04 December Friday
രാജസ്ഥാനോട്‌ ഏഴ്‌ വിക്കറ്റ്‌ തോൽവി

ഉണരാതെ ചെന്നൈ ; ചെന്നൈ സൂപ്പർ കിങ്‌സിന്‌ ഏഴാം തോൽവി

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

ചെന്നൈക്കെതിരെ ജയം നേടിയപ്പോൾ രാജസ്ഥാന്റെ ബട്‌ലറുടെയും സ്‌മിത്തിന്റെയും ആഘോഷം


അബുദാബി
ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്‌ ഏഴാം തോൽവി. അവസാനക്കാരുടെ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനോട്‌ ‌ഏഴ്‌ വിക്കറ്റിന്‌ കീഴടങ്ങി. ബൗളർമാരുടെ മിടുക്കിൽ ചെന്നൈയെ 125ൽ ഒതുക്കിയ രാജസ്ഥാൻ 15 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യംകണ്ടു. 48 പന്തിൽ 70 റണ്ണെടുത്ത ജോസ്‌ ബട്‌ലറാണ്‌ രാജസ്ഥാന്റെ വിജയശിൽപ്പി. ക്യാപ്‌റ്റൻ സ്റ്റീവ്‌ സ്‌മിത്ത്‌ (34 പന്തിൽ 26) പിന്തുണ നൽകി. അപരാജിത നാലാം വിക്കറ്റിൽ ഇരുവരും 98 റൺ ചേർത്തു.

സ്‌കോർ ചെന്നൈ 5–-125, രാജസ്ഥാൻ 3‐126 (17.3).

ചെറിയ ലക്ഷ്യത്തിലേക്ക്‌ ബാറ്റ്‌ വീശിയ രാജസ്ഥാൻ‌ തുടക്കം വിറച്ചു. 28 റണ്ണിനിടെ മൂന്ന്‌ വിക്കറ്റുകൾ നഷ്ടമായി. ബെൻ സ്‌റ്റോക്‌സ്‌ (19), റോബിൻ ഉത്തപ്പ (4) എന്നിവരും റണ്ണൊന്നും എടുക്കാതെ സഞ്ജു സാംസണും മടങ്ങി. സഞ്ജു വീണ്ടും മങ്ങി. തുടക്കം ശ്രദ്ധയോടെ ബാറ്റ്‌ വീശിയ ബട്‌ലർ പിന്നീട്‌ ടോപ്‌ഗിയറിലായി. രണ്ട്‌ സിക്‌സറും ഏഴ്‌ ബൗണ്ടറികളും ആ ഇന്നിങ്സിൽ ഉൾപ്പെട്ടു. ബട്‌ലർക്ക്‌ പിന്തുണ ഒരുക്കുക എന്ന ജോലി സ്‌മിത്ത്‌ മനോഹരമായി നിർവഹിച്ചു.

ടോസ്‌ നേടിയ ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, കണക്കുകളെല്ലാം പിഴച്ചു. മുൻനിര ബാറ്റ്‌സ്‌മാൻമാർ റൺ കണ്ടെത്താനാകാതെ വിയർത്തു. ആർച്ചെറും അങ്കിത്‌ രാജ്‌പുത്തും ചേർന്ന പേസ്‌നിര തുടക്കമേ ചെന്നൈ ബാറ്റ്‌സ്‌മാൻമാരെ നിയന്ത്രിച്ചു. ഫാഫ്‌ ഡു പ്ലെസിസിക്കും (9 പന്തിൽ 10) സാം കറനും (25 പന്തിൽ 22) വമ്പനടി തീർക്കാനായില്ല. ഡു പ്ലെസിയെ ജോസ്‌ ബട്‌ലറുടെ കൈകളിലെത്തിച്ച്‌ ആർച്ചെർ തുടക്കമിട്ടു.

ആദ്യ രണ്ടോവറിൽ വെറും അഞ്ചു‌ റൺമാത്രമാണ്‌ ഇംഗ്ലീഷുകാരൻ വിട്ടുനൽകിയത്‌.ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ്‌ (30 പന്തിൽ 35*) ചെന്നൈയെ തുണച്ചത്‌. ക്യാപ്‌റ്റൻ മഹേന്ദ്രസിങ്‌ ധോണിയാണ്‌ (28 പന്തിൽ 28) രണ്ടാമത്തെ ഉയർന്ന സ്‌കോറർ.
രാഹുൽ ടെവാട്ടിയ, ശ്രേയസ്‌ ഗോപാൽ, ജോഫ്ര ആർച്ചെർ എന്നിവരാണ്‌ രാജസ്ഥാനായി മിന്നിയത്‌. മൂവരും ഓരോ വിക്കറ്റ്‌ നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top