22 April Monday

സത്യം ! ജർമനി തോറ്റു

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

മോസ്‌കോ > ആഞ്ഞടിച്ച മെക്‌സിക്കൻ തിരമാലകൾ ലോകചാമ്പ്യൻമാരെ കൊണ്ടുപോയി. മെക്‌സിക്കോ കളിക്കുകയായിരുന്നില്ല, വൻമരങ്ങളെ വേരോടെ പിഴുത ചുഴലിക്കാറ്റായി ആഞ്ഞുവീശുകയായിരുന്നു. പച്ചപ്പട്ടാളത്തിന്റെ ഓരോ കാലിലുമുണ്ടായിരുന്നു വെടിയുണ്ടകൾ. എന്തൊരു നിശ്ചയദാർഢ്യം!. എന്തൊരു ആത്മവിശ്വാസം!. എന്തൊരു സമർപ്പണം!. പേരുകേട്ടാൽ വിറതോന്നുന്ന എതിരാളിക്കെതിരെ മൂന്നു പൂർണ മുന്നേറ്റക്കാരെ അണിനിരത്തി പടയ്ക്കിറങ്ങിയതിൽത്തന്നെ വടക്കെ അമേരിക്കക്കാരുടെ ആത്മവീര്യത്തിന്റെ പ്രഖ്യാപനമുണ്ടായിരുന്നു. ആദ്യപകുതിയിൽ ഹിർവിങ് ലൊസാനോ നേടിയ ഗോളിൽ മെക്‌സികോ ലോകകപ്പിലെ ഏറ്റവും മധുരമുള്ള ജയം കുറിച്ചു. ജർമനിക്കെതിരെ മൂന്നു ദശാബ്ദത്തിനിടെ രാജ്യം കുറിക്കുന്ന ആദ്യ ജയമാണിത്.
എണ്ണയിട്ട യന്ത്രംപോലെയെന്നു പേരുകേട്ട  ജർമൻ ശൈലിയുടെ ഉരുക്കുമുഷ്ടികൾ  ഇടിച്ചുനിരത്തി മെക്‌സികോ കാര്യങ്ങൾ നിയന്ത്രിച്ചു. ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം ഒന്നിച്ചെടുത്തു പ്രയോഗിച്ച മെക്‌സികോയുടെ അപ്രതീക്ഷിത നീക്കം ജർമൻപടയുടെ നെഞ്ചകം പിളർന്നു. മറുതന്ത്രം കാണാനാകാതെ ജർമൻ ആചാര്യൻ ജോക്വിം ലോ വിറങ്ങലിച്ചുനിന്നു.

ആദ്യ മിനിറ്റിൽത്തന്നെ രണ്ടുവട്ടം ജർമൻ ഗോൾമുഖം വിറപ്പിച്ചു തുടങ്ങിയ മെക്‌സികോ ആക്രമിക്കാനുറച്ചുതന്നെയാണ് വന്നത്. 4‐3‐3 ശൈലിയിൽ ടീമിനെ വിന്യസിച്ച പരിശീലകൻ യുവാൻ കാർലോസ് ഒസാറിയോയുടെ മനസ്സിലിരുപ്പ് വ്യക്തമായിരുന്നു. അതിസാഹസമെന്നു തോന്നിച്ച തീരുമാനത്തിന്റെ ലക്ഷ്യം കളിക്കാർ മുഴുവൻ ശൗര്യത്തോടെയും നടപ്പാക്കി. ജാവിയർ ഹെർണാണ്ടസും കാർലോസ് വേലയും പുതുമുഖതാരം ലൊസാനയും നിറഞ്ഞാടി. പന്തു കിട്ടിയപ്പോഴെല്ലാം ജർമൻ പകുതിയിലേക്ക് അസ്ത്രവേഗത്തിൽ കയറിവന്ന മെക്‌സിക്കൻ ത്രിമൂർത്തികളെ തടയാനാകാതെ പുകൾപെറ്റ ജർമൻ പ്രതിരോധം വിളറിനിന്നു. ലൊസാനയുടെ അതിവേഗം പ്രായംകൂടിയ ഹുമ്മൽസിനും ബോട്ടങ്ങിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

മെസ്യൂട്ട് ഓസിൽ, ടോണി ക്രൂസ്, സാമി ഖദീര, ജുലിയൻ ഡ്രാക്‌സലർ എന്നിവരടങ്ങുന്ന ലോകത്തെ ഏറ്റവും മികച്ച മധ്യനിര പന്തുകിട്ടാതെ അലയുന്ന കാഴ്ച ആദ്യപകുതിയിലെ ജർമൻദൈന്യതയുടെ നേർച്ചിത്രമായി. മെക്‌സികോയുടെ പരിചയസമ്പന്നരായ ഹെക്ടർ ഹെരേരയും മിഗ്വൽ ലയുനും ഗ്വദ്രാദോയും മധ്യനിര ഭരിച്ചു. പോസ്റ്റിൽ തട്ടിത്തെറിച്ച ടോണി ക്രൂസിന്റെ ഫ്രീകിക്കിനു മുന്നിൽപ്പോലും വിറയ്ക്കാതെ ഗോൾവല കാത്ത ഗ്വില്ലർമോ ഒച്ചാവോയുടെ ആത്മവിശ്വാസം കൂട്ടുകാർക്ക് കൂടുതൽ ആവേശം പകർന്നു.

ജർമൻ പ്രതിരോധത്തിന്റെ മധ്യഭാഗം പലപ്പോഴും തുറന്നിട്ട ഇടനാഴിപോലെയായിരുന്നു. പലപ്പോഴും കയറിക്കളിച്ച വിങ്ബാക്ക് ജോഷ്വ കിമ്മിച് ഇടതുപാർശ്വം ഒഴിച്ചിട്ടത് മെക്‌സികോയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഹെരേരയും ലയുനും നൽകിയ ത്രൂബോളുകളും ഡയഗണൽ പാസുകളും പിടിച്ചെടുത്ത് ഹെർണാണ്ടസും ലൊസാനോയും വേലയും തലങ്ങും വിലങ്ങും ഓടിക്കയറി. ആദ്യപകുതിയിൽ എതിരാളിയെ ഒന്നു പരീക്ഷിക്കാൻ പോലുമാകാതെ ജർമനി വിശ്രമത്തിനു കയറി.
രണ്ടാം പകുതിയിലും കാര്യങ്ങൾ മെക്‌സികോ തീരുമാനിച്ചു. ലീഡ് നേടിയ സ്ഥിതിക്ക് ഇനി പ്രതിരോധമാണ് വിജയത്തിലേക്കുള്ള വഴിയെന്ന് അവർ തിരിച്ചറിഞ്ഞു. പ്രതിരോധത്തിൽ ആളെ കൂട്ടി.

പരിചയസമ്പന്നനായ മുൻ നായകൻ റിക്കാർഡോ കർവാലോയെകൂടി പ്രതിരോധം കാക്കാനിറക്കി. മധ്യനിരയിൽനിന്നു ഗ്വദ്രാദോയെ പിൻവലിച്ചായിരുന്നു ഈ നീക്കം. അവസാന 10 മിനിറ്റ് ജർമനിയൊന്നാകെ മെക്‌സിക്കൻ ബോക്‌സിൽ തമ്പടിച്ചു. ഓരോ മിനിറ്റിലും അവർ മെക്‌സിക്കൻ ഗോൾമുഖത്തേക്ക് ലക്ഷ്യംവെച്ചു പന്തുതട്ടി. എന്നാൽ, പ്രതിരോധവും വഴങ്ങുമെന്ന് ഈ ലോകകപ്പിലെ അത്ഭുത ടീമായി മാറിയ മെക്‌സികോ തെളിയിച്ചു.      ഒരേ മനസ്സായി ഒന്നിച്ചണിനിരന്ന മെക്‌സിക്കൻ പടയാളികൾക്കു മുന്നിലും ഗോളി ഒച്ചാവോയുടെ മുന്നിലും പ്രതാപികളായ ജർമൻ സേന മുട്ടുമടക്കി.

പ്രധാന വാർത്തകൾ
 Top