23 August Friday

വെനസ്വേല ബ്രസീലിനെ പൂട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

കോപ അമേരിക്കയിൽ വെനസ്വേലയുടെ ജൂനിയർ മൊറിനോയും ബ്രസീൽ താരം ഡാനി ആൽവേസും പന്തിനായുള്ള പോരാട്ടത്തിൽ

സാൽവദോർ
കോപ അമേരിക്കയിൽ ബ്രസീലിനെ വെനസ്വേല ഗോളടിക്കാതെ സമനിലയിൽ തളച്ചു. ബ്രസീൽ വലയിലെത്തിച്ച മൂന്ന‌് ഗോളുകൾ റദ്ദായി. രണ്ടുവട്ടം വീഡിയോ സഹായ സംവിധാനത്തിൽ (വാർ) ബ്രസീൽ നേടിയത‌് ഗോൾ അല്ലെന്ന‌് തെളിഞ്ഞു. പ്രതിരോധക്കോട്ട കെട്ടിയാണ‌് വെനസ്വേല ബ്രസീലിന്റെ മുന്നേറ്റത്തെ തടഞ്ഞത‌്. 

ആദ്യ പകുതിയിൽ ഗോൾ കീപ്പർമാർക്ക‌് കാര്യമായ ജോലി ഉണ്ടായിരുന്നില്ല. റോബേർട്ടോ ഫിർമിനോ വലയിലെത്തിച്ച പന്ത‌് റഫറി ഗോൾ അനുവദിച്ചില്ല. രണ്ടാം പകുതിയിൽ റിച്ചാർലിസണിന‌് പകരം മാഞ്ചസ‌്റ്റർ സിറ്റി താരം ഗബ്രിയേൽ ജെസ്യൂസ‌് എത്തിയതോടെ ബ്രസീലിയൻ നിര ഉണർന്നു.

60–-ാം മിനിറ്റിൽ ജെസ്യൂസ‌് പന്ത‌് ലക്ഷ്യത്തിലെത്തിച്ചു. റഫറി ഗോൾ അനുവദിച്ചെങ്കിലും വാറിൽ ഫിർമീനോ ഓഫ‌് സൈഡാണെന്ന‌് മനസ്സിലായി. 87–-ാം മിനിറ്റിൽ ഫിലിപ്പ‌് കുടീന്യോ അടിച്ച പന്ത‌് വീണ്ടും വലയിലായി.  റഫറി ഗോൾ അനുവദിച്ചെങ്കിലും വാറിൽ ഫിർമീനോ ഓഫ‌് സൈഡ‌് ആണെന്ന‌് തെളിഞ്ഞു.

വാർ തീരുമാനങ്ങൾ ശരിയായിരുന്നെന്നും ബ്രസീലിന‌് നീതി ലഭിച്ചെന്നുമാണ‌് കോച്ച‌് ടിറ്റെയുടെ  പ്രതികരണം. ആദ്യ പകുതിയിൽ വെനസ്വേല ബ്രസീലിനെ പ്രതിരോധത്തിൽ തളയ‌്ക്കുകയായിരുന്നു. ആദ്യപകുതിയിൽ 75 ശതമാനം പന്തടക്കമുണ്ടായിരുന്നിട്ടും ഒരിക്കൽ മാത്രമാണ‌് ബ്രസീൽ വെനസ്വേലൻ ഗോൾമുഖത്തിലേക്ക‌് ആക്രമണം നടത്തിയത‌്. രണ്ടാംപകുതിയിൽ  പ്രതിരോധത്തിൽ ഊന്നിത്തന്നെയായിരുന്നു വെനസ്വേലയുടെ കള‌ി‌. അവർ ആക്രമണത്തിന്റെ സ‌ൂചനപോലും നൽകിയില്ല.

സമനിലയോടെ ‌ഒരു പോയിന്റ‌് ലഭിച്ച ബ്രസീൽ നാല‌് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ‌്. നാല‌് പോയിന്റുമായി പെറുവാണ‌് രണ്ടാം സ‌്ഥാനത്ത‌്. രണ്ട‌് പോയിന്റുമായി വെനസ്വേല മൂന്നാമതും ബൊളീവിയ അവസാനവുമാണ‌്. പെറു ഒന്നിനതിരെ മൂന്ന‌് ഗോളിന‌് ബൊ‌ളീവിയയെ തോൽപ്പിച്ചു. ശനിയാഴ‌്ച രാത്രി 12.30ന‌്  പെറുവിനെതിരായാണ‌് ബ്രസീലിന്റെ അടുത്ത മത്സരം. അതേസമയം വെനസ്വേല ബൊളീവിയയെ നേരിടും. നാളെ രാവിലെ 4.30ന‌് ജപ്പാൻ ഉറുഗ്വേയെ നേരിടും.


പ്രധാന വാർത്തകൾ
 Top