28 March Tuesday

മിന്നാതെ 
ജൂനിയർ മീറ്റിന്‌ തുടക്കം ; ആദ്യദിനം റെക്കോഡില്ല , പാലക്കാട്‌ മുന്നിൽ , ഷാനും ജ്യോതിഷയും 
വേഗക്കാർ

ജിജോ ജോർജ്‌Updated: Thursday Oct 20, 2022

ഇരുപത് വയസ്സിൽ താഴെയുള്ള വനിതകളുടെ ഹൈജമ്പിൽ കോട്ടയത്തിന്റെ 
റോഷ്‌ന അഗസ്‌റ്റിൻ സ്വർണത്തിലേക്ക് /ഫോട്ടോ: സുമോഷ് കോടിയത്ത്



തേഞ്ഞിപ്പലം
ട്രാക്കിലും ഫീൽഡിലും കൗമാരതാരങ്ങൾ മങ്ങിക്കത്തിയപ്പോൾ സംസ്ഥാന ജൂനിയർ മീറ്റിന്‌ ശോഭയില്ലാത്ത തുടക്കം. കോവിഡ്‌ കാലത്തിനുശേഷമുള്ള പ്രധാന മീറ്റായിട്ടും അതിനൊത്ത മിന്നുന്ന പ്രകടനങ്ങളുണ്ടായില്ല. പങ്കാളിത്തംകൊണ്ട്‌ സമ്പന്നമാണെങ്കിലും ഒറ്റ റെക്കോഡും പിറക്കാതെയാണ്‌ ആദ്യ ദിനം.

മുപ്പത്തിനാല്‌ ഫൈനലുകൾ പൂർത്തിയായപ്പോൾ 139 പോയിന്റുമായി പാലക്കാട്‌ മുന്നിലാണ്‌. എറണാകുളം (128) രണ്ടാമതും കോഴിക്കോട്‌ (77) മൂന്നാമതും മലപ്പുറം (74.5) നാലാമതുമാണ്‌.  ഇരുപത്‌ വയസ്സിൽ താഴെയുള്ളവരുടെ 100 മീറ്ററിൽ സ്വർണം നേടി മലപ്പുറത്തിന്റെ മുഹമ്മദ്‌ ഷാനും (10.98 സെക്കൻഡ്‌) എറണാകുളത്തിന്റെ എസ്‌ ജ്യോതിഷയും (12.69 സെക്കൻഡ്‌) മീറ്റിലെ വേഗക്കാരായി.

അണ്ടർ 18 വിഭാഗത്തിൽ ആലപ്പുഴയുടെ ആഷ്‌ലിൻ അലക്‌സാണ്ടർ, പാലക്കാടിന്റെ എസ്‌ മേഘ, അണ്ടർ 16 വിഭാഗത്തിൽ പാലക്കാടിന്റെ ആയുഷ്‌ കൃഷ്‌ണ, എറണാകുളത്തിന്റെ ഋതിക അശോക്‌ മേനോൻ എന്നിവരും 100 മീറ്ററിൽ സ്വർണം നേടി. ഇരുപത്‌ വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ 5000 മീറ്ററിൽ പാലക്കാടിന്റെ കെ അരുൺ, ഹൈജമ്പിൽ അഫ്‌നാൻ മുഹമ്മദ്‌, വനിതകളുടെ ഹൈജമ്പിൽ കോട്ടയത്തിന്റെ റോഷ്‌ന അഗസ്‌റ്റിൻ, 5000 മീറ്ററിൽ എറണാകുളത്തിന്റെ ആൻസ്‌ മരിയ തോമസ്‌, 800 മീറ്ററിൽ പാലക്കാടിന്റെ സ്‌റ്റെഫി സാറ കോശി എന്നിവർക്ക്‌ സ്വർണം കിട്ടി.

അണ്ടർ 18 പെൺകുട്ടികളുടെ ലോങ്‌ജമ്പിൽ തൃശൂരിന്റെ ഇ എസ്‌ ശിവപ്രിയയും ജാവലിൻ ത്രോയിൽ കോഴിക്കോടിന്റെ ജീവ വിൻസെന്റും ഒന്നാമതെത്തി. രണ്ടാംദിനമായ ഇന്ന്‌ 37 ഫൈനൽ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top