25 June Tuesday

കേരള പ്രീമിയർ ലീഗ്‌ : നേവി ചാമ്പ്യന്മാർ

ജിജോ ജോർജ‌്Updated: Sunday May 19, 2019


കോഴിക്കോട‌്
കേരള പ്രീമിയർ ലീഗ‌് ഫുട‌്ബോൾ അഞ്ചാം പതിപ്പിൽ ഇന്ത്യൻ നേവിക്ക‌് കിരീടം. നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ‌്സിയെ സഡൻ ഡെത്തിൽ 6–-5ന‌് കീഴടക്കിയാണ‌് നേവി കന്നി കിരീടം ചൂടിയത‌്. നിശ‌്ചിത സമയത്ത‌് 1–-1 ആയിരുന്നു ഫലം. ഷൂട്ടൗട്ടിൽ  ഇരു ടീമുകളും അഞ്ചിൽ നാല‌് കിക്കുകൾ വീതം ലക്ഷ്യത്തിലെത്തിച്ചു. സഡെൻ ഡെത്തിൽ ഗോകുലത്തിന്റെ പി സമീലിന‌് പിഴച്ചു.

സഡൻ ഡെത്തിൽ ആദ്യ കിക്കെടുത്ത ഗോകുലത്തിന്റെ മായക്കണ്ണൻ പന്ത‌് വലയിലാക്കി. നേവിക്കായി പി എം ബ്രിട്ടോ ലക്ഷ്യം കണ്ടു. ഗോകുലത്തിന്റെ അടുത്ത ശ്രമം പാളി. സമീലിന്റെ കിക്ക‌് ബാറിന‌് മുകളിലൂടെ പുറത്തേക്ക‌്.  അടുത്ത  കിക്ക‌് ലക്ഷ്യത്തിലെത്തിയാൽ നേവി ചാമ്പ്യൻമാർ. കിക്കെടുക്കാനെത്തിയ അഭിഷേക‌് ജോഷിക്ക‌് പിഴച്ചില്ല. നേവി കിരീടത്തിൽ മുത്തമിട്ടു.

ഷൂട്ടൗട്ടിൽ ഗോകുലത്തിന്റെ താഹിർ സമാനും നേവിയുടെ റിയാദും കിക്ക് പാഴാക്കി. ഗോകുലത്തിനായി ഷിബിൽ മുഹമ്മദ്, ജി സഞ്ജു, ജസ്റ്റിൻ ജോർജ്,  ക്രിസ്ത്യൻ സബ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ നേവിക്കുവേണ്ടി ഹരികൃഷ്ണൻ, രമൺ റായ്, ഷാഹിർ, സുനിൽ കുമാർ നായ്ക് എന്നിവരും ഗോൾ നേടി. ഭേദപ്പെട്ട തുടക്കമാണ‌് ഗോകുലത്തിന‌് കിട്ടിയത‌്. നേവിയുടെ ശക്തമായ പ്രതിരോധം ഗോകുലത്തെ തടയുകയായിരുന്നു. ചാൾസ‌് ഫോളി നൽകിയ ക്രോസിന‌് ഷിഹാദ‌് തലവച്ചെങ്കിലും പന്ത‌് ബാറിന‌് തൊട്ടുമുകളിലൂടെ പോയി.

രണ്ടാംപകുതിയുടെ തുടക്കത്തിലും ഗോകുലത്തിന‌് ചില അവസരങ്ങൾ വീണുകിട്ടിയെങ്കിലും മുതലാക്കാൻ കഴിഞ്ഞില്ല.79–--ാം മിനിറ്റിൽ പി എം ബ്രിട്ടോ പെനൽറ്റിയിലൂടെ നേവിയെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റിനുള്ളിൽ ഗോകുലം ഒപ്പമെത്തി. ക്രിസ‌്റ്റ്യൻ സാബയെ വീഴ‌്ത്തിയതിന് പെനൽറ്റി. സാബ തന്നെ ഗോൾനേടി. അവസാന നിമിഷങ്ങളിൽ സമനില ഭേദിക്കാൻ ഇരു സംഘങ്ങൾക്കുമായില്ല. തുടർന്നായിരുന്നു ഷൂട്ടൗട്ട‌്.മികച്ച താരമായി ഗോകുലത്തിന്റെ സാബയെയും ഗോൾകീപ്പറായി നേവിയുടെ വി കെ വിഷ്ണുവിനെയും തെരഞ്ഞെടുത്തു.


പ്രധാന വാർത്തകൾ
 Top