26 June Wednesday

ബയേൺ നിറഞ്ഞാടി

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

ബെർലിൻ
അവസാനദിനം അത്ഭുതങ്ങൾക്ക‌് അവസരം നൽകാതെ ബയേൺ മ്യൂണിക‌് അലയൻസ‌് അരീനയിൽ നിറഞ്ഞാടി. ഐൻട്രാക്റ്റ‌് ഫ്രാങ്ക‌്ഫുർട്ടിനെ ഒന്നിനെതിരെ അഞ്ച‌് ഗോളിന‌് തകർത്ത‌് ബയേൺ ജർമൻ ലീഗിൽ തുടർച്ചയായ ഏഴാം തവണയും കിരീടമുയർത്തി. ബൊറൂസിയ മൊൺചെൻഗ്ലാദ‌്ബായെ രണ്ട‌് ഗോളിന‌് തോൽപ്പിച്ചെങ്കിലും ബൊറൂസിയ ഡോർട്ട‌്മുണ്ടിന‌് രണ്ടാംസ്ഥാനംകൊണ്ട‌് തൃപ‌്തിപ്പെടേണ്ടിവന്നു. അവസാനദിനം രണ്ട‌് പോയിന്റ‌് വ്യത്യാസമായിരുന്നു ബയേണും ഡോർട്ട‌്മുണ്ടും തമ്മിൽ.

സ്വന്തം തട്ടകത്തിൽ ഐൻട്രാക്ടിനെതിരെ ഇറങ്ങുമ്പോൾ സമനില മതിയായിരുന്നു ബയേണിന‌്. ഡോർട്ട‌്മുണ്ടിന‌് ബയേണിന്റെ തോൽവി മാത്രമേ കിരീടത്തിലേക്കുള്ള വഴി തുറക്കൂ.
കളി തുടങ്ങി നാലാം മിനിറ്റിൽത്തന്നെ ബയേൺ ഡോർട്ട‌്മുണ്ടിന്റെ സ്വപ‌്നത്തെ നുള്ളിയെറിഞ്ഞു. കിങ‌്സ‌്‌ലി കൊമാൻ ബയേണിനായി ഗോളടിച്ചു. രണ്ടാംപകുതിയിൽ ഹാളെറിലൂടെ ഐൻട്രാക‌്റ്റ‌് തിരിച്ചടിച്ചു. നിമിഷങ്ങൾക്കുള്ളിൽ ഡേവിഡ‌് അലാബ വീണ്ടും ബയേണിനെ മുന്നിലെത്തിച്ചു. പിന്നാലെ റെനാറ്റോ സാഞ്ചെസും ലക്ഷ്യംകണ്ട‌തേ‌ാടെ അലയൻസ‌് അരീനയിൽ കിരീട ആഘോഷത്തിന‌് തുടക്കമായി. ഈ സീസണോടെ ബയേൺ വിടുന്ന ഫ്രാങ്ക‌് റിബേറിയുടെയും ആര്യൻ റോബെന്റെയും ഊഴമായിരുന്നു പിന്നെ. റിബേറി മിന്നുന്ന ഗോളിലൂടെ മുദ്ര ചാർത്തി. തൊട്ടടുത്ത മിനിറ്റിൽ റോബെനും.

ഈ സീസണിൽ നിരാശപ്പെടുത്തുന്ന തുടക്കമായിരുന്നു ബയേണിന‌്. ഒരു ഘട്ടത്തിൽ ഡോർട്ട‌്മുണ്ടിനേക്കാൾ ഒമ്പത‌് പോയിന്റിന‌് പിന്നിലായിരുന്നു നിക്കോ കൊവാച്ചിന്റെ സംഘം. പിന്നെ ഗംഭീരമായി തിരിച്ചുവന്നു. കഴിഞ്ഞമാസം ഡോർട്ട‌്മുണ്ടിനെ നാല‌് ഗോളിന‌് തകർത്തതോടെ കിരീടപ്പോരിൽ ബയേൺ മുന്നിലെത്തി.
ഗ്ലാദ‌്ബായ‌്ക്കെതിരെ ഡോർട്ട‌്മുണ്ടിനായി ജെയ‌്ഡൻ സാഞ്ചോയും മാർകോ റ്യൂസും ഗോളടിച്ചു.
 


പ്രധാന വാർത്തകൾ
 Top