29 January Wednesday

ചാമ്പ്യൻസ്‌ ലീഗ്‌ : ലിവർപൂൾ വീണു, ബാഴ്‌സ രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

ഡോർട്‌മുണ്ട്‌ മുന്നേറ്റക്കാരൻ അലകാസെറുടെ ഗോൾശ്രമം തടയുന്ന ബാഴ്‌സ ഗോളി ടെർ സ്റ്റെഗെൻ


വെസ്റ്റ്‌ഫാലിയ
ചാമ്പ്യൻസ്‌ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന്‌ അടിപതറി. നാപ്പോളിക്കു മുന്നിൽ രണ്ട്‌ ഗോളിന്‌ ലിവർപൂൾ വീണപ്പോൾ ബാഴ്‌സലോണ ബൊറൂസിയ ഡോർട്ട്‌മുണ്ടിനോട്‌ സമനിലയിൽ രക്ഷപ്പെട്ടു (0–-0). ചെൽസിയെ ഒരു ഗോളിന്‌ കീഴടക്കി വലെൻസിയ കരുത്തുകാട്ടിയപ്പോൾ ഇന്റർ മിലാൻ–-സ്ലാവിയ പ്രാഗ്‌ പോരാട്ടം സമനിലയിലായി.

പത്തൊമ്പതുകാരൻ എർലിങ്‌ ബ്രോട്‌ ഹലാൻഡിന്റെ ഹാട്രിക്‌ മികവിൽ ആർ ബി സാൽസ്‌ബർഗ്‌ ഗെൻകിനെ 6–-2ന്‌ തകർത്തു. അയാക്‌സ്‌ മൂന്ന്‌ ഗോളിന്‌ ലില്ലെയെയും തോൽപ്പിച്ചു.

വിറച്ചു ലിവർപൂൾ
വമ്പൻ ജയം തേടിയെത്തിയ ലിവർപൂൾ നാപ്പോളിക്കുമുന്നിൽ തലകുനിച്ചു. നിലവിലെ ജേതാക്കളുടെ പകിട്ടുമായി കളത്തിലിറങ്ങിയ യുർഗൻ ക്ലോപിന്റെ സംഘത്തെ നാപ്പോളി തളച്ചു. 1994ൽ എസി മിലാനുശേഷം ലീഗിൽ ജേതാക്കളായതിന്‌ പിന്നാലെയുള്ള സീസണിൽ ആദ്യ മത്സരത്തിൽ തോൽക്കുന്ന ടീമായി ലിവർപൂൾ.

ഡ്രൈസ്‌ മെർടൻസും ഫെർണാണ്ടോ ലൊറന്റെയുമാണ്‌ ഇറ്റലിക്കാരുടെ വിജയഗോളുകൾ കുറിച്ചത്‌. അവസാന പത്ത്‌ മിനിറ്റിലാണ്‌ നാപ്പോളിയുടെ ഗോളുകൾ. ലീഗിൽ മികച്ച ജയത്തോടെ ഒരുങ്ങാമെന്ന മോഹവുമായി നാപ്പോളിയുടെ മൈതാനത്തെത്തിയ ഇംഗ്ലീഷ്‌ വമ്പൻമാർക്ക്‌ ലക്ഷ്യത്തിലെത്താനായില്ല. പ്രതിരോധത്തിൽ കലിഡോ കൗലിബാലിയാണ്‌ ലിവർപൂളിന്റെ മുനയൊടിച്ചത്‌. മുഹമ്മദ്‌ സലായെയും സാദിയോ മാനേയെയും റോബർടോ ഫിർമിനോയെയും സെനഗലുകാരൻ അടക്കിനിർത്തി. തുടക്കത്തിൽ നാപ്പോളി ബോക്‌സിലേക്ക്‌ ആർത്തിരമ്പിയെങ്കിലും ഗോൾവല കുലുക്കാൻ ലിവർപൂളിനായില്ല.

ആദ്യപകുതിയിൽ പ്രതിരോധത്തിലൂന്നിയായിരുന്നു കാർലോ ആഞ്ചലോട്ടിയുടെ ടീമിന്റെ കളി. എന്നാൽ, ഇടവേളയ്‌ക്കുശേഷം നാപ്പോളി മുന്നേറ്റത്തിന്‌ വീര്യം കൂടി. ലിവർപൂളിനായി ഗോൾകീപ്പർ ആഡ്രിയാൻ രണ്ടുതവണയാണ്‌ ഗോൾവലയ്‌ക്ക്‌ കീഴിൽ രക്ഷകനായത്‌. പെനൽറ്റിയിലൂടെയായിരുന്നു മെർടൻസിന്റെ ഗോൾ. ഗോൾ വഴങ്ങിയതോടെ ലിവർപൂൾ പതറി. വിർജിൽ വാൻഡിക്കിന്റെ പിഴവിൽനിന്നാണ്‌ കളിയവസാനം ലൊറന്റെ ലിവർപൂളിന്‌ വീണ്ടും അടി നൽകിയത്‌.
ഒക്‌ടോബർ രണ്ടിന്‌ സാൽസ്‌ബർഗിനെതിരെയാണ്‌ ഗ്രൂപ്പിൽ ലിവർപൂളിന്റെ അടുത്ത മത്സരം.

ബാഴ്‌സയെ ടെർ സ്റ്റെഗെൻ കാത്തു
ഗോൾകീപ്പർ മാർക്‌ ആന്ദ്രേ ടെർ സ്റ്റെഗെൻ ബാഴ്‌സലോണയെ കാത്തു. ബൊറൂസിയ ഡോർട്‌മുണ്ടിന്റെ മാർകോ റെയൂസിന്റെ പെനൽറ്റിയടക്കം ബാഴ്‌സ ഗോളി രക്ഷപ്പെടുത്തിയത്‌ മൂന്നിൽ കൂടുതൽ ഗോൾശ്രമങ്ങൾ. സ്വന്തം തട്ടകത്തിൽ സ്‌പാനിഷ്‌ ചാമ്പ്യൻമാരെ വിരട്ടിയ ഡോർട്‌മുണ്ട്‌ അർഹിച്ച ജയം നേടാതെ മടങ്ങി . സീസണിൽ ആദ്യമായി ബാഴ്‌സ കുപ്പായമണിഞ്ഞ ക്യാപ്‌റ്റൻ ലയണൽ മെസി കളത്തിൽ മങ്ങി.

സിഗ്‌നൽ ഇഡുന പാർക്ക്‌ സ്‌റ്റേഡിയത്തിൽ മഞ്ഞ വിരിയിച്ച പതിനായിരക്കണക്കിന്‌ കാണികൾക്കുമുന്നിൽ നെഞ്ചുറപ്പോടെയാണ്‌ ഡോർട്‌മുണ്ട്‌ പന്തു തട്ടിയത്‌. ആശങ്കയോ പരിഭ്രമമോ അവരിലുണ്ടായില്ല. ബാഴ്‌സ താരങ്ങളെ കാഴ്‌ചക്കാരാക്കി അവർ അനായാസം പന്തിൽ കാലുവച്ചു. റെയൂസും തോർഗൻ ഹസാർഡും മധ്യനിര നയിച്ചു.  മുന്നേറ്റത്തിൽ ജെഡൺ സാഞ്ചോയും  അലകാസെറും. മെസിയെ ബെഞ്ചിലിരുത്തിയാണ്‌ ബാഴ്‌സ കളിതുടങ്ങിയത്‌. കൗമാരക്കാരൻ അൻസു ഫാറ്റി ചാമ്പ്യൻസ്‌ ലീഗിൽ അരങ്ങേറ്റം കുറിച്ചു. ബാഴ്‌സയ്‌ക്കായി ലീഗിൽ പന്തുതട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി പതിനാറുകാരൻ.

കളിയിലുടനീളം മുന്നേറിയ ഡോർണ്ട്‌മുണ്ട്‌ ടെർ സ്റ്റെഗെന്‌ മുന്നിൽ തലകുനിച്ചു. റെയൂസിന്റെ പെനൽറ്റിയും പിന്നാലെയുള്ള കരുത്തുറ്റ അടിയും തടുത്ത്‌ ജർമൻകാരൻ ബാഴ്‌സയ്‌ക്ക്‌  എതിർതട്ടകത്തിലെ നിർണായകമായ ഒരു പോയിന്റ്‌ സമ്മാനിച്ചു.


പ്രധാന വാർത്തകൾ
 Top