22 March Friday

ഇന്ത്യ ജയത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018

ഷോയിബ് മാലിക്കിനെ അമ്പാട്ടി റായുഡു (ചിത്രത്തലില്ല) റണ്ണൗട്ട്‌ ആക്കുന്നു


ദുബായ്
ദുർബലരായ ഹോങ്കോങ്ങിനു മുന്നിൽ പതറിയ ഇന്ത്യൻ ബൗളർമാർ ശൗര്യം വീണ്ടെടുത്തപ്പോൾ പാകിസ്ഥാന് അടിതെറ്റി. ഏഷ്യാകപ്പിലെ കരുത്തരുടെ മുഖാമുഖം ആവേശത്തിലേക്ക് ഉയർന്നില്ല. കടുത്ത പോരാട്ടം പ്രതീക്ഷിച്ചവരെ നിരാശരാക്കി പാകിസ്ഥാൻ ചെറിയ സ്കോറിനു പുറത്തായി. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ 43.1 ഓവറിൽ 162 റണ്ണിൽ ഒതുങ്ങി. മറുപടിക്കിറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓപ്പണർമാരുടെ തകർപ്പൻ പ്രകടനത്തോടെ  ജയത്തിലേക്ക്‌ കുതിക്കുകയാണ്‌. ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 11 ഒാവറിൽ 67 റണ്ണെടുത്തു നിൽക്കുന്നു.  നായകൻ രോഹിത് ശർമയും (39) ശിഖർ ധവാനും (26) ക്രീസിൽ.

മൂന്നു വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറും കേദാർ ജാദവും ഇന്ത്യയുടെ ബൗളിങ്ങ് ആക്രമണം നയിച്ചു. ഇരുവരും റൺ വിട്ടുകൊടുക്കുന്നതിലും പിശുക്കു കാട്ടി. ഏഴ് ഓവറിൽ ഭുവനേശ്വർ 15 റൺ മാത്രമാണ് വഴങ്ങിയത്. ജാദവ് ഒമ്പത് ഓവറിൽ നൽകിയത് 23 റൺ. രണ്ടു വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്ര ഇവർക്ക് നല്ല പിന്തുണയായി. കുൽദീപ് യാദവിനാണ് ഒരു വിക്കറ്റ്. ബാബർ അസമും (47) ഷോയിബ് മാലിക്കും (43) മാത്രമാണ് പാക് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.

ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് െതരഞ്ഞെടുത്തു. മൂന്നു റൺ ചേർക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായത് പ്രതിസന്ധിയായി. തുടക്കത്തിൽ ഭുവനേശ്വർ കുമാറാണ് പാകിസ്ഥാനെ ഞെട്ടിച്ചത്. ഏഴുപന്തിൽ രണ്ടു റണ്ണെടുത്ത ഇമാം ഉൾ ഹഖിനെ ഭുവനേശ്വർ മഹേന്ദ്ര സിങ് ധോണിയുടെ കൈകളിലെത്തിച്ചു. തന്റെ അടുത്ത ഓവറിലെ ആദ്യപന്തിൽ റൺ കണ്ടെത്താൻ വിഷമിച്ച ഫഖർ സമാനെയും ഭുവനേശ്വർ കൂടാരം കയറ്റി. കൂറ്റനടിക്ക് ശ്രമിച്ച സമാൻ യുസ്വേന്ദ്ര ചഹാലിന്റെ കൈകളിലെത്തി.

ബുമ്രയുടെ ആദ്യ രണ്ട് ഓവറിലും ഒറ്റ റൺ നേടാനായില്ല. മൂന്നാംവിക്കറ്റിൽ ഒന്നിച്ച അസമും മാലിക്കും പാകിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കിണഞ്ഞു ശ്രമിച്ചു. ബൗളർമാർക്കുമേൽ ആധിപത്യംനേടിയ ഇരുവരും പാക് സ്കോർ ഉയർത്തി. 82 റണ്ണാണ് ഇരുവരും മൂന്നാംവിക്കറ്റിൽ ചേർത്തത്.

ഇതിനിടെ ഹാർദിക് പാണ്ഡ്യ നടുവിന് പരിക്കേറ്റ് തിരിച്ചുകയറിയത് ഇന്ത്യയ്ക്ക് പ്രഹരമായി. 18–ാം ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞതിനു പിന്നാലെ പാണ്ഡ്യ നടുവേദനയിൽ പുളഞ്ഞ് മൈതാനത്ത് വീണു. സ്ട്രെച്ചറിലാണ് പുറത്തേക്കു കൊണ്ടുപോയത്. മനീഷ് യാദവ് പകരം ഫീൽഡ് ചെയ്യാനിറങ്ങി.

കുൽദീപ് യാദവ് ഇന്ത്യക്ക് വീണ്ടും ബ്രേക്ക് നൽകി. അരസെഞ്ചുറിയിലേക്ക് നീങ്ങിയ അസമി(47)നെ കുൽദീപ് കൂടാരം കയറ്റി.  തൊട്ടുപിന്നാലെ നായകൻ സർഫ്രാസ് അഹമ്മദിനെ കേദാർ ജാദവ് പുറത്താക്കി.

ജാദവിന്റെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച സർഫ്രാസിനെ ബൗണ്ടറി വരയ്ക്ക് ചേർന്ന്് പകരക്കാരൻ മനീഷ് പാണ്ഡെ അസാമാന്യ മികവോടെ പിടിച്ചു. ബൗണ്ടറിക്കു മുകളിലൂടെ പറന്ന പന്ത് അകത്തേക്ക് തട്ടിയിട്ട ശേഷം ബൗണ്ടറിവരയ്ക്കു പുറത്തു പോയി തിരിച്ചുവന്ന് മനീഷ് കൈയിലൊതുക്കിയത് മനോഹര കാഴ്ച.
പിന്നാലെ മാലിക്കിനെ റണ്ണൗട്ടാക്കി പാകിസ്ഥാന്റെ തകർച്ച ഇന്ത്യ വേഗത്തിലാക്കി. അമ്പട്ടി റായ്ഡുവാണ് മാലിക്കിനെ നേരിട്ടുള്ള ഏറിൽ പുറത്താക്കിയത്. ആസിഫ് അലിയെ കേദാർ പുറത്താക്കി.

കേദാറിന്റെ പന്ത് അലിയുടെ ബാറ്റിൽ തൊട്ട് ധോണിയുടെ ഗ്ലൗസിലൊടുങ്ങി. 19 പന്തിൽ ഒമ്പതു റണ്ണെടുത്ത ഷദാബ് ഖാൻ കേദാറിന്റെ പന്ത് കയറിയടിക്കാൻ മുതിർന്നപ്പോൾ ധോണി സ്റ്റമ്പ് ചെയ്തു പുറത്താക്കി.

ഫഹീം അഷറഫിനെയും (21) ഉസ്മാൻ ഖനെയും(0) ബുംമ്രയും ഹസൻ അലിയെ (1) ഭുവനേശ്വറും പുറത്താക്കി. മുഹമ്മദ് ആമിർ (18) പുറത്താകാതെ നിന്നു.
 


പ്രധാന വാർത്തകൾ
 Top