21 March Thursday
ബൽജിയത്തെ തോൽപ്പിച്ചത‌് രണ്ടിനെതിരെ അഞ്ച‌് ഗോളിന‌്

അത്ഭുത വിജയം; സ്വിസ‌് കടന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 20, 2018

ബൽജിയത്തിനെതിരെ സ്വിറ്റ‌്സർലൻഡ‌ിന്റെ ഹാരിസ‌് സെഫെറോവിച്ച്‌ ഗോൾ നേടുന്നു

ലുസേൺ
കോരിത്തരിപ്പിച്ച തിരിച്ചുവരവിൽ ബൽജിയത്തെ വീഴ‌്ത്തി സ്വിറ്റ‌്സർലൻഡ‌് യുവേഫ നേഷൻസ‌് ലീഗിന്റെ സെമിയിൽ. ലോക ഫുട‌്ബോളിലെ വമ്പന്മാരെ രണ്ടിനെതിരെ അഞ്ച‌് ഗോളിന‌് സ്വിസ‌് അട്ടിമറിച്ചു. ആദ്യ 17 മിനിറ്റിൽ രണ്ട‌് ഗോളിന‌് പിന്നിലായശേഷമാണ‌്‌ അതിഗംഭീര തിരിച്ചുവരവ‌്. ഹാരിസ‌് സെഫെറോവിച്ചിന്റെ ഹാട്രിക‌് വിജയത്തിൽ നിർണായകമായി. റിക്കാർഡോ റോഡ്രിഗസും നിക്കോ എൽവേദിയും വിജയികളുടെ മറ്റ‌് ഗോളുകൾ നേടി. തോർഗൻ ഹസാർഡിന്റെ വകയായിരുന്നു ബൽജിയത്തിന്റെ രണ്ട‌് ഗോളും. ലീഗ‌് എ ഗ്രൂപ്പ‌് രണ്ടിൽ ഇരുടീമിനും ഒമ്പത‌് പോയിന്റാണ‌്. പരസ‌്പരം കളിച്ചതിൽ മെച്ചപ്പെട്ട റെക്കോഡ‌ുള്ള ടീം എന്ന നിലയിലാണ‌്  സ്വിറ്റ‌്സർലൻഡ‌് സെമിയിൽ കടന്നത‌്.

നിർണായക മത്സരത്തിൽ സ്വപ‌്നതുല്യ തുടക്കമായിരുന്നു ബൽജിയത്തിന്റേത‌്. രണ്ടാംമിനിറ്റിൽ അവർ സ്വിസ‌് വലയിൽ പന്തെത്തിച്ചു. സ്വിസ‌് പ്രതിരോധക്കാരൻ എൽവേദിയുടെ പിഴവ‌് മുതലെടുത്ത‌് മുതിർന്ന സഹോദരൻ ഏഡൻ ഹസാർഡ‌് നൽകിയ പാസ‌് തോർഗൻ മുതലാക്കി. 15 മിനിറ്റിനകം അടുത്ത ഗോളും കുറിച്ച തോർഗൻ ബൽജിയത്തിന്റെ ആഹ്ലാദം ഇരട്ടിപ്പിച്ചു. തോർഗന്റെ മികവ‌് തെളിഞ്ഞുകണ്ട ഗോൾ. മധ്യവരയ‌്ക്കടുത്തുനിന്ന‌് ഒറ്റയ‌്ക്ക‌് ഓടിക്കയറി ബോക‌്സിനു പുറത്തുവച്ച‌് ഉതിർത്ത താഴ‌്ന്ന വോളി വലയിൽ.

ബൽജിയം അനായാസം ജയം സ്വന്തമാക്കുമെന്ന പ്രതീക്ഷയിൽ സ്വന്തം കാണികൾപോലും ടീമിനെ കൈവിട്ട പോലെയായിരുന്നു. എന്നാൽ, ഷെർദാൻ ഷക്കീരിയും കൂട്ടുകാരും വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു. എതിർനിരയിലെ സൂപ്പർതാരങ്ങളെ ഭയക്കാതെ അവർ തിരിച്ചുവരവിനു മുതിർന്നു. അടങ്ങാത്ത ഗോൾദാഹവുമായി അവർ ബൽജിയൻ കോട്ടയിലേക്ക‌് പടനയിച്ചു. ഷക്കീരിയായിരുന്നു പടനായകൻ. ഈ ലിവർപൂൾ താരത്തിന്റെ കാലുകളിൽനിന്ന‌് കൂട്ടുകാരെ തേടി നിരന്തരം പന്തെത്തി. 

നാസേർ ചാഡ‌്‌ലി ബോക‌്സിനുള്ളിൽ കെവിൻ എംബബുവിനെ വീഴ‌്ത്തിയതിൽ തുടങ്ങി ബൽജിയത്തിന്റെ കഷ്ടകാലം. കളിയുടെ ഗതിമാറ്റം കുറിക്കപ്പെട്ടത‌് അവിടെയാണ‌്. റോഡ്രിഗസിന്റെ പെനൽറ്റി അതികായനായ ബൽജിയം ഗോളി തിബോ കുർട്ടോയെ കബളിപ്പിച്ച‌് വലയിൽ.
പോർച്ചുഗൽ ക്ലബ‌് ബെനഫിക്കയ‌്ക്കു കളിക്കുന്ന സെഫെറോവിച്ച‌് കത്തിജ്വലിക്കുന്നതാണ‌് പിന്നീട‌് കണ്ടത‌്. ഷക്കീരിയെ കൂട്ടുപിടിച്ച‌് സെഫെറോവിച്ച‌് ഗോളടിക്കു തുടക്കമിട്ടു. റോഡ്രിഗസ‌് പിന്നിൽനിന്ന‌് ഉയർത്തിയടിച്ച പന്ത‌് പിടിച്ചെടുത്ത ഷക്കീരി സെഫെറോവിച്ചിന‌് പാകത്തിനു നൽകി. ഗംഭീരമായൊരു ഹെഡറിൽ ബൽജിയം വല കുലുങ്ങി. കാണികൾ ആവേശത്തിലായി. ഒന്നാംപകുതി തീരാനിരിക്കെ സെഫെറോവിച്ചിന്റെ രണ്ടാംഗോൾ സ്വിസിനെ മുന്നിലെത്തിച്ചു. ബൽജിയത്തിന്റെ കോർണറിൽനിന്നായിരുന്നു ഈ ഗോളിന്റെ തുടക്കം. കോർണറിൽനിന്നുവന്ന പന്ത‌് സ്വിസ‌് പ്രതിരോധം അടിച്ചകറ്റി. പന്ത‌് കിട്ടിയ എഡ‌്മിൽസൺ ഫെർണാണ്ടസ‌് സെഫെറോവിച്ചിന‌് കൈമാറി. പ്രതിരോധിക്കാൻ എതിരാളികൾ കുറവായ തക്കത്തിന‌് ഈ മുന്നേറ്റക്കാരൻ കുർട്ടോയെ ഒരിക്കൽക്കൂടി കീഴടക്കി.

സെമിയിൽ കടക്കാൻ സ്വിസിന‌് രണ്ട‌് ഗോൾ വ്യത്യാസത്തിൽ ജയം വേണമായിരുന്നു. ഷക്കീരിയും കൂട്ടരും ആ ലക്ഷ്യത്തിനായി സർവം മറന്ന‌് പൊരുതി. പെനൽറ്റി ബോക‌്സിലേക്ക‌് ഷക്കീരി ഉയർത്തി നൽകിയ ക്രോസിൽ തലവച്ച‌് എൽവേദി ടീമിന്റെ  നാലാംഗോൾ സ്വന്തം പേരിലെഴുതി. ബൽജിയത്തിന്റെ ആദ്യഗോളിന‌് വഴിവച്ച പിഴവിനുള്ള പ്രായശ്ചിത്തവുമായത‌്.

ഈ ഘട്ടത്തിൽ ബൽജിയം ഞെട്ടലിൽനിന്ന‌് മോചിതരായി പന്തു തട്ടാൻ ശ്രമിച്ചു. ഏഡൻ ഹസാർഡിന്റെ മികച്ചൊരു ശ്രമം സ്വിസ‌് കാവൽഭടൻ യാൻ സോമർ തട്ടിയകറ്റി. പിന്നാലെ, മിഷി ബട‌്ഷുവായിയുടെ ഷോട്ടും സോമർ തടഞ്ഞു. ബൽജിയം ഗോളിനായി കിണഞ്ഞ‌് പരിശ്രമിക്കുമ്പോൾ തുറന്നുകിട്ടിയ അവസരം മുതലാക്കി സെഫെറോവിച്ച‌് ഹാട്രിക‌് തികച്ചു. എംബബുവിന്റെ ക്രോസിൽ തലവച്ച സെഫെറോവിച്ചിനു പിഴച്ചില്ല. സ്വിസിന‌് തിളക്കമുള്ള ജയം സ്വന്തം. ഒപ്പം പ്രഥമ യുവേഫ നേഷൻസ‌് ലീഗിൽ ഏവരെയും അമ്പരപ്പിച്ചുള്ള സെമി സ്ഥാനവും.


പ്രധാന വാർത്തകൾ
 Top