26 August Monday

പേസിൽ പിടിക്കുമോ ദക്ഷിണാഫ്രിക്ക ?

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019

കഗീസോ റബാദ


കേപ‌്ടൗൺ
കൃത്യതയും മൂർച്ചയുമുള്ള പന്തുകളിലാണ്‌ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ്‌ പ്രതീക്ഷകൾ. ഇരുപത്തിമൂന്നുകാരൻ കഗീസോ റബാദയും മുപ്പത്തഞ്ചുകാരൻ ഡെയ്‌ൽ സ്‌റ്റെയ്‌നും ഒത്തുചേരുന്ന പേസ്‌ സംഘത്തിൽ മുഴുവൻ വജ്രായുധങ്ങളാണ്‌. ആൻഡ്‌ലി ഫെഹ‌്ളുക്വായോ, ലുൻഗി എൻഗിഡി എന്നിവരും അണിനിരക്കുന്ന പേസ‌് നിര ഇംഗ്ലണ്ടിൽ എതിർ ബാറ്റ്‌സ്‌മാൻമാരെ നിലയുറപ്പിക്കാൻ സമ്മതിക്കില്ല.

ഇതുവരെ കിരീടം നേടാനായിട്ടില്ല ദക്ഷിണാഫ്രിക്കയ‌്ക്ക‌്. മികച്ച കളിക്കാരുണ്ടെങ്കിലും നിർണായക ഘട്ടത്തിൽ കളി മറക്കും. നിർഭാഗ്യവും ചിലപ്പോൾ വഴിമുടക്കി. 1992 ഓസ്‌ട്രേലിയ‐ന്യൂസിലൻഡ്‌ ലോകകപ്പിലാണ്‌ ദക്ഷിണാഫ്രിക്ക അരങ്ങേറിയത‌്. ഏഴ്‌ ലോകകപ്പുകളിൽ നാലിലും സെമിഫൈനലിലെത്തി. ഇതേവരേ ഫൈനലിൽ ഇടംനേടാൻ ടീമിനായിട്ടില്ല.

സന്തുലിതമാണ്‌ നിലവിലെ ദക്ഷിണ‌ാഫ്രിക്കൻ സംഘം. ഹാഷിം അംല, ക്വിന്റൺ ഡി കോക്ക്‌, ജെ പി ഡുമിനി, ഇമ്രാൻ താഹിർ, ഡേവിഡ്‌ മില്ലർ, സ്‌റ്റെയ്‌ൻ എന്നിവർ ലോകക്രിക്കറ്റിൽ നേട്ടമുണ്ടാക്കിയവരാണ‌്. ഫാഫ‌് ഡു പ്ലെസിസ‌് എന്ന ക്യാപ‌്റ്റനുകീഴിൽ ദക്ഷിണാഫ്രിക്ക ഉയരങ്ങളിലെത്തി.

ബാറ്റിങ്ങിൽ ഡി കോക്കാണ്‌ തുറുപ്പുചീട്ട്‌. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ ജേതാക്കളാക്കുന്നതിൽ നിർണായകമായത്‌ ഇടംകൈയൻ ഓപ്പണറുടെ പ്രകടനമാണ‌്.16 കളികളിൽനിന്ന്‌ 529 റണ്ണാണ്‌ വിക്കറ്റ്‌ കീപ്പർ നേടിയത്‌. ഡു പ്ലെസിസും മില്ലറും ഡുമിനിയും മധ്യനിരയിൽ കരുത്താകും. പരിക്കേറ്റ്‌ പുറത്തുപോയ ബൗളർ ആൻറിച്ച്‌ നോർതിയെക്ക‌് പകരമെത്തിയ ഓൾറൗണ്ടർ ക്രിസ്‌ മോറിസ്‌ ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന്‌ ഗുണം ചെയ്യും. റബാദയും സ്‌റ്റെയ്‌നും പന്തെറിഞ്ഞു തുടങ്ങും. ഐപിഎലിനിടെ പരിക്കേറ്റ ഇരുവരും പൂർണമായും ശാരീരികക്ഷമത വീണ്ടെടുത്തുകഴിഞ്ഞു. ഐപിഎലിലെ വിക്കറ്റ്‌ വേട്ടക്കാരിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയത്‌ ദക്ഷിണാഫ്രിക്കൻ താരങ്ങളാണ്‌. താഹിർ 26ഉം റബാദ 25ഉം വിക്കറ്റ്‌ സ്വന്തമാക്കി. സാഹചര്യങ്ങൾക്കനുസരിച്ച്‌ പന്തെറിയാൻ മിടുക്കനാണ്‌ റബാദ. വേഗത്തിനൊപ്പം കൃത്യതയും. 40 തികഞ്ഞ താഹിറാകട്ടെ നിലവിൽ ലോകക്രിക്കറ്റിലെ മികച്ച സ്‌പിന്നറാണ്‌.  30ന്‌ ഉദ‌്ഘാടനമത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക കളിക്കും.
 


പ്രധാന വാർത്തകൾ
 Top