31 March Tuesday

ആ സുന്ദരനിമിഷത്തിന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020

ബെർലിൻ
കഴിഞ്ഞ രണ്ടുപതിറ്റാണ്ടിൽ കായികലോകത്ത്‌ പിറന്ന ഏറ്റവും സുന്ദരമായ നിമിഷം. സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റും അതിൽ തിളങ്ങി. സച്ചിനെ തോളേറ്റി സഹതാരങ്ങൾ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ വലംവച്ച ആ നിമിഷങ്ങൾ ചരിത്രമായി. കായികരംഗത്തെ ഓസ്‌കാർ എന്ന്‌ വിശേഷണമുള്ള ലോറിയസ്‌ അവാർഡ്‌ ആദ്യമായി ഇന്ത്യൻതാരം ഏറ്റുവാങ്ങി. ബെർലിനിൽ നടന്ന ചടങ്ങിൽ ടെന്നീസ്‌ ഇതിഹാസം ബോറിസ്‌ ബെക്കർ സച്ചിന്റെ പേര്‌ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റനായിരുന്ന സ്‌റ്റീവ്‌ വോയാണ്‌ സച്ചിന്‌ പുരസ്‌കാരം കൈമാറിയത്‌.

2011ലെ ഏകദിന ലോകകപ്പ്‌ ഇന്ത്യ നേടിയശേഷമുള്ള ആഘോഷ നിമിഷങ്ങളാണ്‌ ലോറിയസ്‌ പട്ടികയിൽ ഉൾപ്പെട്ടത്‌. കിരീടം നേടിയശേഷം സഹകളിക്കാർ സച്ചിനെ തോളേറ്റി. വാംഖഡെ സ്‌റ്റേഡിയത്തിൽ വലംവച്ചു. രണ്ടു പതിറ്റാണ്ടിനുമുകളിൽ ഇന്ത്യൻ ക്രിക്കറ്റിനെ തോളേറ്റിയ  പ്രതിഭയ്‌ക്കുള്ള ആദരമായിരുന്നു അത്‌. ഏറ്റവും മികച്ച കായികനിമിഷത്തിനുള്ള പുരസ്‌കാരപട്ടികയിൽ സച്ചിന്‌ എതിരുണ്ടായില്ല.

‘ഇത്‌ നമ്മുടേത്‌’
ബെർലിൻ
‘ഈ അവാർഡ്‌ എനിക്ക്‌ മാത്രമുള്ളതല്ല, നമ്മുടെ എല്ലാവരുടേയുമാണ്‌’–- ലോറിയസ്‌ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സച്ചിൻ ടെൻഡുൽക്കറുടെ വാക്കുകൾ ഇതായിരുന്നു.‘അനുപമമാണ്‌ ഈ നേട്ടം. ലോകകപ്പ്‌ നേടിയ സമയത്തെ വികാരം വാക്കുകൾക്കപ്പുറത്തായിരുന്നു. ഒരു രാജ്യം മുഴുവൻ അത്‌ ആഘോഷിക്കുകയായിരുന്നു. ഒരു കായികയിനം നമ്മുടെ ജീവിതത്തിൽ എത്രമാത്രം അത്ഭുതങ്ങളാണ്‌ സംഭവിപ്പിക്കുന്നത്‌. അതിന്റെ കരുത്ത്‌ എന്തെന്ന്‌ ഈ പുരസ്‌കാരം ഓർമിപ്പിക്കുന്നു–- സച്ചിൻ പറഞ്ഞു.

‘1983ലാണ്‌ എന്റെ യാത്ര ആരംഭിക്കുന്നത്‌. അന്ന്‌ 10 വയസ്സ്‌. ഇന്ത്യ ലോകകപ്പ്‌ ജയിച്ച നിമിഷം. ആളുകൾ ഇത്രയും ആഘോഷിക്കുന്നതിന്റെ കാരണം അന്നെനിക്കു മനസ്സിലായില്ല. ഞാനും അതിൽ പങ്കുചേർന്നു. പിന്നീട്‌ മനസ്സിലായി ആ ആഘോഷത്തിന്റെ ഉള്ളടക്കം. ഒരുനാൾ എനിക്കും അത്‌ അനുഭവിക്കണമെന്ന്‌ ആഗ്രഹിച്ചു. അത്‌ നേടി. ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം. 22 വർഷം ഞാൻ തേടിയ സ്വപ്‌നം. ഒരിക്കലും പ്രതീക്ഷ കൈവിട്ടിരുന്നില്ല’.


 

മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്‌ നെൽസൺ മണ്ടേലയെ സച്ചിൻ സംസാരത്തിൽ പരാമർശിച്ചു. പത്തൊമ്പതാം വയസ്സിലാണ്‌  സച്ചിൻ മണ്ടേലയെ കാണുന്നത്‌. ‘അദ്ദേഹത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ ഒരിക്കലും നേതൃപാടവത്തെ ബാധിച്ചിരുന്നില്ല. എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കാൻ കരുത്തുള്ളതാണ്‌ സ്‌പോർട്‌സ്‌ എന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു-’–- സച്ചിൻ വ്യക്തമാക്കി.

ആറ്‌ ലോകകപ്പിലാണ്‌ സച്ചിൻ കളിച്ചത്‌. അവസാന ലോകകപ്പിലായിരുന്നു കിരീടനേട്ടം. 2013ലാണ്‌ നാൽപ്പത്താറുകാരൻ വിരമിച്ചത്‌.


പ്രധാന വാർത്തകൾ
 Top