05 April Sunday
ഇനി ‘ടെസ്റ്റ്‌’

ഇന്ത്യ–-ന്യൂസിലൻഡ്‌ ഒന്നാം ടെസ്റ്റ്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ



വെല്ലിങ്‌ടൺ
ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക്‌ ഇനി ന്യൂസിലൻഡ്‌ പരീക്ഷണം. രണ്ട്‌ മത്സര ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക്‌ നാളെ തുടക്കമാകും. പുലർച്ചെ നാലിനാണ്‌ കളി.
കളിച്ച ഏഴിലും ജയിച്ച്‌ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ കുതിക്കുകയാണ്‌ ഇന്ത്യ. കിവി പേസർമാരുടെ ഭീഷണി മറികടന്നാൽ വിരാട്‌ കോഹ്‌ലിക്കും സംഘത്തിനും ജയം തുടരാം.
ന്യൂസിലൻഡിനെതിരെ ട്വന്റി–-20 പരമ്പരയിൽ സമ്പൂർണ ജയം നേടിയപ്പോൾ ഏകദിനത്തിൽ സമാനമായി തോറ്റു ഇന്ത്യ. 2016നു ശേഷം ആദ്യമായാണ്‌ ഇരുടീമുകളും ടെസ്റ്റിൽ മുഖാമുഖമെത്തുന്നത്‌. അന്ന്‌ സ്വന്തം തട്ടകത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ മൂന്ന്‌ കളികളിലും തകർത്തു.

രോഹിത്‌ ശർമയുടെ അഭാവത്തിൽ മായങ്ക്‌ അഗർവാളിനൊപ്പം ഓപ്പണിങ്ങിൽ കൂട്ടാര്‌ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പൃഥ്വി ഷായും ശുഭ്‌മാൻ ഗില്ലുമാണ്‌ അവസരത്തിനായി കാത്തുനിൽക്കുന്നത്‌. പരിക്കുകാരണം സംശയത്തിലായിരുന്ന ഇശാന്ത്‌ ശർമ കളിക്കും. പേസർ പരിശീലനത്തിനിറങ്ങി. 2009നു ശേഷം ന്യൂസിലൻഡിൽ ടെസ്റ്റ്‌ പരമ്പര നേടാനായിട്ടില്ല ഇന്ത്യക്ക്‌.

ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ കളിച്ച അഞ്ചിൽ നാലിലും തോറ്റാണ്‌ ന്യൂസിലൻഡ്‌ എത്തുന്നത്‌. ഓസ്‌ട്രേലിയയോട്‌ സമ്പൂർണ പരാജയമായിരുന്നു (3‌–-0). ശ്രീലങ്കയോട്‌ രണ്ടു മത്സര പരമ്പര പങ്കിട്ടു (1–-1). സ്വന്തം തട്ടകത്തിൽ ആദ്യമായാണ്‌ കിവികൾ ചാമ്പ്യൻഷിപ്പിന്‌ ഇറങ്ങുന്നത്‌. സ്വന്തം മണ്ണിൽ അവസാന അഞ്ച്‌ പരമ്പരകളിലും ന്യൂസിലൻഡ്‌ ജയിച്ചു.
കെയ്‌ൻ വില്യംസൺ നയിക്കുന്ന ടീമിന്റെ ശക്തി പേസ്‌ നിരയാണ്‌. ട്രെന്റ്‌ ബോൾട്ട്‌, ടിം സൗത്തി എന്നിവരടങ്ങുന്ന പേസർമാർ ഇന്ത്യയെ വിറപ്പിക്കും. മുതിർന്ന ബാറ്റ്‌സ്‌മാൻ റോസ്‌ ടെയ്‌ലറുടെ നൂറാം മത്സരവുംകൂടിയാണ്‌ വെല്ലിങ്‌ടണിലേത്‌.


പ്രധാന വാർത്തകൾ
 Top