25 August Sunday

ഉഷാറാക്കാൻ ഗോകുലം ; ആദ്യ വെല്ലുവിളി ഡ്യൂറന്റ‌് കപ്പ്‌

വി കെ സുധീർകുമാർUpdated: Saturday Jul 20, 2019

ഗോകുലം താരങ്ങൾ പരിശീലനത്തിൽ



കോഴിക്കോട‌്
ആവനാഴിയിൽ ഒളിപ്പിച്ചുവച്ച അസ‌്ത്രങ്ങളുമായി അടുത്ത സീസണിൽ മികച്ച വിജയത്തിനൊരുങ്ങുകയാണ‌് ഗോകുലം എഫ‌്സി. ബ്രസീലിൽനിന്നുള്ള പുതിയ കളിക്കാരൻ അടുത്ത ദിവസം  ടീമിനൊപ്പം ചേരും. അഫ‌്ഗാൻകാരനായ സോഹിബ‌് ഇസ്ലാം അമീറി ടീമിലെത്തും. കണ്ണൂരിൽനിന്നുള്ള ഗോൾകീപ്പർ സി കെ ഉബൈദാണ‌് പുതുതായി ടീമിലെത്തിയ മലയാളി. മണിപ്പൂരിൽനിന്നുള്ള നാല‌ു കളിക്കാർകൂടി എത്തുന്നതോടെ  പുതിയൊരു ഗോകുലത്തെ ആയിരിക്കും അടുത്ത സീസണിൽ ഫുട‌്ബോൾ ആരാധകർ കാണുക. ബ്രസീലിൽനിന്നുള്ള മിരിൻഡ ഗാർഷ്യ ഫിസിക്കൽ ട്രെയ‌്നിയായി ചുമതലയേറ്റു. മുഖ്യ പരിശീലകനായി ഫെർണാണ്ടോ സാന്റിയാഗോ വരേലയുടെ തിരിച്ചുവരവും ടീമിന‌് ആത്മവിശ്വാസം പകരുന്നു. കേരള പ്രീമിയർ ലീഗിൽ  ഗോകുലത്തെ വിജയിപ്പിച്ചതിനു പിന്നിൽ മറഡോണയുടെ നാട്ടിൽ   ജനിച്ച‌് ബാഴ‌്സയുടെ തട്ടകമായ  സ‌്പെയ‌്നിൽ വളർന്ന  ഫെർണാണ്ടോയുടെ തന്ത്രങ്ങളുണ്ടായിരുന്നു. എന്നാൽ, ഐ ലീഗിനു മുമ്പേ പരിശീലകസ്ഥാനം രാജിവച്ച‌് അദ്ദേഹം സ‌്പെയ‌്നിലേക്ക‌് മടങ്ങി.

കൊൽക്കത്തയിൽ നടക്കുന്ന ഡ്യൂറന്റ‌് കപ്പ‌ാണ‌് ഗോകുലത്തിന്റെ ആദ്യ വെല്ലുവിളി. ഐഎസ‌്എലിൽനിന്നും ഐലീഗിൽ നിന്നും ആറ‌ുവീതം ടീമുകളും ആർമിയുടെ നാല‌ു ടീമുകളുമായിരിക്കും ഡ്യൂറന്റ‌് കപ്പിൽ മത്സരിക്കുക. ഗോകുലം ആഗസ‌്ത‌് മൂന്നിന‌് കൊൽക്കത്തയിലേക്ക‌് തിരിക്കും. സെപ‌്തംബർ, ഒക‌്ടോബറിലായി നടക്കുന്ന ഐലീഗിന്റെ പുതിയ സീസണിൽ മികവ‌് തെളിയിക്കുകയാണ‌് പ്രധാന ലക്ഷ്യം. ഇതിനായി ടീമിന്റെ ഘടനയിൽ  കാര്യമായ മാറ്റം വരുത്തിയിരിക്കുകയാണ‌്‌.

അഞ്ച‌് വിദേശതാരങ്ങളാണ‌് ടീമിലുള്ളത‌്. ഇതിൽ ഹെൻറി കിസികെയുടെ തിരിച്ചുവരവ‌ാണ‌് പ്രധാനം. ഗോകുലത്തിനായി ആദ്യ സീസണിൽ കളിച്ച ഉഗാണ്ടയിൽനിന്നുള്ള ഹെൻറി അന്ന‌് ഏഴ‌് ഗോൾ നേടിയിരുന്നു. പിന്നീട‌് ഈ പൊന്നും താരത്തെ മോഹൻബഗാൻ സ്വന്തമാക്കി. എന്നാൽ, അവിടെ ശോഭിക്കാനായില്ല.
ട്രിനിഡാഡ‌് താരങ്ങളായ മാർക്കസ‌് ജോസഫ‌്, ആന്ദ്രെ ഹെറ്റിയേനെ എന്നിവരെയും ടീമിൽ നിലനിർത്തിയിട്ടുണ്ട‌്.

12 മലയാളി താരങ്ങൾ ടീമിലുണ്ട‌്. ബി ടീമിലുണ്ടായിരുന്ന കെ പി രാഹുൽ, ഷിബിൻ, സഞ്ജു എന്നിവരെ  സീനിയർ ടീമിൽ ഉൾപ്പെടുത്തിയതാണ‌് മറ്റൊരു  മാറ്റമെന്ന‌് ടെക‌്നിക്കൽ ഡയറക്ടർ ബിനോ ജോർജ‌് പറഞ്ഞു. മലയാളികളായ മായക്കണ്ണൻ, മുഹമ്മദ‌് റാഷിദ‌്, സി കെ അജ‌്മൽ, കെ സൽമാൻ, ജസ‌്റ്റിൻ ജോർജ‌് തുടങ്ങിയവരും പുതിയ സ‌്ക്വാഡിലുണ്ട‌്. കഴിഞ്ഞ സീസണിൽ ഐലീഗിൽ ഒമ്പതാം സ്ഥാനത്തായിരുന്നു ഗോകുലം. അതിനു തൊട്ടുമുമ്പുള്ള സീസണിൽ ആറാം സ്ഥാനത്തെത്താൻ ടീമിന‌് സാധിച്ചിരുന്നു. ഈ സീസണിൽ കിരീടമാണ‌് ലക്ഷ്യമെന്ന‌് ടീം സെക്രട്ടറി വി സി പ്രവീൺ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top