16 September Monday

ആർച്ചെർ : ആഷസിലെ വജ്രായുധം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019


ലോർഡ്‌സ്‌
ആഷസ്‌ പരമ്പരയുടെ വിധി ജോഫ്ര ആർച്ചെർ നിർണയിക്കുമെന്നാണ്‌ ഇംഗ്ലീഷുകാരുടെ വിശ്വാസം. ലോർഡ്‌സിലെ രണ്ടാം ടെസ്‌റ്റിൽ ആർച്ചെറുടെ അരങ്ങേറ്റം സംഭവബഹുലമായിരുന്നു. ഏറെക്കാലത്തിനുശേഷം വേഗംകൊണ്ട്‌ വിസ്‌മയിപ്പിക്കുന്ന ഒരു പേസറെ ടെസ്‌റ്റ്‌ ക്രിക്കറ്റിൽ കണ്ടു. മാരകഭാവമാണ്‌ ആർച്ചെറുടെ പന്തുകൾക്ക്‌. അതിലൊന്നാണ്‌ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്‌മാൻ സ്‌റ്റീവ്‌ സ്‌മിത്തിനെ വീഴ്‌ത്തിയത്‌. മാർണസ്‌ ലബുഷെയ്‌ന്റെ ഹെൽമെറ്റിനെ ഉലച്ചത്‌. ഓസീസ്‌ ബാറ്റ്‌സ്‌മാൻമാരിൽ ഭീതി നിറഞ്ഞിരിക്കുന്നു.

ആർച്ചെർ വരവറിയിച്ചുവെന്നായിരുന്നു ഇംഗ്ലീഷ്‌ ക്യാപ്‌റ്റൻ ജോ റൂട്ടിന്റെ പ്രതികരണം.‘ആർച്ചെർ ആഷസിന്റെ ഗതി മാറ്റും’–- റൂട്ട്‌ പറഞ്ഞു.
രണ്ട്‌ ഇന്നിങ്‌സുകളിലുമായി 44 ഓവർ എറിഞ്ഞ ആർച്ചെർ 91 റൺ വഴങ്ങി അഞ്ച്‌ വിക്കറ്റാണ്‌ സ്വന്തമാക്കിയത്‌.  ഈ കണക്കുകൾക്കപ്പുറമാണ്‌ ലോർഡ്‌സിൽ ആർച്ചെറുടെ പ്രകടനം.  2013–-14 ആഷസ്‌ പരമ്പരയിൽ ഓസീസ്‌ പേസർ മിച്ചെൽ ജോൺസന്റെ മാസ്‌മരിക ബൗളിങ്ങിനെ ഓർമിപ്പിക്കുന്നു അത്‌. ഓസീസ്‌ 5–-0ന്‌ ജയിച്ച പരമ്പരയിൽ ജോൺസൺ ഇംഗ്ലണ്ടിന്റെ 37 വിക്കറ്റ്‌ എറിഞ്ഞിട്ടു.

ലീഡ്‌സിൽ ഓസീസ്‌ ആർച്ചെറെ കരുതിയിരിക്കണം. ലോർഡ്‌സ്‌ ടെസ്‌റ്റിനുശേഷം ഓസീസ്‌ ക്യാപ്‌റ്റൻ ടിം പെയ്‌ൻ ആർച്ചെറെ പ്രശംസിച്ചു. ‘ഈ മിടുക്കന്‌ വലിയ ഭാവിയുണ്ട്‌’–- പെയ്‌ൻ പറഞ്ഞു.നാലാംദിനത്തിലെ വൈകുന്നേരവും, അവസാന ദിനത്തിലെ അവസാന ഓവറുകളുമാണ്‌ ആർച്ചെറെ അടയാളപ്പെടുത്തിയത്‌. നാലാംദിനം 24 ഓവർ എറിഞ്ഞു. മിക്കവാറും പന്തുകളും മണിക്കൂറിൽ 145–-150 കിലോമീറ്റർ വേഗത്തിൽ പാഞ്ഞു. സ്‌മിത്തിനെ വീഴ്‌ത്തിയ പന്തിന്റെ വേഗം മണിക്കൂറിൽ 148 കിലോമീറ്ററായിരുന്നു. 76 ഓവർ പഴക്കമുള്ള പന്തിലായിരുന്നു ഈ മിന്നൽവേഗം.

സ്‌മിത്തിനെ പരീക്ഷിച്ച സ്‌പെൽ എട്ടോവർ നീണ്ടു.അവസാനദിനം ഡേവിഡ്‌ വാർണറെ തുടക്കത്തിൽത്തന്നെ വീഴ്‌ത്തി. ഉസ്‌മാൻ ഖവാജയെയും നിലയുറപ്പിക്കാൻ അനുവദിച്ചില്ല.സ്‌മിത്തിന്റെ പകരക്കാരനായി എത്തിയ മാർണസ്‌ ലബുഷെയ്‌നെ നേരിട്ട ആദ്യ പന്തിൽത്തന്നെ ആർച്ചെർ വിരട്ടി. ബൗൺസർ ഹെൽമെറ്റിൽ ഇടിച്ചു. ലബുഷെയ്‌ൻ നിലതെറ്റിവീണു.ഇരുപത്തിനാലു വയസ്സാണ്‌. ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ ലോക ചാമ്പ്യൻമാരാക്കിയതിൽ നിർണായക പങ്കുവഹിച്ചു. ബാർബഡോസുകാരനായ ആർച്ചെർക്ക്‌ മാർച്ചിൽ മാത്രമാണ്‌ ഇംഗ്ലണ്ടിനായി കളിക്കാൻ അനുമതി കിട്ടിയത്‌.


പ്രധാന വാർത്തകൾ
 Top