13 December Friday

കോപ അമേരിക്ക : ചിലി മിന്നി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

ജപ്പാനെതിരെ ഗോൾനേടിയ സാഞ്ചെസിന്റെ ആഹ്ലാദം. നിരാശയോടെ ജപ്പാൻ ഗോളി കെയ്‌സൂകെ ഒസാക


സാവോപോളോ
വിരുന്നുകാരായ ജപ്പാനെ നാല്‌ ഗോളിന്‌ കീഴടക്കി ചിലി കോപ അമേരിക്ക ഫുട‌്ബോൾ കിരീടം നിലനിർത്താനുള്ള പോരാട്ടം തുടങ്ങി. എഡ്വർഡ്വോ വാഗാസ‌് ഇരട്ടഗോളടിച്ചു. എറിക്‌ പഗറും അലക്‌സിസ്‌ സാഞ്ചെസും പട്ടിക പൂർത്തിയാക്കി. അഞ്ച്‌ മാസങ്ങൾക്ക്‌ ശേഷമാണ്‌ മാഞ്ചസ്റ്റർ യുണൈറ്റഡുകാരനായ സാഞ്ചെസ്‌ ഗോളടിക്കുന്നത്‌. നാല്‌ ഗോൾ ജയത്തോടെ ഗ്രൂപ്പ്‌ സിയിൽ ഉറുഗ്വേയെ പിന്നിലാക്കി ചിലി ഒന്നാമതെത്തി.

പുതിയ പരിശീലകൻ റെയ്‌നാൽദോ റുദയ്‌ക്ക്‌ കീഴിൽ ആദ്യ ടൂർണമെന്റിനിറങ്ങിയ ചിലി ജപ്പാനെതിരെ ഒന്നാന്തരമായി പന്ത്‌ തട്ടി. കഴിഞ്ഞ രണ്ട്‌ കോപയും പിടിച്ച ടീം ഹാട്രിക്‌ ലക്ഷ്യമിട്ടാണ്‌ ബ്രസീലിലെത്തിയിരിക്കുന്നത്‌. അടുത്ത വർഷം സ്വന്തം നാട്ടിൽ നടക്കുന്ന ഒളിമ്പിക്‌സ്‌ ലക്ഷ്യമിട്ട്‌ യുവനിരയുമായാണ്‌ ജപ്പാൻ ഇറങ്ങിയത്‌. ആദ്യ പകുതിയിൽ ചിലിയുടെ വെല്ലുവിളി ഏറേക്കുറേ അതിജീവിച്ച ഏഷ്യക്കാർക്ക്‌ രണ്ടാംപകുതി പിടിവിട്ടു. ഗോൾമുഖത്ത്‌ അവസരങ്ങൾ പാഴാക്കിയതും വിനയായി.

ഇടവേളയ്‌ക്ക്‌ പിരിയുന്നതിന്‌ തൊട്ടുമുമ്പായിരുന്നു ചിലിയുടെ ആദ്യഗോൾ. ഹെഡ്ഡറിലൂടെ പഗർ ലക്ഷ്യം കണ്ടു. രണ്ടാംപകുതി ചിലി കളി കാലിലാക്കി. വാഗാസ്‌ തൊടുത്ത പന്ത്‌ ജപ്പാൻ പ്രതിരോധക്കാരന്റെ കാലിൽ തട്ടിത്തെറിച്ച്‌ വലയിലായി.

രണ്ട്‌ ഗോളിന്‌ മുന്നിലെത്തിയതോടെ ചിലിയുടെ കളിക്ക്‌ മൂർച്ചകൂടി. ചാൾസ്‌ അരഗ്വിസ്‌ നൽകിയ ക്രോസിൽനിന്ന്‌ ഹെഡ്ഡറിലൂടെയാണ്‌ സാഞ്ചെസ്‌ ഗോളടിച്ചത്‌. ജനുവരിയിൽ അഴ്‌സണലിനെതിരെ യുണൈറ്റഡിനായാണ്‌ സാഞ്ചെസ്‌ അവസാനമായി ഗോളടിച്ചത്‌. മൂന്നാം ഗോളിന്റെ ഇരമ്പം മാറും മുമ്പേ വാഗാസ്‌ രണ്ടാമതും പന്ത്‌ പോസ്റ്റിലാക്കി.

വെള്ളിയാഴ്‌ച ഉറുഗ്വേയ്‌ക്കെതിരെയാണ്‌ ജപ്പാന്റെ അടുത്ത കളി. ചിലിക്ക്‌ ഇക്വഡോറാണ്‌ എതിരാളി.
 


പ്രധാന വാർത്തകൾ
 Top