14 December Saturday
കല്ലടി 48.33, മാർബേസിൽ 46.33

മാറ്റം, മുഴക്കം

പ്രദീപ്‌ ഗോപാൽUpdated: Tuesday Nov 19, 2019

സീനിയർ ആൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ പാലക്കാടിന്റെ പി എസ്‌ അഖിലിൽനിന്ന്‌ ബാറ്റൺ വാങ്ങി ഒന്നാം സ്ഥാനത്തേക്ക്‌ കുതിക്കുന്ന മുഹമ്മദ്‌ ഷനൂബ്‌ \ ഫോട്ടോ: സുമേഷ്‌ കോടിയത്ത്‌


കണ്ണൂർ
ഒരു പകൽ, 23 ഫൈനൽ. കിരീടത്തിലേക്കുള്ള അവസാന ലാപ്പ്‌. പാലക്കാടിന്റെ കൈയിലാണ്‌ ബാറ്റൺ. 153.33 പോയിന്റ്‌. നിലവിലെ ചാമ്പ്യന്മാരായ എറണാകുളം 129.33.  24 പോയിന്റ്‌ വ്യത്യാസത്തിൽ  പാലക്കാട്‌ മുന്നിൽ. സംസ്ഥാന സ്‌കൂൾ കായികോത്സവ ചരിത്രത്തിലെ മൂന്നാം കിരീടം പാലക്കാടിന്റെ തൊട്ടരികെയുണ്ട്‌. 13 തവണ കിരീടം ചൂടിയ എറണാകുളത്തിന്റെ  മെഡൽ ഇനങ്ങളിലേക്ക്‌ കുതിച്ചുകയറിയായിരുന്നു ഇക്കുറി അവരുടെ മുന്നേറ്റം. അവസാന നാളിൽ വലിയ അട്ടിമറികളുണ്ടാകില്ലെന്ന്‌ പാലക്കാട്‌ കണക്കുകൂട്ടുന്നു.

രണ്ടാംദിനം  ഒറ്റ പോയിന്റ്‌ വ്യത്യാസത്തിൽ എറണാകുളമായിരുന്നു മുന്നിൽ. എറണാകുളം  77.33 പോയിന്റ്‌. പാലക്കാട്‌ 76.33. ആദ്യദിനം മൂന്ന്‌ പോയിന്റ്‌ വ്യത്യാസത്തിൽ പാലക്കാടായിരുന്നു മുന്നിൽ. എറിഞ്ഞും ചാടിയും മെഡൽ കൊയ്‌ത്‌ രണ്ടാംദിനം എറണാകുളം മുന്നേറിയപ്പോൾ പാലക്കാട്‌ പതുക്കെ പിൻവലിഞ്ഞു.
മൂന്നാം ദിനം കാറ്റ്‌ പാലക്കാട്ടേക്ക്‌. കല്ലടി സ്‌കൂളിന്റെയും ഒളിമ്പിക്‌ അക്കാദമിയുടെയും കുട്ടികൾ തകർത്തു. ഒതുങ്ങിനിന്ന പറളി സ്‌കൂളും ചെറുതായൊന്ന്‌ മിന്നി. മാത്തൂർ  സ്‌കൂളും ചേർന്ന്‌ ആഞ്ഞുപിടിച്ചപ്പോൾ പാലക്കാട്‌ ഉണർന്നു.  ഹർഡിൽസിലും 600 മീറ്ററിലും അവർ നിറഞ്ഞു. ഏറുകാരും ഉയരക്കാരും തുണച്ചപ്പോൾ എറണാകുളം തൊട്ടുപിന്നിലെത്തി.

4–-100 റിലേയിൽ കഥമാറി. പാലക്കാട്‌ ഒരു സ്വർണവും ഒരു വെള്ളിയും രണ്ട്‌ വെങ്കലവും നേടി. 23 പോയിന്റ്‌.  എറണാകുളം –- 0. ഒരു വിഭാഗത്തിലും എറണാകുളത്തിന്‌ ആദ്യ മൂന്നിൽ ഉൾപ്പെടാനായില്ല. റിലേയിലെ മേധാവിത്തമാണ്‌ പാലക്കാടിന്റെ പ്രതീക്ഷകൾക്ക്‌ നിറംപകർന്നത്‌. 200, 800, 4x-400 മീറ്റർ റിലേ എന്നിവയിലാണ്‌ അവസാന ദിനത്തിലെ പ്രധാന മത്സരങ്ങൾ.

സബ്‌ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്‌പുട്ടിൽ കോതമംഗലം മാർ ബേസിൽ എച്ച്‌എസ്‌എസിലെ ഹെനിൻ എലിസബത്ത്‌  റെക്കോഡോടെ സ്വർണം നേടുന്നു

സബ്‌ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്‌പുട്ടിൽ കോതമംഗലം മാർ ബേസിൽ എച്ച്‌എസ്‌എസിലെ ഹെനിൻ എലിസബത്ത്‌ റെക്കോഡോടെ സ്വർണം നേടുന്നു

 

കല്ലടി 48.33,  മാർബേസിൽ 46.33

കല്ലടിയോ മാർബേസിലോ?
കായികോത്സവത്തിന്റെ ചാമ്പ്യൻ സ്‌കൂളിനായി കനത്തപോരാട്ടം. അവസാനദിനത്തിൽ കുമരംപൂത്തൂർ കല്ലടി എച്ച്‌എസ്‌എസും കോതമംഗലം മാർബേസിൽ എച്ച്‌എസ്‌എസും തമ്മിലാണ് പോര്‌. കല്ലടി രണ്ട്‌ പോയിന്റ്‌ വ്യത്യാസത്തിൽ മുന്നിൽ നിൽക്കുന്നു. 48.33 പോയിന്റ്‌ (4 സ്വർണം, 9 വെള്ളി, 3 വെങ്കലം). മാർബേസിലിന്‌ 46.33 പോയിന്റ്‌ (5 സ്വർണം, 6 വെള്ളി, 5 വെങ്കലം). 29 പോയിന്റുള്ള പാലക്കാട്‌ ബിഇഎംഎച്ച്‌എസ്‌ 29 പോയിന്റുമായി മൂന്നാമത്‌ (5 സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം).

2011 മുതൽ ചാമ്പ്യൻപട്ടത്തിനായി രംഗത്തുള്ള കല്ലടി ഇക്കുറിയും മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത്‌. ഏറിനങ്ങളിലും തിളങ്ങി. പലപ്പോഴും നേരിയ വ്യത്യാസത്തിൽ ചാമ്പ്യൻ പട്ടം നഷ്ടമായ കല്ലടി ഇക്കുറി അവസാന ഇനംവരെ പൊരുതാനുള്ള വീര്യത്തിലാണ്‌.

സബ്‌ജൂനിയർ ആൺകുട്ടികളുടെ 600 മീറ്ററിൽ മണിപ്പൂരുകാരൻ മൊയ്‌റാങ്‌തെം സനാജോബയുടെ സ്വർണമാണ്‌ മൂന്നാംദിനം കല്ലടിക്ക്‌ ലീഡ്‌ നൽകിയത്‌. ഈയിനത്തിൽ മാർബേസിലിന്റെ പി ആർ ആരോമൽ രണ്ടാമതെത്തി. ഇന്ന്‌ ട്രാക്കിലാണ്‌ കടുത്ത മത്സരം. 200ലും 800ലും ഇരു സ്‌കൂളുകൾക്കും മികച്ച താരങ്ങളുണ്ട്‌.

ജൂനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ കോതമംഗലം എംഎ കോളേജ്‌ സ്‌പോർട്‌സ്‌ ഹോസ്‌റ്റലിലെ ബ്ലസ്സി ദേവസ്യ  റെക്കോഡിലേക്ക്‌ ഹാമർ പായിക്കുന്നു \ ഫോട്ടോ: മിഥുൻ അനില മിത്രൻ

ജൂനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ കോതമംഗലം എംഎ കോളേജ്‌ സ്‌പോർട്‌സ്‌ ഹോസ്‌റ്റലിലെ ബ്ലസ്സി ദേവസ്യ റെക്കോഡിലേക്ക്‌ ഹാമർ പായിക്കുന്നു \ ഫോട്ടോ: മിഥുൻ അനില മിത്രൻ

 


പ്രധാന വാർത്തകൾ
 Top