്ട‌്: തേജീന്ദർ പാൽ സിങ് ടൂർ. 3000 മീറ്റർ സ‌്റ്റീപ്പിൾചേസ‌്: അവിനാഷ‌് സാബ‌്ലെ, ശങ്കർ ലാൽ സ്വാമി. 5000 മീറ്റർ, 10000 മീറ്റർ: ഗവിറ്റ‌് മുരളി കുമാർ, അഭിഷേക‌് പാൽ. ട്രിപ്പിൾജമ്പ‌്: പ്രവീൺ ചിത്രവേൽ. ജാവ‌്‌ലിൻ ത്രോ: ദവീന്ദർ സിങ് കാങ്, ശിവ‌്പാൽ സിങ്. 4–-400 റിലേ: ആരോക്യ രാജീവ‌്, മുഹമ്മദ‌് അനസ‌്, കുഞ്ഞുമുഹമ്മദ‌്, കെ എസ‌് ജീവൻ, ജിത്തു ബേബി, അലക‌്സ‌് ആന്റണി.

വനിതകൾ
100, 200മീറ്റർ: ദ്യുതി ചന്ദ‌്. 800 മീറ്റർ: ഗോമിതി മാരിമുത്തു, ട്വിങ്കിൾ ചൗധരി. 1500 മീറ്റർ: പി യു ചിത്ര, ലിലി ദാസ‌്. 5000 മീറ്റർ: പരുൾ ചൗധരി. 3000 മീറ്റർ സ‌്റ്റീപ്പിൾചേസ‌്: പരുൾ ചൗധരി, സുധാസിങ് (അനുമതി കിട്ടിയാൽ). 400 മീറ്റർ ഹർഡിൽസ‌്: സരിതാബെൻ ഗെയ‌്ക്ക‌്വാദ‌്, മനുനാത അർപിത. 10000 മീറ്റർ: സഞ‌്ജീവനി ജാദവ‌്. ഡിസ‌്ക‌സ‌് ത്രോ: കൽപ്രീത‌് സിങ്, നവ‌്നീത‌് കൗർ. ജാവ‌്‌ലിൻ ത്രോ: അന്നു റാണി, കുമാരി ഷർമിള. ഹെപ‌്റ്റാത്ത‌്‌ലൺ: സ്വപ‌്ന ബർമൻ, പൂർണിമ ഹെംബ്രാം. 4–-100 മീറ്റർ റിലേ: ദ്യുതി ചന്ദ‌്, അർചന സുശീന്ദ്രൻ, കെ രംഗ, ഹിന, രേവതി വീരമണി. 4–-400 മീറ്റർ: ഹിമാ ദാസ‌്, എം ആർ പൂവമ്മ, സരിതാബെൻ ഗെയ‌്ക്ക‌്വാദ‌്, പ്രാചി, വി കെ വിസ‌്മയ, സോണിയ ബെയ‌്ഷ്യ.


പ്രധാന വാർത്തകൾ
 Top