05 April Sunday

ഹാ..! ലൻഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

പിഎസ്‌ജിക്കെതിരെ ഹാലൻഡ്‌ ഡോർട്ട്‌മുണ്ടിന്റെ ആദ്യ ഗോൾ നേടുന്നു

ഡോർട്ട്‌മുണ്ട്‌
നെയ്‌മറും കിലിയൻ എംബാപ്പെയുമല്ല. ഡോർട്ട്‌മുണ്ടിലെ ബിവിബി സ്‌റ്റേഡിയത്തിൽ എർലിങ്‌ ഹാലൻഡ്‌ എന്ന പത്തൊമ്പതുകാരനാണ്‌ തീയായത്‌. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിന്റെ ആദ്യപാദ പ്രീ ക്വാർട്ടർ അവസാനിച്ചപ്പോൾ ഹാലൻഡ്‌ പിഎസ്‌ജിയുടെ നെഞ്ച്‌ പുകച്ചു.

ആദ്യപാദം 2–-1ന്‌ ബൊറൂസിയ ഡോർട്ട്‌മുണ്ട്‌ നേടി. ഡോർട്ട്‌മുണ്ടിന്റെ രണ്ടു ഗോളും ഹാലൻഡ്‌ തൊടുത്തു. തോൽവിയിലും ഒരു ഗോൾ തിരിച്ചടിക്കാനായത്‌ രണ്ടാംപാദത്തിൽ പിഎസ്‌ജിക്ക്‌ ആത്മവിശ്വാസം നൽകും. നെയ്‌മറുടെ വകയായിരുന്നു പിഎസ്‌ജിയുടെ മറുപടി. രണ്ടാംപാദം പാരീസിൽ മാർച്ച്‌ 11ന്‌ നടക്കും.

ആക്രമണത്തിന്‌ പ്രത്യാക്രമണമായിരുന്നു ഡോർട്ട്‌മുണ്ടിന്റെ ശൈലി. ജെയ്‌ഡൻ സാഞ്ചോയും ഹാലൻഡും കൃത്യമായി അത്‌ നടപ്പാക്കി. നെയ്‌മറും എംബാപ്പെയും ഉൾപ്പെട്ട പിഎസ്‌ജി മുന്നേറ്റനിരയ്‌ക്ക്‌ മൂർച്ചയുണ്ടായില്ല. ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകൾ കുറവായിരുന്നു. ആദ്യഘട്ടത്തിൽ നെയ്‌മറുടെ ഫ്രീകിക്ക്‌ നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. മധ്യനിരയിൽ ഏഞ്ചൽ ഡി മരിയ നിറംമങ്ങിയതോടെ പിഎസ്‌ജിയുടെ കളിയാസൂത്രണം പാളി.

മറുവശത്ത്‌ ജെയ്‌ഡൻ സാഞ്ചോ ഒരു അവസരം പുറത്തേക്കടിച്ച്‌ പാഴാക്കി. മറ്റൊരു തകർപ്പൻ ഷോട്ട്‌ പിഎസ്‌ജി ഗോൾ കീപ്പർ കെയ്‌ലർ നവാസ്‌ തട്ടിയകറ്റി. തിരിച്ചുകിട്ടിയ പന്ത്‌ ഹാലൻഡ്‌ വലനോക്കി തൊടുത്തെങ്കിലും പുറത്തുപോയി.രണ്ടാംപകുതിയിൽ ഹാലൻഡിനെ പിഎസ്‌ജിക്ക്‌ മനസ്സിലായി. അച്‌റഫ്‌ ഹക്കീമി നൽകിയ പന്ത്‌ റാഫേൽ ഗുറെയ്‌റോ വല ലക്ഷ്യമാക്കി തൊടുത്തു. തട്ടിത്തെറിച്ച പന്ത്‌ ഗോൾമുഖത്ത്‌. നവാസ്‌ പന്തെടുക്കുംമുമ്പ്‌ ഹാലൻഡ്‌ കാലൊന്ന്‌ നീട്ടി. പന്ത്‌ വലയിൽ.

പിഎസ്‌ജി പെട്ടെന്നുതന്നെ സമനില പിടിച്ചു. എംബാപ്പെയുടെ കൃത്യതയുള്ള ക്രോസ്‌ വലയ്‌ക്ക്‌ മുന്നിലേക്ക്‌. നെയ്‌മർക്ക്‌ കാൽവയ്‌ക്കേണ്ട കാര്യമേ ഉണ്ടായുള്ളൂ. രണ്ട്‌ മിനിറ്റിനുള്ളിൽ ഹാലൻഡ്‌ വീണ്ടുമെത്തി. ജിയോവാന്നി റെയ്‌നയുടെ പാസ്‌ പിടിച്ചെടുത്ത്‌, ഇടംകാൽകൊണ്ട്‌ 20 വാര അകലെനിന്ന്‌ ചാട്ടുളിപോലൊരു ഷോട്ട് പായിച്ചു ഹാലൻഡ്‌. പിഎസ്‌ജി അതിൽ തീർന്നു.


പ്രധാന വാർത്തകൾ
 Top